ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽനിന്ന് പൂജാമുറിയിലേക്ക് മാറിയത് നല്ലകാര്യം - ഷിബു ബേബി ജോൺ

ഷിബു ബേബി ജോണ്‍, കെ.ബി. ഗണേഷ് കുമാര്‍ | Photo: Mathrubhumi
ഷിബു ബേബി ജോണ്‍, കെ.ബി. ഗണേഷ് കുമാര്‍ | Photo: Mathrubhumi

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കിടപ്പുമുറിയില്‍നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയത് നല്ലകാര്യമാണെന്ന് ഷിബു ബേബി ജോണ്‍ കൊല്ലത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒത്തിരി കുടുംബങ്ങളില്‍ സമാധാനമുണ്ടാവും. ഗണേഷിനും ആ നിലയില്‍ നല്ല മാറ്റം വന്നിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. പൂരപ്പാട്ടിന്റെ റോളില്‍ ഗണേഷ് കുമാര്‍ കുറേ കാര്യങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി അത് ആസ്വദിച്ചു. ഗണേഷ് ഇപ്പുറത്തുനിന്നപ്പോള്‍ തങ്ങള്‍ കേട്ട കഥകളെന്തൊക്കെയാണെന്ന് പറയാല്‍ പോയാല്‍ നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് തങ്ങള്‍ ഇതിലേക്ക് വരുന്നില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ഷിബു ബേബി ജോണ്‍ പറഞ്ഞു.

ശ്രീരാമനോട് ഹനുമാന് എത്ര ഭക്തിയുണ്ടോ, നരേന്ദ്രമോദിയോട് അത്രയും ഭക്തിയുള്ള ഒരാളോടാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മുകേഷ് കൊല്ലത്ത് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസംഗം.

ഇതിന്റെ തുടര്‍ച്ചയായി, നരേന്ദ്രമോദിയെ ദൈവത്തെപ്പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഇവിടുത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പൂജാമുറിയില്‍ ചിലപ്പോള്‍ നരേന്ദ്രമോദിയുടെ പടം കണ്ടേക്കുമെന്നാണ് തനിക്കുതോന്നുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്ത എല്‍.ഡി.എഫ്. പൊതുയോഗത്തിലായിരുന്നു കെ.ബി. ഗണേഷ് കുമാറിന്റെ വിമര്‍ശനം.

Content Highlights: Shibu Baby John against KB Ganesh Kumar