കണ്ണൂരിന്റെ കെഎസ്; ഇടതുകോട്ടകളും കൈകൊടുത്തു, അടിതെറ്റി ജില്ലാ സെക്രട്ടറിയും

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ജയരാജൻമാരിൽ ഒരാൾ കെ. സുധാകരനുമായി ആദ്യമായി നേർക്കുനേർ പോരാട്ടത്തിലേർപ്പെട്ട മണ്ഡലമെന്ന നിലയിൽ രാഷ്ട്രീയ കേരളം ഒന്നാകെ ഉറ്റുനോക്കിയ മണ്ഡലമാണ് കണ്ണൂർ. മണ്ഡലചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരമെന്ന വിലയിരുത്തൽ. കൊണ്ടും കൊടുത്തും മുന്നണികൾ കളത്തിലിറങ്ങിയ പോരാട്ടത്തിനൊടുക്കം സുധാകരൻ വിജയഭേരി മുഴക്കി. അതും സിപിഎമ്മിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ട്. കണ്ണൂരിൽ വീണ്ടും യുഡിഎഫ് തേരോട്ടം. 2019-ന്റെ ആവർത്തനമെന്ന പോലെ കെ.സുധാകരന് ഒരിക്കൽകൂടി കണ്ണൂർ കൈകൊടുത്തു.
മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ കളത്തിലിറക്കിയ സിപിഎം നീക്കം ലക്ഷ്യം കാണാതെ പോയി. കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ ഏറെക്കുറെ അനായാസമാണ് ജയിച്ചുകയറിയത്. സുധാകരന് വെല്ലുവിളിയുയർത്താൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ല. ഇടതുമുന്നണി പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കാഴ്ചവെക്കാനായില്ലെന്ന് മാത്രമല്ല ഇടതുകോട്ടകളിലടക്കം ലീഡെടുത്താണ് സുധാകരൻ കുതിച്ചത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ലീഡ് ഉയർത്തിക്കൊണ്ടിരുന്നത്.
ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുധാകരന്‍ കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. 516665 വോട്ടുകള്‍ സുധാകരന്‍ നേടിയപ്പോള്‍ ജയരാജന് ലഭിച്ചത് 408596 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ സി രഘുനാഥ് 119465 വോട്ടുകള്‍ നേടി. ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരൻ ലീഡ് ഉയർത്തിക്കൊണ്ടിരുന്നു. ആദ്യ റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ലീഡ് നേടിയാണ് സുധാകരൻ മുന്നേറിയത്. ഇടതുകോട്ടയായ ധർമടത്തെ ഈ ലീഡ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ്. 2021-നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയന് അമ്പതിനായിരത്തിൽപരം ഭൂരിപക്ഷമുണ്ടായിരുന്നു. മട്ടന്നൂരിലും സമാനമായിരുന്നു സ്ഥിതി. മട്ടന്നൂരിൽ 2, 3, 4 റൗണ്ടുകളിൽ യുഡിഎഫ് ലീഡെടുത്തു. 2021-നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് മട്ടന്നൂരിൽ കെ കെ ശൈലജ വിജയിച്ചത്. 60,000-ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് അവർ നേടിയത്.
ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയായ എംവി ജയരാജന് സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒളിച്ചോടാനാകില്ലെന്ന പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന കണക്കുകൂട്ടലാണുണ്ടായിരുന്നത്. വിലക്കയറ്റം രൂക്ഷം, സർക്കാർ സേവനങ്ങൾ കിട്ടാത്ത അവസ്ഥ, അഴിമതിയും ധൂർത്തും സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇത്തരം പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. കേരളമൊട്ടാകെ യുഡിഎഫിനനുകൂലമായി കാറ്റ് വീശിയപ്പോൾ കണ്ണൂരിൽ സിപിഎം വീണ്ടും കനത്ത പരാജയം നേരിട്ടു.
കണ്ണൂരിൽ കെ. സുധാകരനോളം കരുത്തുള്ള മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം. നിരവധി പേരുകൾ നേതൃത്വത്തിന്റെ മുന്നിലേക്ക് കടന്നുവന്നെങ്കിലും ഒടുവിൽ കെ. സുധാകരനുനേരെ തന്നെ പച്ചക്കൊടി വീശി. സുധാകരൻ കളത്തിലിറങ്ങിയതോടെ ജില്ലയിലെ യുഡിഎഫ് ഒന്നാകെ ഉണർന്നുപ്രവർത്തിച്ചു. കൃത്യമായ പദ്ധതികൾ ആസൂത്രണംചെയ്ത് അച്ചടക്കത്തോടെയും ഒഴുക്കോടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമായി. മാത്രമല്ല, ഇടതുപ്രചാരണങ്ങളെ കൃത്യമായി പ്രതിരോധിക്കാനും യുഡിഎഫ് ക്യാംപിന് സാധിച്ചു.
കണ്ണൂരിൽ കെ. സുധാകരന്റെ വ്യക്തിപ്രഭാവം വേറിട്ടുനിൽക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടു. പതിറ്റാണ്ടുകളായി കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ തലയെടുപ്പോടെയുള്ള കെഎസ്സിന് ഇക്കുറിയും അടിതെറ്റിയില്ല. ജില്ലയിൽ സുധാകരന്റെ രാഷ്ട്രീയശിഖരം അത്ര ഉയരത്തിൽ പടർന്നുനിൽക്കുന്നതാണ്. അത് മറികടക്കാൻ സിപിഎമ്മിനായില്ല. കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പി യുടെ സാന്നിധ്യമേ ഉണ്ടായിട്ടില്ലെന്ന പ്രചാരണമാണ് പ്രധാനമായും ഇടതുപക്ഷമുയർത്തിയത്. അത് മണ്ഡലത്തിൽ സ്വാധീനമുണ്ടാക്കിയില്ല എന്നു വേണം കരുതാൻ. സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യമുയർത്തിയും ഇടതുപക്ഷം മണ്ഡലത്തിൽ അങ്ങോളമിങ്ങോളം വൻ പ്രചാരണമാണ് നടത്തിയത്. അതും മണ്ഡലത്തിൽ ഇടതുപക്ഷത്തെ തുണച്ചില്ല.
ചുവപ്പ് കോട്ടകളിൽ സിപിഎമ്മിനോട് നേർക്കുനേർ ഏറ്റുമുട്ടിത്തന്നെയാണ് സുധാകരന്റെ വളർച്ച. 90-കളുടെ തുടക്കത്തിലാണ് കണ്ണൂർ ഡിസിസി പ്രസിഡന്റായി സുധാകരനെത്തുന്നത്. പിന്നീടങ്ങോട്ട് കോൺഗ്രസിന്റെ പതിവ് ശൈലിയെ അദ്ദേഹം പൊളിച്ചെഴുതി. അടിക്ക് തിരിച്ചടിയെന്ന മട്ടിൽ മറുപടി. ജയരാജൻമാരോടും പിണറായിയോടും ശക്തമായി ഏറ്റുമുട്ടി, ഏറെ വെല്ലുവിളികൾ മറികടന്നാണ് സുധാകരൻ ജില്ലയിൽ കോൺഗ്രസിനെ പിടിച്ചുനിർത്തിയത്.
2019-ലും കെ സുധാകരന്റെ വിജയം സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അദ്ദേഹം പി കെ ശ്രീമതിയെ പരാജയപ്പെടുത്തിയത്. കേരളമൊന്നടങ്കം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രതിഫലനം കണ്ണൂരിലും കണ്ടു. ഇടതുകോട്ടകളെല്ലാം വീഴ്ത്തിയായിരുന്നു സുധാകരന്റെ മുന്നേറ്റം. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വമ്പിച്ച ലീഡോടെ സുധാകരൻ മുന്നേറിയപ്പോൾ ചുവപ്പ് കോട്ടകളായ ധർമടത്തും മട്ടന്നൂരും സിപിഎമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു. സിപിഎം അക്ഷരാർഥത്തിൽ ഞെട്ടിയത് തളിപ്പറമ്പിലാണ്. മണ്ഡലത്തിൽ 725 വോട്ടിന്റെ ലീഡെടുത്തായിരുന്നു സുധാകരന്റെ കുതിപ്പ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിംസ് മാത്യു നാൽപ്പതിനായിരം വോട്ടുകൾക്ക് ജയിച്ച അതേ മണ്ഡലത്തിലാണ് യുഡിഎഫിന്റെ ഈ ലീഡ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സിപിഎമ്മിനായിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടും ഇടതുകോട്ടകൾ ആടിയുലഞ്ഞു.
കണ്ണൂരിന്റെ ശബ്ദം ആദ്യമായി പാർലമെന്റിൽ മുഴങ്ങുന്നത് എകെജിയിലൂടെയാണ്. 1952-ൽ കണ്ണൂർ മണ്ഡലത്തിൽ നിന്നാണ് എകെജി വിജയിച്ചത്. കണ്ണൂർ എന്ന പേരിൽ ലോക്‌സഭാ മണ്ഡലം പുനർനിർണയിച്ചതിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1977-ലാണ്. അന്ന് സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിച്ച സിപിഐ യുടെ സി കെ ചന്ദ്രപ്പൻ വിജയിച്ചു. 1980-ൽ കെ കുഞ്ഞമ്പുവും(ഐഎൻസി(യു)) പാർലമെന്റിലെത്തി. പിന്നീടങ്ങോട്ട് തുടർച്ചയായി അഞ്ച് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1984-ൽ സിപിഎമ്മിലെ പാട്യം രാജനെ ഇരുപത്തിയയ്യായിരത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ മുല്ലപ്പള്ളി 1989, 1991, 1996, 1998 വർഷങ്ങളിലും വിജയിച്ച് കുതിപ്പ് തുടർന്നു. കോൺഗ്രസിന്റെ ഉറച്ച ലോക്‌സഭാ മണ്ഡലമെന്ന നിലയിലേക്ക് മുല്ലപ്പള്ളി കണ്ണൂരിനെ കൊണ്ടെത്തിച്ചു.
എന്നാൽ 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മറുപടിയെത്തി. എ പി അബ്ദുള്ളകുട്ടിയിലൂടെ. വോട്ടെണ്ണി കഴിയുമ്പോൾ അബ്ദുള്ളകുട്ടി അത്ഭുതകുട്ടിയാകുമെന്ന സിപിഎം ക്യാമ്പിന്റെ പ്രവചനം തെറ്റിയില്ല. ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 10,210 വോട്ടുകൾക്കാണ് മുല്ലപ്പള്ളിയെ അദ്ദേഹം പരാജയപ്പെടുത്തിയത്. 2004-ലും മുല്ലപ്പള്ളിയെ തോൽപ്പിച്ച് അബ്ദുള്ളകുട്ടി വീണ്ടും കണ്ണൂർ എംപി യായി. അബ്ദുള്ളകുട്ടി കോൺഗ്രസ് പാളയത്തിലെത്തിയതിന് ശേഷം നടന്ന 2009-ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ കെ രാഗേഷിനെ പരാജയപ്പെടുത്തി കെ സുധാകരനാണ് പാർലമെന്റിലെത്തിയത്. 2014-ൽ പി കെ ശ്രീമതിയിലൂടെ മണ്ഡലം ഇടത്തോട്ട് മാറിയെങ്കിലും 2019-ൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് സുധാകരൻ തിരിച്ചുവന്നു. 50%-ത്തിലധികം വോട്ടുകളാണ് സുധാകരൻ നേടിയത്.
ഇത്തവണ ഇടതുകോട്ടകളിൽ വോട്ട് വർധിപ്പിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു. സിപിഎം. അതിനായാണ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ തന്നെ സ്ഥാനാർഥിയാക്കിയത്. എന്നാൽ എം വി ജയരാജന് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും കാര്യമായ ലീഡെടുക്കാൻ സാധിച്ചില്ല. പാർട്ടിയുടെ വോട്ടുകളിൽ വന്ന ഗണ്യമായ കുറവ് വരും ദിവസങ്ങളിൽ ജില്ലയിലെ സിപിഎമ്മിനെ പിടിച്ചുകുലുക്കുമെന്നുറപ്പ്. അതേ സമയം കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കൂടി അഭിമാനകരമായ നേട്ടമാണ് സുധാകരന്.
പതിവുപോലെ മണ്ഡലത്തിൽ ഇക്കുറിയും ബി.ജെ.പി വോട്ടുയർത്തി. ഇത്തവണ ഒരുലക്ഷത്തിലധികം വോട്ട് നേടാൻ ബിജെപിയ്ക്കായി കളത്തിലിറങ്ങിയ സി രഘുനാഥിന് സാധിച്ചു. 2019-ൽ 6.5%, 2014-ൽ 5.45%, 2009-ൽ 3.14% എന്നിങ്ങനെയാണ് ബിജെപിയുടെ വോട്ട് ശതമാനം. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും മണ്ഡലത്തിലെ നിർണായക ശക്തിയായി ബിജെപിക്ക് മാറാൻ സാധിച്ചിട്ടില്ല. ഇത്തവണ വെൽഫയർ പൊളിറ്റിക്സ് ഉയർത്തിയാണ് എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥ് വോട്ടുചോദിച്ചിറങ്ങിയത്. അത് ബിജെപിക്ക് ഗുണകരമായ മാറ്റം മണ്ഡലത്തിലുണ്ടാക്കി.
Content Highlights: lok sabha election 2024 result kannur constituency k sudhakaran mv jayarajan