തട്ടകത്തില്‍ നേരിട്ടുമുട്ടാന്‍ കേരള കോണ്‍ഗ്രസുകള്‍; കോട്ടയത്ത് പോരാട്ടം കടുക്കും

#എസ്.ഡി. സതീശന്‍ നായര്‍
തോമസ് ചാഴികാടന്‍, ഫ്രാന്‍സിസ് ജോര്‍ജ് | Photo: Mathrubhumi
തോമസ് ചാഴികാടന്‍, ഫ്രാന്‍സിസ് ജോര്‍ജ് | Photo: Mathrubhumi

കോട്ടയം: കേരള കോണ്‍ഗ്രസിലെ നിലവിലെ രണ്ട് പ്രധാന ഗ്രൂപ്പുകള്‍ ഇത്തവണ തട്ടകമായ കോട്ടയത്ത് നേരിട്ട് ഏറ്റുമുട്ടും. 1977-ല്‍ പിള്ള ഗ്രൂപ്പ് കോട്ടയത്തും മൂവാറ്റുപുഴയിലും ലോക്സഭയിലേക്ക് മാതൃഗ്രൂപ്പ് സ്ഥാനാര്‍ഥികളോട് അങ്കംവെട്ടിയതുമാത്രമാണ് പരസ്പരപോരാട്ടത്തിന്റെ ചരിത്രത്തിലെ ഏക അധ്യായം. നിയമസഭയിലേക്ക് പരസ്പരമത്സരം പലതുണ്ടായിട്ടുണ്ട്.

1964-ലുണ്ടായ പാര്‍ട്ടിയില്‍നിന്ന് 1977-ല്‍ സ്ഥാപകനേതാക്കളിലൊരാളായ ബാലകൃഷ്ണപ്പിള്ള വേര്‍പിരിഞ്ഞതായിരുന്നു ആദ്യപിളര്‍പ്പ്. ആ വര്‍ഷം മൂവാറ്റുപുഴയില്‍ പിള്ള ഗ്രൂപ്പിലെ കെ.എം. ജോസഫ് കേരള കോണ്‍ഗ്രസിലെ ജോര്‍ജ് ജെ. മാത്യുവിനോട് മത്സരിച്ച് 44,820 വോട്ടിന് കീഴടങ്ങി. കോട്ടയത്ത് വര്‍ക്കി തോമസാണ് പിള്ള ഗ്രൂപ്പിന്റെ പോരാളിയായത്. അദ്ദേഹം കേരള കോണ്‍ഗ്രസിലെ സ്‌കറിയ തോമസിനോട് 68,695 വോട്ടിനും തോറ്റു.

1979-ലാണ് മാണി ഗ്രൂപ്പ് പിറന്നത്. പക്ഷേ, മിക്കവാറും കാലം ഒരേ മുന്നണിയിലായിരുന്നതിനാല്‍ ജോസഫ് ഗ്രൂപ്പുമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നില്ല.

1991-ല്‍ പി.ജെ. ജോസഫ് ഇടുക്കിയില്‍ മത്സരിച്ചതാണ് ഒരു കേരള കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ ഏറ്റവും പ്രധാന നേതാവുതന്നെ അങ്കത്തിനിറങ്ങിയ ഒരേയൊരു മത്സരം. പക്ഷേ, സ്വന്തം ജില്ലയില്‍ അദ്ദേഹം കോണ്‍ഗ്രസിലെ പാലാ കെ.എം. മാത്യുവിനോട് തോറ്റു.

2004-ല്‍ കേന്ദ്രത്തില്‍ വാജ്‌പേയി സര്‍ക്കാരില്‍ ഒരു വര്‍ഷം സഹമന്ത്രിയായ പി.സി. തോമസാണ് കേരള കോണ്‍ഗ്രസ് പാരമ്പര്യത്തില്‍നിന്നെത്തി കേന്ദ്രമന്ത്രിയായ ഏകയാള്‍. അന്നദ്ദേഹം ഐ.എഫ്.ഡി.പി. എന്ന പാര്‍ട്ടിയുണ്ടാക്കി കേരള കോണ്‍ഗ്രസ് നാമപാരമ്പര്യംതന്നെ ഉപേക്ഷിച്ച് എന്‍.ഡി.എ. മുന്നണിയിലാണ് മത്സരിച്ചതെന്നത് വേറെ കാര്യം.

1996, 98, 99, 2004, 2009 വര്‍ഷങ്ങളില്‍ ജോസഫ് ഗ്രൂപ്പിനുവേണ്ടി ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ മത്സരിച്ചു. 99-ലും 2004 ലും ജയിച്ചു. 2009-ല്‍ ജോസ് കെ. മാണി യു.ഡി.എഫിനുവേണ്ടി കോട്ടയം സീറ്റ് സുരേഷ് കുറുപ്പില്‍നിന്ന് പിടിച്ചെടുത്തു. 2014-ലും കോട്ടയം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. പിന്നീട് രാജ്യസഭയിലേക്ക് ചുവടുമാറ്റി.

2019-ല്‍ തോമസ് ചാഴികാടന്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസിനുവേണ്ടി ആദ്യമിറങ്ങി. സി.പി.എമ്മിലെ വി.എന്‍. വാസവനെ തോല്‍പ്പിച്ച് യു.ഡി.എഫ്. മണ്ഡലം കാത്തു.

ഇത്തവണ യു.ഡി.എഫിനുവേണ്ടി ഇറങ്ങുക കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്. കോട്ടയത്ത് ആദ്യമാണെങ്കിലും ഇടുക്കിയില്‍നിന്ന് രണ്ടുജയമുള്‍പ്പെടെ അദ്ദേഹത്തിന് മത്സരപരിചയമുണ്ട്. കഴിഞ്ഞതവണ യു.ഡി.എഫില്‍നിന്ന് എം.പി.യായ തോമസ് ചാഴികാടനാണ് ഇക്കുറി എല്‍.ഡി.എഫില്‍നിന്നുള്ള എതിരാളി.

Content Highlights: kottayam loksabha constituency thomas chazhikadan francis george kerala congress