കുച്ച്ബിഹാര്‍ മുതല്‍ മാണ്ഡില വരെ; വെല്ലുവിളി നക്‌സല്‍ മേഖലതന്നെ- രാജുനാരായണ സ്വാമി പറയുന്നു

തിരുവനന്തപുരം: തീച്ചൂളയില്‍പ്പെട്ടതുപോലെയാണ് സിവില്‍ സര്‍വീസ് കാലത്ത് ഡോ.രാജുനാരായണ സ്വാമിനേരിട്ട അനുഭവങ്ങള്‍. അതുകൊണ്ടുതന്നെ എവിടുന്നുമുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാനും നേരിടാനും ആ അനുഭവങ്ങളുടെ കരുത്തുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകനായി ഓരോ സംസ്ഥാനത്ത് എത്തുമ്പോഴും പഠിച്ച പാഠങ്ങള്‍ പ്രതിസന്ധികളെ നേരിടാന്‍ രാജുനാരായണ സ്വാമിയ്ക്ക് കരുത്ത് നല്‍കിയിട്ടുണ്ട്.
വനമേഖലയോടു ചേര്‍ന്നതും നക്‌സല്‍ സാന്നിധ്യമുള്ളതുമായ മണ്ഡലങ്ങളിലും തീരേപാവപ്പെട്ടവര്‍ മാത്രമുള്ള ആദിവാസിമേഖലകളിലും തിരഞ്ഞെടുപ്പ് കുറ്റമറ്റതായി നടത്തുക ചെറിയ കാര്യമല്ല. എങ്ങിനെ വേണമെങ്കിലും വോട്ടെടുപ്പ് നടത്താം. പക്ഷേ പോളിങ് ശതമാനം ഉയര്‍ത്തുന്നതിലും കുഴപ്പങ്ങളില്ലാതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിലുമാണ് വിജയമെന്നു ഈ നിരീക്ഷകന്‍ പറയുന്നു. ഒത്തുതീര്‍പ്പുകള്‍ക്കും രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ, 17 സംസ്ഥാനങ്ങളിലെ 38 തിരഞ്ഞെടുപ്പുകളില്‍ (ലോക്‌സഭയും നിയമസഭയും ചേര്‍ത്ത്) നിരീക്ഷകനായിരുന്ന സ്വാമി പറയും- 'കൂടുതല്‍ പ്രതിസന്ധിയും വെല്ലുവിളിയും നേരിട്ടത് നക്‌സലൈറ്റുകളുടെ സാന്നിധ്യമുള്ളിടങ്ങളില്‍നിന്നാണ്. അതൊക്കെ തരണം ചെയ്തിട്ടുമുണ്ട്.'
പശ്ചിമ ബംഗാളിലെ കുച്ച്ബിഹാര്‍ മണ്ഡലത്തില്‍ തുടങ്ങിയതാണ് നിരീക്ഷകന്റെ ജോലി. ഇത്തവണ മധ്യപ്രദശിലെ മാണ്ഡില ലോക്‌സഭാ മണ്ഡലത്തില്‍. രണ്ടുജില്ലകള്‍ പൂര്‍ണമായും രണ്ടുജില്ലകള്‍ ഭാഗികയമായും ചേര്‍ന്ന മാണ്ഡില എന്ന വലിയ മണ്ഡലത്തിലെ ഏക നിരീക്ഷകന്‍. ആദിവാസി മേഖല, പോരാത്തതിന് നക്‌സലൈറ്റുകളുടെ പ്രദേശങ്ങളോട് അടുപ്പമുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെട്ട മണ്ഡലവും. 55 പോളിങ് സ്‌റ്റേഷനുകള്‍ നക്‌സല്‍ബാധിത പ്രദേശങ്ങളിലാണെന്നറിയുമ്പോള്‍ ആശങ്കയുടെ തീവ്രത അളക്കാനാകും.
ഓരോ തിരഞ്ഞെടുപ്പും പുതുമനിറഞ്ഞതാണ് രാജുനാരായണസ്വാമിയ്ക്ക്. ഒരിക്കല്‍, രാജസ്ഥാനിലെ ജലോറില്‍ ഒരുപഞ്ചായത്തിലെ മുഴുവന്‍പേരും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നായിരുന്നു ഭീഷണി. കുടിവെള്ളം ഇല്ലാത്തതിന്റെ പേരിലായിരുന്നു ബഹിഷ്‌കരണം. നാട്ടുകാരെ അനുനയിപ്പിച്ച് ബൂത്തിലെത്തിക്കുകയെന്നത് എത്ര എളുപ്പമായിരുന്നില്ല. പ്രാദേശികമായിക്കിട്ടിയ സഹായത്താല്‍ അതിലും ലക്ഷ്യംകണ്ടു.
ബംഗാളിലും ത്രിപുരയിലും അമിതമായ രാഷ്ട്രീയമായിരുന്നു പ്രശ്‌നം. ഝാര്‍ഖണ്ടിലെ ഗിരിഡി മണ്ഡലത്തില്‍ എത്തുമ്പോള്‍ ഒരു പ്രദേശത്ത് ആരും വോട്ടുചെയ്യാന്‍ തയ്യാറായിരുന്നില്ല. മലയുടെ അപ്പുറത്ത് നക്‌സലൈറ്റുകളുടെ താവളത്തിനടുത്തുള്ള ബൂത്തിലേയ്ക്കുപോകാന്‍ എല്ലാവര്‍ക്കും ഭയം. ബൂത്ത് അവിടുന്നുമാറ്റി മലയ്ക്കിപ്പുറമാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയശേഷം പോളിങ് സ്‌റ്റേഷന്‍ മാറ്റുന്നത് എളുപ്പമല്ല. എന്നാല്‍ സ്വാമിയുടെ പ്രത്യേക അഭ്യര്‍ഥന കണക്കിലെടുത്ത് ബൂത്ത് മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി. മുമ്പ് പൂജ്യമായിരുന്ന പോളിങ് ശതമാനം 98-ലെത്തിച്ചപ്പോള്‍ സന്തോഷം തോന്നി.
തെലങ്കാനയില്‍ ഒരിക്കല്‍ ഒരുസ്ഥാനാര്‍ഥി എഴുപതിനായിരം വോട്ടിനു ജയിച്ചു. എന്നാല്‍ ഒരുലക്ഷം വോട്ടുകിട്ടേണ്ടതാണെന്നും വീണ്ടും വോട്ടെണ്ണണം എന്നാവശ്യപ്പെട്ടതുപോലുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അവിടൊക്കെ തന്ത്രപൂര്‍വ സമീപനമാണ് ആവശ്യം. വലിയ സംസ്ഥാനങ്ങളില്‍ നിയമിക്കുന്ന ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറായി ഉത്തര്‍പ്രദേശിലും പ്രവര്‍ത്തിച്ചു.
'ഓരോ തിരഞ്ഞെടുപ്പും ഇന്ത്യയുടെ ആത്മാവിനെ കണ്ടറിയാനുള്ള യാത്രകളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അറിയാനുള്ള യാത്ര. പലപ്പോഴും ടി.എന്‍.ശേഷന്‍ എന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു മാര്‍ഗദര്‍ശി'-മാണ്ഡിലയിലിരുന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നിരീക്ഷകനായുള്ള യാത്രകളില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. തിരഞ്ഞെടുപ്പ് ജോലിക്കിടെ മരിച്ചാല്‍ 15 ലക്ഷം രൂപ കുടുംബത്തിന് നല്‍കും. അത് ലഭ്യമാക്കി. ജീവനക്കാരന്റെ മകന് ആശ്രിതനിയമനത്തിന് ശുപാര്‍ശ ചെയ്തു-നാരായണസ്വാമി പറഞ്ഞു.
തിരഞ്ഞെടുപ്പുകാലത്തെ യാത്രാനുഭവങ്ങള്‍ ഉള്‍പ്പെടുത്തി 'കുച്ച്ബിഹാര്‍ മുതല്‍ കൂല്‍ത്താലി' വരെ എന്ന യാത്രാവിവരണം പ്രസിദ്ധീകിരിച്ചിട്ടണ്ട് രാജു നാരായണ സ്വാമി. 'ബുന്ദേല്‍ഖണ്ഡുമുതല്‍ ഝാര്‍ഖണ്ഡുവരെ; ഞാന്‍ കണ്ട ഇന്ത്യ-ഒരു നിരീക്ഷകന്റെ ഡയറിക്കുറിപ്പുകള്‍' എന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും.
Content Highlights: Dr Raju Narayana Swamy election memories