മോഹിപ്പിച്ച് വോട്ടുനേടൽ അജൻഡയിലില്ല, NDA സര്‍ക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കും- അബ്ദുൾസലാം

മലപ്പുറത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍ സലാം തിരൂരിലെ ചായക്കടയില്‍
മലപ്പുറത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍ സലാം തിരൂരിലെ ചായക്കടയില്‍

ലപ്പുറത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍ സലാം മനസ്സുതുറക്കുന്നു

2021 ല്‍ തിരൂരില്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു. ഇപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍?

തിരൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച അനുഭവംവെച്ച് പ്രചാരണരംഗത്ത് ഏറെ മുന്നേറാനും വിജയത്തിലെത്താനും കഴിയുമെന്ന് ശുഭപ്രതീക്ഷയുണ്ട്. കാലിക്കറ്റ് സര്‍വകലാശാല വി.സി.യായപ്പോഴുള്ള സുഹൃദ് വലയവും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയെ ലോകോത്തര നിലവാരത്തിലാക്കി മാറ്റിയതും സഹായകരമാവും.

മലപ്പുറത്ത് മുസ്ലിംലീഗ് കോട്ട തകര്‍ക്കാമെന്ന ആത്മവിശ്വാസമുണ്ടോ?

പൂര്‍ണപ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ലീഗ് കോട്ട തകര്‍ക്കല്‍ മാത്രമല്ല ഉദ്ദേശ്യം. മലപ്പുറത്തെ മനുഷ്യരുടെ മനസ്സിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍പഠിച്ച് പരിഹരിക്കുകയും എന്‍.ഡി.എ. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവരിലേക്കെത്തിക്കുകയുംചെയ്യും.

ബി.ജെ.പി. ന്യൂനപക്ഷ വിഭാഗത്തിനെതിരാണെന്ന വാദത്തോടു യോജിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് ഞാന്‍ സ്വയം ബി.ജെ.പി.യിലെത്തിയത്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ആദ്യസ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയപ്പോള്‍ 195 സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ എന്റെ പേര് വന്നതുതന്നെ ന്യൂനപക്ഷ വിഭാഗത്തിനുള്ള വലിയ അംഗീകാരമാണ്.

വോട്ടര്‍മാര്‍ക്കു നല്‍കുന്ന പ്രധാന വാഗ്ദാനങ്ങള്‍ എന്തെല്ലാമാണ്?

മോഹിപ്പിച്ച് വോട്ടുനേടല്‍ എന്റെ അജന്‍ഡയിലില്ല. ജയിച്ചാലും തോറ്റാലും ജനങ്ങള്‍ക്കു വേണ്ടി നന്മ ചെയ്യും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് മുഖ്യപരിഗണന നല്‍കും. ദേശീയ പ്രവാസി വെല്‍െഫയര്‍ മിഷന്‍ എന്ന പദ്ധതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയുടെ വിദ്യാഭ്യാസ ഉന്നതിക്കായി അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കും. ഐ.ടി. അടിസ്ഥാനമായ വ്യവസായസംരംഭങ്ങള്‍ തുടങ്ങും.


 

Content Highlights: malappuram loksabha bjp nda candidate dr v abdul salam talks about election