'മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ഒന്നും ചെയ്യുന്നില്ല, അദ്ദേഹം BJP യെ വിമര്‍ശിക്കുന്നുമില്ല'

#സ്വന്തം ലേഖിക
1. രാഹുൽ ഗാന്ധി, 2. പിണറായി വിജയൻ | ഫോട്ടോ: 1. Agence France-Presse. 2. CR Gireesh Kumar / Mathrubhumi
1. രാഹുൽ ഗാന്ധി, 2. പിണറായി വിജയൻ | ഫോട്ടോ: 1. Agence France-Presse. 2. CR Gireesh Kumar / Mathrubhumi

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി. തന്നെ ബി.ജെ.പി. വേട്ടയാടുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അവര്‍ ഈ സമീപനം സ്വീകരിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രി ബി.ജെ.പിയെ വിമര്‍ശിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന യു.ഡി.എഫ്. മഹാറാലിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 

'വിശ്രമമില്ലാതെ ആര്‍.എസ്.എസ്സിനേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്നയാളാണ് ഞാന്‍. അതിന്റെ പേരില്‍ അവര്‍ എന്നെ വേട്ടയാടി. ലോക്‌സഭാ അംഗത്വം റദ്ദാക്കി. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു. ഇതുകൊണ്ടൊന്നും അവര്‍ക്കെതിരെയുള്ള വിമര്‍ശനം ഞാന്‍ നിര്‍ത്തില്ല. ഇത് ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും ആശയത്തിനെതിരെയുള്ള പോരാട്ടമാണ്.

എന്നെ ബി.ജെ.പി. വേട്ടയാടുകയാണ്. എന്തുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി. ഈ സമീപനം സ്വീകരിക്കുന്നില്ല? മറ്റ് സംസ്ഥാനങ്ങളില്‍ പലവിധ വേട്ടയാടല്‍ പ്രതിപക്ഷ നേതാക്കള്‍ നേരിടുന്നു. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒന്നും ചെയ്യുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ബി.ജെ.പിയെ വിമര്‍ശിക്കുന്നില്ല. എന്നാല്‍ എല്ലായ്‌പ്പോഴും എനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നു. എന്നെ വിമര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ എനിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ പകുതിയെങ്കിലും വിമര്‍ശനം ബി.ജെ.പിക്കെതിരേയും മുഖ്യമന്ത്രി നടത്തണം.' -രാഹുല്‍ ഗാന്ധി പറഞ്ഞു.  

Content Highlights: Rahul Gandhi says Kerala chief minister does not criticize BJP