KPCC അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുന്നതിൽ ധൃതിയില്ല, വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുന്നു- കെ സുധാകരൻ

കെ. സുധാകരന്‍ | Photo: Mathrubhumi
കെ. സുധാകരന്‍ | Photo: Mathrubhumi

കണ്ണൂർ: കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് പോളിങ് കഴിഞ്ഞ ഉടൻ തന്നെ തിരികെ എത്തണമെന്ന ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്ന് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ സുധാകരൻ.  കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച  ഒരു പ്രവർത്തകനായ ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. കെപിസിസി അധ്യക്ഷ പദവിയുൾപ്പടെയുള്ള മുഴുവൻ സ്ഥാനങ്ങളും എനിക്ക് എന്റെ പ്രസ്ഥാനം നൽകിയിട്ടുള്ളതാണ്. ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന സമയത്ത് മാത്രമേ അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുകയുള്ളുവെന്നും ഇക്കാര്യത്തിൽ യാതൊരു ആശങ്കയോ ധൃതിയോ ഇല്ലെന്നും സുധാകരൻ പറഞ്ഞു.

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. അധ്യക്ഷ പദവിയിലേക്ക് പോളിങ് കഴിഞ്ഞ ഉടൻ തന്നെ തിരികെ എത്തണം എന്ന ഒരാവശ്യവും ഞാൻ ഉന്നയിച്ചിട്ടില്ല. നിരവധി ദിനങ്ങൾ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം പാർട്ടി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ സ്ഥാനാർഥി എന്ന നിലയിൽ ഞാൻ പങ്കെടുത്തിരുന്നു, തുടർന്ന്‌ വ്യക്തിപരമായ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്. ഇതിനിടയിലാണ് ഞാൻ സ്ഥാനം തിരികെ ആവശ്യപ്പെട്ടു എന്നും, തിരികെ ലഭിക്കാത്തത്തിൽ അതൃപ്തിയുണ്ടെന്നും, ഇത് സംബന്ധിച്ച പ്രതിഷേധം കോൺഗ്രസ്‌ ഹൈക്കമാൻഡിനെ അറിയിച്ചു എന്ന തരത്തിലുള്ള, അഭ്യൂഹങ്ങളും വ്യാജ വാർത്തകളും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ എനിക്കും കേരളത്തിലെ പാർട്ടിക്കും എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പോലും അനാവശ്യമായി ഈ വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ്  വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വ്യാജവും പാർട്ടിയെയും എന്നെയും അപകീർത്തിപെടുത്താൻ വേണ്ടി പാർട്ടിയുടെ ശത്രുക്കൾ ചമച്ച തെറ്റായ പ്രചാരണമാണ്. കോൺഗ്രസ്‌ പാർട്ടി കേരളത്തിൽ നേടാൻ പോകുന്ന വൻ വിജയത്തിൽ അസ്വസ്ഥരായവരാണ് ഈ പ്രചാരണത്തിന് പിന്നിൽ.- സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച  ഒരു പ്രവർത്തകനായ ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. കെപിസിസി അധ്യക്ഷ പദവിയുൾപ്പടെയുള്ള മുഴുവൻ സ്ഥാനങ്ങളും എനിക്ക് എന്റെ പ്രസ്ഥാനം നൽകിയിട്ടുള്ളതാണ്. കോൺഗ്രസ്‌ ഹൈക്കമാൻഡിൽ എനിക്ക് പരിപൂർണ്ണ വിശ്വാസമാണുള്ളത്. എപ്പോഴാണോ എന്നോട് കെപിസിസി അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുവാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നത് അപ്പോൾ മാത്രമേ ആ പദവി ഞാൻ ഏറ്റെടുക്കുകയുള്ളു. ഇക്കാര്യത്തിൽ എനിക്ക് യാതൊരു ആശങ്കയോ ധൃതിയോ ഇല്ല എന്ന കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. കോൺഗ്രസിനെ ദുർബ്ബലപ്പെടുത്താനുള്ള ശത്രുക്കളുടെ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുന്നുവെന്നും സുധാകരൻ കുറിച്ചു.

Content Highlights: k sudhakaran about kpcc president position