സ്ഥാനാര്‍ഥിയെ 'ഇക്ക' എന്നും അമ്മ' എന്നും വിളിച്ച് വര്‍ഗീയധ്രുവീകരണത്തിന് തുടക്കമിട്ടു- ഡി.സി.സി

എളമരം കരീം, കെ.കെ ശൈലജ | ഫോട്ടോ: മാതൃഭൂമി
എളമരം കരീം, കെ.കെ ശൈലജ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട് : കോഴിക്കോട്ട് സ്ഥാനാർഥിയെ ‘ഇക്ക’ എന്നും വടകരയിൽ ‘അമ്മ’ എന്നും വിളിച്ച് വർഗീയധ്രുവീകരണത്തിന് തുടക്കമിട്ട സി.പി.എം. രാഷ്ട്രീയസാഹചര്യം മാറ്റാൻ ബോധപൂർവമായ ശ്രമംനടത്തിയെന്ന് ജില്ലാകോൺഗ്രസ് നേതൃയോഗം. ഇരുമണ്ഡലങ്ങളിലും കോൺഗ്രസ് വിസ്മയിപ്പിക്കുന്ന വിജയം നേടുമെന്നും ഭൂരിപക്ഷം ഒരുലക്ഷം കവിയുമെന്നും ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.

സി.പി.എം. സെക്രട്ടറിതന്നെയാണ് വർഗീയപ്രചാരണത്തിന്റെ വീഡിയോ ഉണ്ടെന്നുപറഞ്ഞത്. വടകരയിൽ സി.പി.എം. അറിഞ്ഞുകൊണ്ടുതന്നെയാണ് വ്യാജവീഡിയോ തയ്യാറാക്കിയതെന്ന് ഇതു വ്യക്തമാക്കുന്നു. സി.പി.എമ്മിന്റെ പോഷകസംഘടനയെന്നപോലെയാണ് വടകരയിൽ പോലീസ് പ്രവർത്തിച്ചത്. സി.പി.എമ്മിന്റെ ആസൂത്രിതമായ വർഗീയധ്രുവീകരണശ്രമങ്ങൾക്ക് പോലീസും കൂട്ടുനിൽക്കുകയായിരുന്നു. അങ്ങനെയല്ലെങ്കിൽ പോലീസ് കേസെടുക്കുകയും കുറ്റക്കാരെ അറസ്റ്റുചെയ്യുകയും ചെയ്യട്ടെയെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.

മതസൗഹാർദത്തിന്റെ വിളനിലമായ മണ്ണ് വർഗീയധ്രുവീകരണത്തിന്റെ വേദിയാക്കാനുള്ള ശ്രമത്തിൽനിന്നും സി.പി.എം. പിന്മാറണം. ‘വർഗീയതയ്ക്കെതിരേ നാടൊരുമിക്കണമെന്ന’ മുദ്രവാക്യമുയർത്തി 11-ന് യു.ഡി.എഫും ആർ.എം.പി.യും ചേർന്ന് വടകരയിൽ ജനകീയ കാമ്പയിന് തുടക്കംകുറിക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.

കോഴിക്കോടിന്റെ മതേതരപാരമ്പര്യം തകർക്കുന്നതരത്തിൽ പ്രചാരണം നടത്തിയതിന് സി.പി.എം. പരസ്യമായി മാപ്പുപറയണമെന്ന് കെ.പി.സി.സി. ജന. സെക്രട്ടറി പി.എം. നിയാസ് ആവശ്യപ്പെട്ടു.

‘കുത്തിത്തിരിപ്പുകാർക്കെതിരേ നടപടിയുണ്ടാവും’

കോഴിക്കോട് : തിരഞ്ഞെടുപ്പുസമയത്ത് ‘കുത്തിത്തിരിപ്പുണ്ടാക്കിയ’വർക്കെതിരേ നടപടിയുണ്ടാവുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ പ്രവർത്തനം മാതൃകാപരമായിരുന്നു. പക്ഷേ, അദ്ദേഹത്തിനെതിരേയും പ്രചാരണങ്ങളുണ്ടായി. ഒറ്റക്കെട്ടായാണ് യു.ഡി.എഫ്. സംവിധാനം ജില്ലയിൽ പ്രവർത്തിച്ചത്.

തിരഞ്ഞെടുപ്പുകാലത്ത് കുറ്റാരോപണങ്ങളുമായി നിസ്സംഗത പുലർത്തിയ ചേവായൂരിലെ ബാങ്കുമായി ബന്ധപ്പെട്ടവർക്കെതിരേ അച്ചടക്കനടപടിയുണ്ടാവും. പാർട്ടിസ്ഥാനങ്ങളിൽനിന്ന് മുമ്പുതന്നെ അവർ രാജിവെച്ചിട്ടുണ്ടെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു. മറ്റാരേയും സംശയത്തിന്റെ നിഴലിൽ നിർത്തുകയോ ആത്മാർഥതയെ ചോദ്യംചെയ്യുകയോ ചെയ്യേണ്ടതില്ല. പ്രസംഗത്തിൽ എം.കെ. രാഘവനും അതു വ്യക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാനേതൃയോഗത്തിനുശേഷം ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.

ഒരു നേതാവിന്റെ അനുയായിയും പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നിട്ടില്ല. സ്ഥാനാർഥിയായിരുന്ന എം.കെ. രാഘവൻ ചിലരുടെ പേരെടുത്ത് പറഞ്ഞുവെന്നമട്ടിൽ വാർത്ത ചമച്ചവരുമുണ്ട്. അത്തരം വാർത്തകൾ ചമച്ചത് ആരാണെന്നും അന്വേഷിക്കുമെന്ന് കെ. പ്രവീൺകുമാർ പറഞ്ഞു.

Content Highlights: