വോട്ടിങ് യന്ത്രത്തിലെ പേരില്‍ ആശയക്കുഴപ്പം, പരാതി; ഒടുവിൽ കെ സുധാകരനും എം വി ജയരാജനും തന്നെ

കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ്., എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ പേര് വോട്ടിങ് യന്ത്രത്തിൽ എങ്ങനെ വേണമെന്നതിൽ അവസാനനിമിഷംവരെ ആശയക്കുഴപ്പം. യു.ഡി.എഫ്. സ്ഥാനാർഥി കെ.സുധാകരന്റെ പേരിനൊപ്പം അച്ഛന്റെ പേരും എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി.ജയരാജന്റെ പേരിനൊപ്പം അഡ്വ. എന്നതും ചേർക്കണമോ എന്നായിരുന്നു ആശയക്കുഴപ്പം. ഒരേ പേരിലുള്ള ഒന്നിലധികം സ്ഥാനാർഥികളുള്ളതിനാലാണ് പേരിനൊപ്പം ഈ വിവരങ്ങൾ ചേർക്കാൻ ജില്ലാ വരണാധികാരികൂടിയായ കളക്ടർ അരുൺ കെ.വിജയൻ തീരുമാനിച്ചത്.
വരണാധികാരിയും ഉദ്യോഗസ്ഥരും തമ്മിൽ പലവട്ടം കൂടിയാലോചന നടത്തി. കളക്ടറേറ്റ് ഇടനാഴിയിൽ രേഖകളുമായി ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും പാഞ്ഞു. തിരഞ്ഞെടുപ്പ് നിരീക്ഷകനുമായും ചർച്ച നടത്തി. ഒടുവിൽ എം.വി.ജയരാജന്റെ പേരിനൊപ്പം അഡ്വ. എന്നും കെ. സുധാകരന്റെ പേരിനൊപ്പം സൺ ഓഫ് വി.രാമുണ്ണിയെന്നും ചേർത്തുള്ള പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
എന്നാൽ കെ.സുധാകരൻ ഇതിനെ എതിർത്തു. ദേശീയപാർട്ടി നേതാക്കളുടെ പേരിനൊപ്പം സൺ ഓഫ് എന്ന് ചേർക്കാറില്ലെന്നും ഇത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുമെന്നുമുള്ള വാദമുയർത്തിയായിരുന്നു പേര് മാറ്റാൻ ആവശ്യപ്പെട്ടത്. മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ സഞ്ജയ് കൗളിനെ വിളിച്ചും സുധാകരൻ പരാതിപ്പെട്ടു. ഒടുവിൽ പേര് കെ.സുധാകരൻ എന്ന് മാത്രമാക്കാൻ തീരുമാനിച്ചു. എം.വി.ജയരാജന്റെ പേരിനൊപ്പം ചേർക്കാൻ തീരുമാനിച്ച അഡ്വ. ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെ അതും മാറ്റി.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന സ്ഥാനാർഥിപ്പട്ടികയിൽ ആശയക്കുഴപ്പം കാരണം രാത്രി 10-നാണ് കളക്ടർ അരുൺ കെ.വിജയൻ ഒപ്പുവെച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ തിങ്കളാഴ്ച ആരും പത്രിക പിൻവലിച്ചില്ല. മത്സരരംഗത്ത് 12 സ്ഥാനാർഥികളുണ്ട്.
ജയരാജനും സുധാകരനും രണ്ടുവീതം അപരന്മാർ
യു.ഡി.എഫ്. സ്ഥാനാർഥി കെ.സുധാകരനും എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി.ജയരാജനും രണ്ടുവീതം അപരന്മാർ രംഗത്തുണ്ട്. സുധാകരൻ കെ. സൺ ഓഫ് പി.ഗോപാലനും (ചിഹ്നം - ഗ്ലാസ് ടംബ്ലർ), കെ.സുധാകരൻ സൺ ഓഫ് കൃഷ്ണനും (ചിഹ്നം -വളകൾ) ആണ് സുധാകരന്റെ അപരന്മാർ. ജയരാജനും (എയർകണ്ടീഷണർ), ജയരാജൻ സൺ ഓഫ് വേലായുധനും (അലമാര) ആണ് എം.വി. ജയരാജന്റെ അപരന്മാർ.
Content Highlights: kannur lok sabha election candidates name voting machine