മുസ്‌ലിം ലീഗിന് എന്‍.ഡി.എ.യില്‍ ചേരാന്‍ പറ്റിയ സമയം- ഡോ. എം. അബ്ദുള്‍സലാം

Photo Courtesy: facebook.com/bjp4malappuram
Photo Courtesy: facebook.com/bjp4malappuram

മലപ്പുറം: മുസ്ലിംലീഗിന് എന്‍.ഡി.എ. മുന്നണിയില്‍ ചേരാന്‍ പറ്റിയ സമയമാണിതെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയും കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വി.സി.യുമായ ഡോ. എം. അബ്ദുള്‍സലാം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ പല വിഷയങ്ങളിലും പാണക്കാട് തങ്ങളുടെ കൂടെയാണ്. ബാബറി മസ്ജിദ് തകര്‍ത്തസമയത്ത് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ അന്നത്തെ തങ്ങള്‍ എടുത്ത നിലപാട് അഭിനന്ദനാര്‍ഹമാണ്. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന്റെ സമയത്ത് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത് മുസ്ലിങ്ങളെ ഇനിയും രാമക്ഷേത്രവിഷയത്തില്‍ കെട്ടിയിടരുത് എന്നുതന്നെയാണ്. തന്നെ വി.സി.യാക്കിയതില്‍ മുസ്ലിംലീഗിനോട് നന്ദിയുണ്ട്. എന്നാല്‍ ബി.ജെ.പി.യെ ഇപ്പോഴും ഒരു മുസ്ലിംവിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്തുന്നത് ശരിയല്ലെന്നും ഡോ. അബ്ദുസലാം പറഞ്ഞു.

അഞ്ചുകോടി മുസ്ലിങ്ങളുള്ള ഉത്തര്‍പ്രദേശില്‍ അവര്‍ സംതൃപ്തരാണ്. പതിമൂന്നിലേറെ അന്തര്‍ദേശീയ ബഹുമതികള്‍ മോദിക്ക് ലഭിച്ചതില്‍ ഏഴെണ്ണവും മുസ്ലിം രാജ്യങ്ങളില്‍നിന്നാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയതല്ല, ഇരട്ടിപ്പുവരാതിരിക്കാന്‍ പേരുമാറ്റി പുതിയത് കൊണ്ടുവരുന്നതാണ്.

ബി.ജെ.പിക്കെതിരേ നുണക്കഥകള്‍ ഉണ്ടാക്കുകയാണ് ഒരുകൂട്ടം രാഷ്ട്രീയക്കാര്‍. മലപ്പുറത്തിന്റെ സമഗ്രവികസനത്തിനായി തനിക്ക് പ്രത്യേക പദ്ധതിതന്നെയുണ്ടെന്നും അബ്ദുസലാം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, ദേശീയസമിതിയംഗം സി. വാസുദേവന്‍, സംസ്ഥാനസമിതിയംഗം കെ. രാമചന്ദ്രന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സത്താര്‍ ഹാജി, എം. പ്രേമന്‍ എന്നിവരും പങ്കെടുത്തു.

Content Highlights: nda candidate dr m abdul salam press meet