'ചിഹ്നം കണ്ട് വോട്ടുകുത്തുന്ന കാലംമാറി;നേതാക്കൾ ചിരിക്കാൻ തയ്യാറാകണം'- CPM അനുഭാവ ഗ്രൂപ്പുകളിൽ ചർച്ച

Photo: Mathrubhumi
Photo: Mathrubhumi

കാസർകോട്: നേതാക്കൾക്കിടയിലെ അധികാരക്കൊതി കാസർകോട്ട് പ്രവർത്തനത്തെ ബാധിച്ചതായി സി.പി.എം. അണികളിൽ മുറുമുറുപ്പ്. പാർട്ടിയംഗങ്ങളും അനുഭാവികളും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

നേതാക്കളുടെ പെരുമാറ്റത്തെക്കുറിച്ചും വിമർശനം വരുന്നുണ്ട്. “നേതാക്കൾ പാർട്ടി ഓഫീസിലെ എ.സി. മുറിയിൽനിന്നും എ.സി. കാറിൽനിന്നും സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്കിറങ്ങണം. എന്നാൽ മാത്രമേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജയിക്കാനാകൂ. സാധാരണക്കാരെ കണ്ടാൽ മസിലുപിടിത്തം വിട്ട് ഒന്ന് ചിരിക്കാനെങ്കിലും തയ്യാറാകണം. പ്രാദേശിക നേതാക്കളടക്കം പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണം. പരമ്പരാഗതരീതിയിൽ ചിഹ്നം കണ്ടാൽ വോട്ട്‌ കുത്തുന്ന കാലം മാറി. വോട്ടർമാരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സാധിക്കാത്തിടത്തോളം അടിതെറ്റും -സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളിൽ പറയുന്നു.

സ്ഥാനാർഥിനിർണയ ചർച്ചകളിൽ പല പേരുകൾ ഉയർന്നുവന്നിരുന്നു. ഇവർ പലരും പാലം വലിച്ചെന്നും അണികൾ ആരോപിക്കുന്നു. മുൻ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ചപ്പോഴും എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം നൽകിയ കല്യാശ്ശേരിയിൽ ഇത്തവണ കേവലം 1,058 വോട്ടിന്റെ മേൽക്കൈ മാത്രം ലഭിച്ചത് പാലം വലിച്ചതിന്റെ ഫലമാണെന്നാണ് ആക്ഷേപം. അതിന്റെ തുടർച്ച പയ്യന്നൂരിലും കാണാം. 25,000-ന് മുകളിൽ മേൽക്കൈ പ്രതീക്ഷിച്ചിടത്ത് കിട്ടിയത്‌ 13,257 വോട്ടിന്റെ ഭൂരിപക്ഷം.

നേതാക്കൾ, പുറമെ പ്രവർത്തിക്കുന്നതായി കാണിച്ച് താഴെത്തട്ടിൽ അടിയൊഴുക്കിന് വഴിയൊരുക്കിയെന്ന വിമർശമുയരുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിജ്ഞാപനം വരുംമുന്നേ ചില നേതാക്കൾ തങ്ങളുടെ കേസുകളിൽ ജാമ്യമെടുത്തതുൾപ്പെടെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എം.രാജഗോപാലിന് വലിയ ഭൂരിപക്ഷമുണ്ടാക്കിക്കൊടുത്ത തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ടറായ പാർട്ടി ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണനായിരുന്നു മത്സരരംഗത്ത്. പക്ഷേ അവിടെയും വോട്ടുചോർച്ച പ്രകടമായി.

ചെറുവത്തൂരിലെ കൺസ്യൂമർ ഫെഡ് മദ്യവില്പനശാലയുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിലുണ്ടായ പ്രശ്നം രമ്യമായി പരിഹരിക്കാൻ സാധിക്കാത്തതും കല്ലുകടിയായി. സംഭവത്തിൽ അനുഭാവികൾ പരസ്യമായി ഫ്ളക്സുകൾ സ്ഥാപിച്ചും പ്രകടനം നടത്തിയും നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

എം.വി.ബാലകൃഷ്ണൻ സ്ഥാനാർഥിത്വത്തിനായി നേരത്തേ പിടിമുറുക്കിയിരുന്നുവെന്നും ജില്ലാ കമ്മിറ്റിയിൽ തനിക്ക് മേൽക്കൈ നേടാനുള്ള അടിത്തറ ഒരുക്കിയെന്നും വിമർശനമുണ്ട്. പുതിയ തലമുറയ്ക്ക് വഴിതുറക്കാതെ നേതാക്കൾ സീറ്റിനായി രഹസ്യനീക്കം നടത്തിയെന്നും ആക്ഷേപമുണ്ട്. പാർട്ടിക്ക് ഒരിക്കലും ഇളക്കംതട്ടില്ലെന്ന് കരുതിയ മടിക്കൈയിലും കയ്യൂർ-ചീമേനിയിലുമുൾപ്പെടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയത് നേതാക്കളുടെ അധികാരക്കൊതിക്കെതിരായ സാധാരണപ്രവർത്തകരുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും ഒരുവിഭാഗം പറയുന്നു.

Content Highlights: social media discussion criticizing cpm leaders in kasaragod