മലപ്പുറത്തും പൊന്നാനിയിലും ചിത്രം വ്യക്തം

മലപ്പുറം: ലോക്സഭാ മണ്ഡലങ്ങളിലെ പോരാളികളെ തീരുമാനിച്ചതോടെ ജില്ല തിരഞ്ഞെടുപ്പു ചൂടിലേക്ക്. മലപ്പുറത്ത് മുസ്‌ലിം ലീഗിന്റെ ദേശീയ സംഘടനാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും ഡി.വൈ.എഫ്.ഐ. നേതാവ് വി. വസീഫും ഏറ്റുമുട്ടുമ്പോള്‍ പൊന്നാനിയില്‍ ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനിയും മുന്‍ ലീഗുകാരനായ കെ.എസ്. ഹംസയും മാറ്റുരയ്ക്കും. വയനാട് മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി സി.പി.ഐ.യിലെ ആനി രാജയെ തീരുമാനിച്ചെങ്കിലും വലതുമുന്നണി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
1951 മുതല്‍ പച്ചക്കൊടിമാത്രമുയര്‍ന്ന മണ്ഡലമായിരുന്നു മലപ്പുറം. ഇടയ്ക്ക് മഞ്ചേരിയായും വീണ്ടും മലപ്പുറമായും പേരുമാറിയെന്നല്ലാതെ വോട്ടര്‍മാരുടെ മനസ്സുമാറിയില്ല. ആ കോട്ടയാണ് 2004-ല്‍ ടി.കെ. ഹംസ എന്ന ഒറ്റയാനെ മുന്നില്‍നിര്‍ത്തി ഇടതുമുന്നണി ഇടിച്ചുതകര്‍ത്തത്. കെ.പി.എ. മജീദിനെയാണ് മഞ്ചേരി മണ്ഡലത്തില്‍ 47,743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഹംസ തോല്‍പ്പിച്ചത്. അത് ലീഗിനുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി അവര്‍ രംഗത്തിറങ്ങി. 2009-ല്‍ മലപ്പുറം മണ്ഡലമാക്കിയപ്പോള്‍ സമുന്നതനായിരുന്ന നേതാവ് ഇ. അഹമ്മദിനെത്തന്നെയിറക്കി മണ്ഡലം തിരിച്ചുപിടിക്കുകയുംചെയ്തു. അതിനുശേഷം മുസ്‌ലിംലീഗിന്റെ പടയോട്ടം തുടരുകയാണ്. ആ കോട്ടയിലേക്കാണ് ഒരിക്കല്‍ക്കൂടി ചരിത്രം സൃഷ്ടിക്കുമെന്ന വെല്ലുവിളിയോടെ യുവചേകവനായി സി. വസീഫ് കച്ചമുറുക്കുന്നത്. ചൊവ്വാഴ്ചതന്നെ വസീഫ് മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീറും പര്യടനത്തിന് തുടക്കമിട്ടു.
പൊന്നാനിക്കും ഇങ്ങനെയൊരു ചുവടുമാറ്റത്തിന്റെ ചരിത്രമുണ്ട്. 1962-ലും 1971-ലും ഇടതുപക്ഷ എം.പി.മാര്‍ പാര്‍ലമെന്റിലേക്കു പോയ മണ്ഡലമാണത്. 1977-മുതല്‍ കൈവിട്ട പൊന്നാനിക്കളരിയില്‍ പിന്നെ അവര്‍ക്ക് ജയിക്കാനായിട്ടില്ല. തിരിച്ചുപിടിക്കാന്‍ പല രാഷ്ട്രീയ-മത സമവാക്യങ്ങളുമായി പോരാളികളെ ഇറക്കിയെങ്കിലും ഫലംകണ്ടില്ല. അങ്ങനെയാണ് ഇത്തവണ പുതിയ തന്ത്രമെന്നനിലയില്‍ സമസ്തയുടെ സഹചാരിയും മുസ്‌ലിം ലീഗിന്റെ മുന്‍ നേതാവുമൊക്കെയായ കെ.എസ്. ഹംസയെ കൊണ്ടുവരുന്നത്. വിശദമായ പത്രസമ്മേളനം നടത്തിക്കൊണ്ട് കഴിഞ്ഞദിവസം ഹംസ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. എം.പി. അബ്ദുസ്സമദ് സമദാനിയും രംഗത്തിറങ്ങിയിട്ടുണ്ട്.
നേരത്തേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണത്തില്‍ മുന്‍തൂക്കം നേടിയിരിക്കുകയാണ് എല്‍.ഡി.എഫ്. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. ബി.ജെ.പി.യും ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: malappuram ponnani-ldf udf candidates-2024 loksabha election