കൊല്ലത്ത് ചിത്രം തെളിയുന്നു; എം.പി. x എം.എൽ.എ.

എന്‍.കെ. പ്രേമചന്ദ്രന്‍, എം. മുകേഷ്‌ | Photo: Mathrubhumi
എന്‍.കെ. പ്രേമചന്ദ്രന്‍, എം. മുകേഷ്‌ | Photo: Mathrubhumi

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ സിറ്റിങ്‌ എം.പി. എൻ.കെ.പ്രേമചന്ദ്രനും എം.എൽ.എ. എം.മുകേഷും തമ്മിലുള്ള പോരാട്ടത്തിന് വഴിതെളിഞ്ഞു. യു.ഡി.എഫിനുവേണ്ടി മുതിർന്ന ആർ.എസ്.പി. നേതാവും മുൻമന്ത്രിയുമായ എൻ.കെ.പ്രേമചന്ദ്രൻ എം.പി. കളത്തിലിറങ്ങിക്കഴിഞ്ഞു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രേമചന്ദ്രനുവേണ്ടി ചുവരെഴുത്തുകൾ നിറഞ്ഞിട്ടുണ്ട്. യു.ഡി.എഫ്. നിയോജകമണ്ഡലം കൺവെൻഷനുകളും നടന്നുവരികയാണ്. താഴേത്തട്ടിൽ യു.ഡി.എഫ്. കമ്മിറ്റികൾ രൂപവത്‌കരിച്ചു.

ഇടതുമുന്നണിക്കുവേണ്ടി എം.മുകേഷ് മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി. പരസ്യമായ പ്രചാരണപരിപാടികൾ തുടങ്ങിയില്ലെങ്കിലും താഴേത്തട്ടിൽവരെ സി.പി.എം., എൽ.ഡി.എഫ്. ഘടകങ്ങൾ സജീവമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലുണ്ട്.

വിവിധ സാമൂഹിക വിഭാഗങ്ങളുടെ യോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ നടന്നുവരുന്നു. വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലും ഒറ്റയ്ക്കും കൂട്ടായും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുരംഗത്ത് അവതരിപ്പിക്കാനുള്ള കലാപരിപാടികളുടെ അണിയറപ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.

എൻ.ഡി.എ.യ്ക്കുവേണ്ടി ആരാണ് കളത്തിലിറങ്ങുക എന്ന് വ്യക്തമായിട്ടില്ല. മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്റെ പേര് തുടക്കംമുതലേ പറഞ്ഞുകേട്ടിരുന്നു. ജില്ലയിൽനിന്ന് ഒരു സ്ഥാനാർഥിയെ പരിഗണിച്ചാൽ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ തന്നെയാകും മത്സരിക്കുക.

ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ നേട്ടമാണ് ഗോപകുമാറിനെ പരിഗണിക്കാൻ കാരണം. ഗോപകുമാർ രംഗത്തിറങ്ങിയാൽ രണ്ടുലക്ഷത്തിലേറെ വോട്ട് സമാഹരിക്കാനാകും എന്നാണ് ബി.ജെ.പി. ജില്ലാ നേതൃത്വം പറയുന്നത്.

കഴിഞ്ഞതവണ 1,03,339 വോട്ടാണ് എൻ.ഡി.എ. സ്ഥാനാർഥി കെ.വി.സാബുവിന് ലഭിച്ചത്. ബി.ജെ.പി. വോട്ട് വർധിച്ചാൽ, ഏതുമുന്നണിയെ ബാധിക്കും എന്ന കാര്യത്തിൽ ഇരുമുന്നണികളും കൂട്ടലും കിഴിക്കലും നടത്തുന്നുണ്ട്. മൂന്നു മുന്നണികളുടെയും സാമൂഹിക മാധ്യമ വിഭാഗങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നിട്ടുണ്ട്.

Content Highlights: M Mukesh CPM Candidate against NK Premachandran in Kollam Lok Sabha Constituency