89; റദ്ദൂച്ചയുടെ ഭൂരിപക്ഷവും പുതിയ കാറിന്റെ നമ്പറും

ഭൂരിപക്ഷം പേരും പറഞ്ഞു റദ്ദൂച്ചയ്ക്ക് കടുത്ത മത്സരമാണ്. ജയിക്കുമോ എന്നറിയില്ലെന്ന്. എന്നാല്‍, ഫലം വന്നപ്പോള്‍ റദ്ദൂച്ച ജയിച്ചു. 89 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തോല്‍ക്കുമെന്ന് കുറ്റപ്പെടുത്തിയവരെയും എങ്ങനെ ജയിച്ചുവെന്ന് അദ്ഭുതം കൂറിയവരെയും ഓര്‍മപ്പെടുത്താനായി കിട്ടിയ ഭൂരിപക്ഷത്തിന്റെ അതേ സംഖ്യ പുതുതായി വാങ്ങിയ കാറിന്റെ നമ്പറുമാക്കി. കെ.എല്‍. 14 ടി. 89. ഇന്നോവ ക്രിസ്റ്റ.
ആ ഭൂരിപക്ഷത്തിന്റെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട് നായന്മാര്‍മൂലയിലെ എസ്.എസ്.മന്‍സിലില്‍ ആ കാര്‍. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു പി.ബി.അബ്ദുള്‍ റസാഖ് എന്ന കാസര്‍കോട്ടുകാരുടെ റദ്ദൂച്ച. എല്‍.ഡി.എഫിനായി സി.എച്ച്.കുഞ്ഞമ്പുവും എന്‍.ഡി.എ.യ്ക്കായി നിലവിലെ ബി.ജെ.പി. പ്രസിഡന്റ് കെ.സുരേന്ദ്രനുമായിരുന്നു കളത്തിലിറങ്ങിയത്.
മണ്ഡലത്തില്‍ പൊതുവേ ഉണ്ടായിരുന്ന ഭരണവിരുദ്ധ വികാരവും മുഖ്യഎതിരാളി കെ.സുരേന്ദ്രന്‍ ഉയര്‍ത്തിയ കനത്തവെല്ലുവിളിയും മറികടന്നാണ് പി.ബി.അബ്ദുള്‍റസാഖ് 2016-ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് രണ്ടാമതും ജയിച്ചുകയറിയത്. അങ്ങനെ അദ്ദേഹത്തിനത് മറക്കാന്‍ പറ്റാത്ത തിരഞ്ഞെടുപ്പ് അനുഭവവുമായി. അതുകൊണ്ട് ആ നമ്പര്‍ തന്നെ പുതിയ ഇന്നോവ കാറിനും നല്‍കി. 2018 ഒക്ടോബര്‍ 20-ന് അന്തരിക്കുന്നതു വരെ ഈ കാറിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മണ്ഡലത്തിലുള്ളവര്‍ കാണട്ടെ, 89 എന്ന എന്റെ ഭൂരിപക്ഷം. എന്ന നര്‍മം കലര്‍ന്ന മറുപടിയാണ് ഇതേക്കുറിച്ച് ഉപ്പ പറയാറെന്ന് മകനും ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന്‍ അംഗവുമായ പി.ബി.ഷഫീഖ് പറയുന്നത്. എട്ടു വര്‍ഷമായി. അതിനുശേഷം പുതിയ വണ്ടി വാങ്ങി. എന്നിട്ടും ഈ വണ്ടി കൊടുക്കാന്‍ തോന്നിയില്ല. ഉപ്പാന്റെ ഓര്‍മയാണ് ഈ വണ്ടി. ആ ഓര്‍മയങ്ങനെ പണത്തില്‍ അളക്കാന്‍ കഴിയില്ലല്ലോ -അദ്ദേഹം പറയുന്നു.
നാട്ടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓടി നടന്നയാളായിരുന്നു ഉപ്പ. ഉപ്പയുടെ ഓര്‍മയ്ക്കായി ഈ വണ്ടി ആംബുലന്‍സ് ആക്കിയാലോ എന്നൊരു ആലോചനയുണ്ടായിരുന്നു. എന്നാല്‍, നിയമപരമായി തടസ്സമുണ്ടെന്നറിഞ്ഞതോടെ അതുമായി മുന്നോട്ട് പോയില്ല -അദ്ദേഹം പറയുന്നു. ഇനിയെന്തെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഈ വണ്ടി ഉപയോഗിക്കണമെന്നാണ് ആഗ്രഹം. അങ്ങനെ ഉപ്പയുടെ സ്മരണ നാട്ടില്‍ നിലനിര്‍ത്തണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Manjeswaram election and pb abul rasak innova crista