ഭാഷയില്‍ മിതത്വം പാലിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്; ജോര്‍ജിനോട് കെ. സുരേന്ദ്രന്‍

കെ. സുരേന്ദ്രന്‍, പി.സി. ജോര്‍ജ് | Photo: Mathrubhumi
കെ. സുരേന്ദ്രന്‍, പി.സി. ജോര്‍ജ് | Photo: Mathrubhumi

തിരുവനന്തപുരം: ബി.ജെ.പി.യുടെ കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അസ്വാരസ്യത്തിനും അസ്വസ്ഥതയ്ക്കും പ്രസക്തിയില്ലെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍. 

ഭാഷയില്‍ മിതത്വം പാലിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്, പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍. ബാക്കിയൊക്കെ കാത്തിരുന്നു കാണാം. അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എല്ലാഘടകങ്ങളും പരിശോധിച്ചാണ്. പത്തനംതിട്ടയിലെ മികച്ചസ്ഥാനാര്‍ഥിയാണ് അദ്ദേഹം. ജയിക്കുമെന്ന് ഉറപ്പുമുണ്ട്. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഉണ്ടാകില്ലെന്നും മീറ്റ് ദ പ്രസ് പരിപാടിയില്‍ സുരേന്ദ്രന്‍ പറഞ്ഞു. നേരത്തേ അനിലിനെ മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ടിവരുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

ജോര്‍ജിനെതിരേ അച്ചടക്കനടപടിയുണ്ടാകില്ല. പാര്‍ട്ടി എല്ലാം പരിശോധിക്കും. എന്നാല്‍, ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ സാമൂഹികമാധ്യമങ്ങളില്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ പാര്‍ട്ടിയില്‍ അവരുണ്ടാകില്ല, സുരേന്ദ്രന്‍ പറഞ്ഞു. 

Content Highlights: k surendran reply to pc george over anil antony candidature in pathanamthitta