പ്രചാരണം തീരുന്നു; കൊല്ലത്ത് ചാഞ്ചാട്ടം എങ്ങോട്ട്!

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടത്തോട്ട് ചായുന്ന കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലത്തോട്ടു ചായുന്നതാണ് കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിലൂടെ കാണുന്നത്. കൊല്ലം, ചവറ, ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം, കുണ്ടറ, പുനലൂര്‍ എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ കുണ്ടറ ഒഴികെ എല്ലാം എല്‍.ഡി.എഫ്. എം.എല്‍.എമാരുടെ കൈയിലാണ്. അതുകൊണ്ടുതന്നെ എല്‍.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കണക്കുകള്‍ കൂട്ടുന്നത്.
അതേസമയം, മാറ്റത്തിന് ആഗ്രഹിക്കുന്ന ബഹൂഭൂരിപക്ഷം ഇവിടെയുണ്ടെന്നും മോദി ഗാരന്റി സ്വാധീനിക്കുമെന്നും കരുതി ബി.ജെ.പി.യും കരുക്കള്‍ നീക്കുന്നു. ജില്ലയിലെ 75 ശതമാനം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഇക്കാര്യത്തില്‍ എന്‍.ഡി.എ. പ്രതിക്കൂട്ടിലാക്കുന്നുണ്ട്. കശുവണ്ടിമേഖലയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് യു.ഡി.എഫും എല്‍.ഡി.എഫിനെതിരേ പ്രചാരണം നടത്തുന്നുണ്ട്.
ഇടതുമുന്നണിയോടൊപ്പമാണ് കൊല്ലത്തിന്റെ രാഷ്ട്രീയമനസ്സ്. പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ മണ്ഡലം യു.ഡി.എഫിനൊപ്പം ചായും. അല്ലെങ്കില്‍ പ്രേമചന്ദ്രനൊപ്പമെന്നും പറയാം. മികച്ച പാര്‍ലമെന്റേറിയന്‍, പ്രസംഗകന്‍, കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള മിടുക്ക്, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഒപ്പംനില്‍ക്കുന്നയാള്‍, കൊല്ലവുമായി ഗാഢബന്ധമുള്ള ആര്‍.എസ്.പി.പോലുള്ള തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ വക്താവ് തുടങ്ങിയ ഘടകങ്ങളാണ് പ്രേമചന്ദ്രനെ ഈ മണ്ഡലത്തിന് സ്വീകാര്യനാക്കുന്നത്.
ഇത്തവണ ഈ ചാഞ്ചാട്ടം പ്രതിരോധിക്കാനാണ് മുകേഷിലൂടെ എല്‍.ഡി.എഫ്. കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്. നേരത്തേ ആര്‍.എസ്.പി.യുടെ ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്തെ പ്രതിനിധാനംചെയ്ത് ലോക്സഭയിലെത്തിയിട്ടുണ്ട്. 1971-ല്‍. 77-ലും അദ്ദേഹം വിജയിച്ചു. 1980-ല്‍ കോണ്‍ഗ്രസിന്റെ ബി.കെ. നായരാണ് ജയിച്ചത്. 1984-ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്. കൃഷ്ണകുമാര്‍ വിജയിച്ചു. 1989-ലും 1991-ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു.
1996-ല്‍ ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ വിജയിച്ചു. ഇടതുമുന്നണിയായിരുന്നു അന്ന്. 1998-ലും വിജയിച്ചു. 1999-ലും 2004-ലും സി.പി.എമ്മിലെ പി. രാജേന്ദ്രന്‍ വിജയിച്ചു. 2009-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍. പീതാംബരക്കുറുപ്പ് രാജേന്ദ്രനെ പരാജയപ്പെടുത്തി. 2014-ല്‍ യു.ഡി.എഫ്. പാളയത്തിലെത്തിയ എന്‍.കെ. പ്രേമചന്ദ്രനും വിജയിച്ചു. 2019-ല്‍ അദ്ദേഹം കൂടുതല്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തി.
കണക്കുകള്‍ പറയുന്നു
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 9,61,849 വോട്ടില്‍ 4,99,677 വോട്ട് പ്രേമചന്ദ്രന്‍ നേടിയിരുന്നു. 1,48,856 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിന്റെ കെ.എന്‍. ബാലഗോപാലിനെയാണ് പരാജയപ്പെടുത്തിയത്. അതിനുമുമ്പ് 2014-ല്‍ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചിടത്തുനിന്നാണ് പ്രേമചന്ദ്രന്‍ ഈ കുതിപ്പ് നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷ് 2,072 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലം മണ്ഡലത്തില്‍ വിജയിച്ചത്.
ചവറയില്‍ സുജിത് വിജയന്‍പിള്ള 1,096, ഇരവിപുരത്ത് എം. നൗഷാദ് 28,121, പുനലൂരില്‍ പി.എസ്. സുപാല്‍ 37,057, ചടയമംഗലത്ത് ജെ. ചിഞ്ചുറാണി 13,678, ചാത്തന്നൂരില്‍ ജി.എസ്. ജയലാല്‍ 17,206 വോട്ട് എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. ആകെ ഭൂരിപക്ഷ വോട്ട് 99,320. കുണ്ടറയില്‍ യു.ഡി.എഫിന്റെ പി.സി. വിഷ്ണുനാഥ് 4,454 വോട്ടിന്റെ മുന്‍തൂക്കം നേടി. ഈ കണക്കുകളെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ അസ്ഥാനത്ത് ആവുന്നതാണ് പ്രേമചന്ദ്രന്റെ കാര്യത്തില്‍ പൊതുവെ കണ്ടുവരുന്നത്.
പ്രേമചന്ദ്രനെ പിടിച്ചുകെട്ടാന്‍ എല്‍.ഡി.എഫ്. കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഇത്തവണ. പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത, ജനപ്രിയ നടനും എം.എല്‍.എയുമായ എം. മുകേഷിനെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചിരിക്കുന്നത്. സിനിമാതാരം, കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബം, കൊല്ലം സ്വദേശി എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് മുകേഷിനെ മുന്നോട്ടുവെക്കുന്ന എന്‍.ഡി.എഫിന്റെ തന്ത്രത്തിനുപിന്നില്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അല്‍പം വൈകിയതുകൊണ്ട് എന്‍.ഡി.എയില്‍ ആദ്യമൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ ജി. കൃഷ്ണകുമാര്‍ വന്നതോടെ കഥമാറി. സിനിമാ, സീരിയല്‍ താരം എന്ന ഇമേജ്, നല്ല പ്രസംഗകന്‍, ഒപ്പം മോദി ഗാരന്റി എന്ന മുദ്രാവാക്യം. ഇതാണ് എന്‍.ഡി.എയുടെ തുറുപ്പുചീട്ട്. 2004-ല്‍ 62,183, 2009-ല്‍ 33,078, 2014-58,671 എന്നിങ്ങനെ വോട്ടുപിടിച്ച എന്‍.ഡി.എ. 2019-ല്‍ 1.03 ലക്ഷം വോട്ടുപിടിച്ച് നില മെച്ചപ്പെടുത്തി. ഇത്തവണ കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നു. ഏതായാലും ഇത്തവണ മണ്ഡലം എങ്ങോട്ട് ചായുമെന്ന് കണ്ടറിയാന്‍ ജൂണ്‍ നാലുവരെ കാത്തിരിക്കാം.
Content Highlights: kollam lok sabha constitution election 2024 analysis nk premachandran m mukesh g krishnakumar