കമ്മിഷന്റെ രേഖയിലെ പേരും ആധാര്‍കാര്‍ഡിലെ പേരും വ്യത്യസ്തം, വലഞ്ഞ് വോട്ടര്‍മാര്‍

എരുമേലി: പോളിങ് ബൂത്തില്‍ പേരിലുണ്ടായ തര്‍ക്കത്തില്‍ വോട്ടര്‍മാര്‍ വലഞ്ഞു. വോട്ടര്‍മാരുടെ ആധാര്‍കാര്‍ഡിലെ പേരും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റിലുള്ള പേരിലെ വ്യത്യാസവുമാണ് വോട്ടര്‍മാര്‍ക്ക് വിനയായത്. എരുമേലി പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡ് കനകപ്പലം എം.ടി. ഹൈസ്‌കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. സംഭവത്തില്‍ സി.പി.എം. പ്രതിനിധികള്‍ പോളിങ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലലെത്തി.
പ്രിസൈഡിങ്ങ് ഓഫീസറുടെ നിലപാടിനെതിരെ സി.പി.എം. ലോക്കല്‍ സെക്രട്ടറിയും എരുമേലി ഗ്രാമപ്പഞ്ചായത്തംഗവുമായ വി.ഐ. അജി. മേലധികാരികളെ പരാതി അറിയിച്ചു. പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരില്‍, പേരിലെ വ്യത്യാസത്തില്‍ ആറിലേറെ വോട്ടര്‍മാരാണ് വോട്ട് ചെയ്യാനാവാതെ തിരികെ പോയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലിസ്റ്റിലെ പേരല്ലായെന്നതിനാലാണ് തടസ്സം പറഞ്ഞതെന്ന് പ്രിസൈഡിങ് ഓഫീസര്‍ പറയുന്നു. എന്നാല്‍ ബൂത്തിനുള്ളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ വോട്ടറെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും, പ്രിസൈഡിങ് ഓഫീസറുടെ നിലപാടിനെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ വാക്കേറ്റവുമായി. സ്ഥലത്ത് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം വോട്ട് ചെയ്യാതെ മടങ്ങിയവര്‍ തിരികെയെത്തി രേഖകളോടെ വോട്ടു ചെയ്തു. പ്രിസൈഡിങ് ഓഫീസര്‍ മനപൂര്‍വം വോട്ട് നിഷേധിക്കുകയായിരുന്നെന്ന് ഇടത് പ്രവര്‍ത്തകര്‍ പറയുമ്പോള്‍, വോട്ട് നിഷേധിക്കപ്പെട്ടവര്‍ തിരികെയെത്തി വോട്ട് രേഖപ്പെടുത്തിയതിന്റെ പൊരുള്‍ വോട്ടര്‍മാര്‍ക്കും അറിയില്ല.
Content Highlights: Voters troubled by discrepancy between name on Aadhar card and Election Commission document