'ആരു ജയിച്ചാലും മലപ്പുറം മാറണം'

മുഹമ്മദ് റാഷിദ്, അക്ബർ മീനായി, രാജഗോപാൽ, പി.സി. ഷബീർ, അബ്ദുൽകരീം, റിയാസ് പാലാഴി എന്നിവർ വോട്ടുവർത്തമാനത്തിൽ
മുഹമ്മദ് റാഷിദ്, അക്ബർ മീനായി, രാജഗോപാൽ, പി.സി. ഷബീർ, അബ്ദുൽകരീം, റിയാസ് പാലാഴി എന്നിവർ വോട്ടുവർത്തമാനത്തിൽ

പ്രചാരണത്തിനു ചൂടേറുമ്പോഴും എല്ലാം വിലയിരുത്തുന്നുണ്ട് വോട്ടര്‍മാര്‍. തൊഴിലിടങ്ങളിലും അവരുടെ കൂട്ടായ്മയിലുമൊക്കെ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുന്നു. അവിടെയെല്ലാം കാണാം വോട്ടിന്റെ ഓളങ്ങള്‍. മാതൃഭൂമി ലേഖകന്‍ എ. അലവിക്കുട്ടിയും ഫോട്ടോഗ്രാഫര്‍ കെ.ബി. സതീഷ് കുമാറും മഞ്ചേരി കിഴക്കേത്തല മാടങ്കോട് കോളനിയിലെ ഓട്ടോ ഡ്രൈവര്‍മാരുയി സംസാരിച്ചപ്പോള്‍...

പൊള്ളുന്ന വേനലിനൊപ്പം തിരഞ്ഞെടുപ്പ് പോര്‍മുഖങ്ങള്‍കൂടി തുറന്നതോടെ നാടിനും നഗരങ്ങള്‍ക്കും ഇപ്പോള്‍ ഇരട്ടച്ചൂടാണ്. നാലാള്‍ കൂടുന്ന ഇടങ്ങളിലെല്ലാം വോട്ടാണ് ചര്‍ച്ച. നാട്ടിന്‍പുറത്തെ 'വോട്ടോളം' തേടി മഞ്ചേരി കിഴക്കേത്തല മാടങ്കോട് കോളനിയിലെത്തിയപ്പോള്‍ നട്ടുച്ചനേരമായിരുന്നു.

അവിടെ മരത്തണലില്‍ വണ്ടിയൊതുക്കി സൊറപറയുകയായിരുന്നു ഒരുകൂട്ടം ഓട്ടോക്കാര്‍. ഗതാഗതക്കുരുക്കും റോഡ് തകര്‍ച്ചയും കാരണം ഞങ്ങളുടെ നടുവൊടിഞ്ഞു സാറേ... ട്രാഫിക് സിഗ്‌നല്‍ കണ്ണടച്ചിട്ട് മാസങ്ങളായി, ഓട്ടോ പാര്‍ക്കിങ്ങിനാണെങ്കില്‍ ഇടവുമില്ല.. ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ. മുതിര്‍ന്ന ഡ്രൈവര്‍ രാജഗോപാലന്‍ പരാതിക്കെട്ടഴിച്ചു.

തിരഞ്ഞെടുപ്പില്‍ കോണി ചിഹ്നം കണ്ടാല്‍ പിന്നെ ഒന്നും നോക്കാതെ വോട്ടുകുത്തുന്ന ജനങ്ങളല്ലേ... ഇവിടെ ഇതല്ല, ഇതിനപ്പുറവും നടക്കും -അബ്ദുല്‍കരീം ചര്‍ച്ച മെല്ലെ തിരഞ്ഞെടുപ്പിലേക്ക് വഴിതിരിച്ചുവിട്ടു. മലപ്പുറം മണ്ഡലം രൂപവത്കരിച്ചതുമുതല്‍ മുസ്ലിം ലീഗ് പ്രതിനിധികളാണ് പാര്‍ലമെന്റിലേക്കു പോകുന്നത്. കഴിഞ്ഞതവണ ഡല്‍ഹിയിലേക്കു വണ്ടികയറിയ സമദാനിയെ പിന്നെ മണ്ഡലത്തില്‍ എവിടെയും കണ്ടിട്ടേയില്ല. സംഘ്പരിവാറിനെതിരേ യുദ്ധംചെയ്യാനെന്നപേരില്‍ ഒരോരുത്തരെ ജനം ജയിപ്പിച്ചുവിടും. ന്യൂനപക്ഷ വിഷയങ്ങള്‍ വരുമ്പോള്‍ അവരെ പാര്‍ലമെന്റില്‍ കാണുകയുമില്ല. ഫാസിസത്തെ പ്രതിരോധിക്കാന്‍ വസീഫിനെപ്പോലുള്ള ഇടതു യുവരക്തങ്ങള്‍ സഭയില്‍ വരണം -കരീം തുറന്നടിച്ചു.

അങ്ങനെയങ്ങു പറഞ്ഞുപോകല്ലേ കരീമേ...സി.എ.എ.-എന്‍.ആര്‍.സി. വിഷയങ്ങള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പാര്‍ലമെന്റില്‍ പോരാടിയത് പിന്നെയാരാണ്? ഞങ്ങളുടെ സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്ബഷീര്‍ അല്ലാതെ. ഇ.ടി. ഇത്തവണ മലപ്പുറത്തുനിന്ന് വന്‍ ഭൂരിപക്ഷത്തിനു വിജയിക്കും, നോക്കിക്കോ. ഫാസിസത്തെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് കരുത്തില്ലെന്നും റിയാസ് തിരിച്ചടിച്ചു. റാഷിദ് ചെറുവണ്ണൂരും ഇതിനെ പിന്തുണച്ചു.

എത്രവലിയ പോരാളിയാണെങ്കിലും ഇ.ടി.യെപ്പോലെയുള്ളവര്‍ ഇനിയെങ്കിലും പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് മത്സരിക്കാന്‍ വഴിമാറിക്കൊടുക്കണമെന്നായിരുന്നു ഇടയില്‍ക്കയറി പി.സി. ഷബീറിന്റെ കമന്റ്. വസീഫ് യുവാവാണെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള പ്രാപ്തിയില്ല. ഇടതുപക്ഷത്തിന് ഊര്‍ജമുള്ള സ്ഥാനാര്‍ഥികളില്ലാത്തതിനാലാണ് ജനങ്ങള്‍ വീണ്ടും ലീഗ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതെന്ന കാര്യവും ഷബീര്‍ ഓര്‍മിപ്പിച്ചു. ആരു മത്സരിച്ചാലും ഇ.ടി.യല്ലാതെ ഇവിടെ ജയിക്കില്ലെന്നായിരുന്നു അക്ബര്‍ മീനായിയുടെ അഭിപ്രായം. പഴയ മഞ്ചേരി ആവര്‍ത്തിക്കുമെന്ന ഇടതുപ്രചാരണം ഫലിക്കില്ല. ആരുവന്നാലും ജില്ലയിലെ പ്രധാന നഗരമായ മഞ്ചേരിയില്‍ മാറ്റംകൊണ്ടുവരണമെന്ന അഭ്യര്‍ഥനയാണ് ഇദ്ദേഹം മുന്നോട്ടുവെച്ചത്.

ഇടത്-വലത് മുന്നണികളില്‍പ്പെട്ട ആരെ തിരഞ്ഞെടുത്തിട്ടും ഒരു കാര്യവുമില്ലെന്നതായിരുന്നു രാജഗോപാലന്‍ പള്ളിപ്രത്തിന്റെ അഭിപ്രായം. പഴയകാലത്ത് പാര്‍ലമെന്റ് ഇലക്ഷന്‍ വരുമ്പോള്‍ മാത്രം കേരളത്തിലേക്കു വരുന്നവരായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ടും ബനാത്ത്വാലയും. എന്നിട്ടും അവര്‍ ജയിച്ചുപോകും. ഇപ്പോഴുള്ളവരും വ്യത്യസ്തരല്ല. ഇവരാരും നാടിന്റെ വികസനത്തിനായി ഒന്നുംചെയ്തിട്ടില്ല. മോദിയെ എതിര്‍ക്കുന്ന മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേന്ദ്രഫണ്ട് എത്തിയത്. വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാറില്ല. ഡോ. അബ്ദുള്‍സലാം എന്‍.ഡി.എയുടെ മികച്ച സ്ഥാനാര്‍ഥിയാണെന്നും മലപ്പുറത്തിന് വൈകാതെ മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു.

കൊണ്ടും കൊടുത്തുമുള്ള പോര്‍വിളികള്‍ അവസാനിപ്പിച്ച് പരസ്പരം കൈകൊടുത്തു പിരിയുമ്പോള്‍ എല്ലാവരും ഒന്നിച്ചുപറഞ്ഞ ഒരു വാക്കുണ്ട്. ''ആരു ജയിച്ചാലും വേണ്ടില്ല, മലപ്പുറം മാറണം''.

Content Highlights: malappuram voters discussion about loksabha election 2024