ചൂടുപിടിക്കാതെ റബ്ബര്‍; എവിടെപ്പോയി പ്രഖ്യാപനങ്ങള്‍

കോട്ടയം : മുമ്പെല്ലാം മുഖ്യ പ്രചാരണായുധമായിരുന്ന റബ്ബര്‍ ഇത്തവണ ചൂടുപിടിക്കുന്നില്ല. മൂന്നുമാസംമുമ്പുവരെ റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങളുന്നയിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രത്യേകം സമരംവരെ നടത്തിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം എല്ലാവരും പിന്നോട്ടുവലിഞ്ഞമട്ടാണ്. മറ്റു വിഷയങ്ങള്‍ക്കിടെ റബ്ബറിനെക്കുറിച്ചും പറഞ്ഞുപോകുന്നുവെന്നുമാത്രം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെയും ഐക്യമുന്നണിയുടെയും വാഗ്ദാനം റബ്ബറിന് കിലോക്ക് 250 രൂപ അടിസ്ഥാനവില ആക്കുമെന്നായിരുന്നു. ഭരണത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ബജറ്റില്‍ താങ്ങുവില 170 രൂപയില്‍നിന്ന് 180 ആക്കിയതൊഴിച്ചാല്‍ 250-നെക്കുറിച്ച് മിണ്ടുന്നില്ല. ആസിയാന്‍ കരാറില്‍ ഒപ്പിട്ട മുന്‍ യു.പി.എ. സര്‍ക്കാരാണ് റബ്ബര്‍ക്കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതെന്നും താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നുമുള്ള കുറ്റപ്പെടുത്തല്‍മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗങ്ങളില്‍ കേട്ടത്.
കോണ്‍ഗ്രസിനും റബ്ബറില്‍ വലിയ വര്‍ത്തമാനമില്ല. കേന്ദ്ര-സംസ്ഥാന ഭരണം തങ്ങള്‍ക്കല്ലാത്തതിനാല്‍, മറ്റു വിഷയങ്ങളിലെന്നപോലെ ഇതിലും ഭരിക്കുന്നവരെ കുറ്റപ്പെടുത്തി നീങ്ങുകയാണ് നേതാക്കള്‍. കോട്ടയത്ത് മത്സരിക്കുന്ന കേരള കോണ്‍ഗ്രസുകള്‍ക്ക് മുമ്പെല്ലാം റബ്ബര്‍ മുഖ്യവിഷയമായിരുന്നു. എന്നാല്‍ ഇത്തവണ അവരും കാര്യമായൊന്നും മിണ്ടുന്നില്ല.
എന്തെങ്കിലും പറയുന്ന ഒരാള്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ്. 250 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന് കേന്ദ്രം തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് തുഷാര്‍ പറയുന്നത്. പക്ഷേ, ബി.ജെ.പി. നേതാക്കള്‍ക്കുപോലും ഈ താങ്ങുവിലയെക്കുറിച്ച് ഉറപ്പില്ല, മിണ്ടുന്നുമില്ല.
സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 180 രൂപ വിലസ്ഥിരത വരുന്ന ജൂലായ് മുതല്‍ നടപ്പാക്കേണ്ടിയിരുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഏപ്രില്‍ ഒന്നുമുതലെന്ന് പ്രഖ്യാപിച്ചു. അന്താരാഷ്ട്രവില ഉയര്‍ന്നുനില്‍ക്കുകയും ആഭ്യന്തരവില ക്രമേണ ഉയരുകയും ചെയ്തതോടെ ഇതുകൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതായി. ഏപ്രില്‍ ഒന്നിന് 182.50 രൂപയായിരുന്നു, വിപണിവില. വ്യാഴാഴ്ച 184 രൂപയും. വിലസ്ഥിരതാ പദ്ധതിയില്‍ 170 രൂപയായിരുന്ന കഴിഞ്ഞവര്‍ഷത്തെ തുകതന്നെ കൊടുത്തുതീര്‍ത്തിട്ടുമില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായപ്രഖ്യാപനങ്ങള്‍ നടപ്പായാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കേണ്ടതാണ്. എന്നാല്‍ ഉത്തരവിറങ്ങാത്തതിനാല്‍ സഹായം ലഭിച്ചുതുടങ്ങിയിട്ടില്ല.
റബ്ബര്‍ തോട്ടങ്ങളില്‍ മഴമറയിടാനും മറ്റും ഹെക്ടറൊന്നിന് 4000 രൂപവീതമാണ് പ്രഖ്യാപിച്ചത്. വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ടാപ്പിങ്ങിന് കര്‍ഷകര്‍ കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സഹായം വൈകുമോയെന്ന ആശങ്കയുണ്ട് കര്‍ഷകര്‍ക്ക്. എന്നാല്‍ പെരുമാറ്റച്ചട്ടം തടസ്സമല്ലെന്നും പദ്ധതി ഉടന്‍ തുടങ്ങുമെന്നും റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു.
Content Highlights: kottayam lok sabha election and rubber issue