യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ 'പേടില്ല', ഇന്ത്യ മുന്നണിക്ക് ആത്മാവ് വരാൻ പോകുന്നതേയുള്ളൂ- കെ. സുധാകരന്‍

കെ. സുധാകരന്‍ | Photo: Mathrubhumi
കെ. സുധാകരന്‍ | Photo: Mathrubhumi

കണ്ണൂര്‍: കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ല. ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പറയുന്നത് ജനമനസ്സ് തൊട്ടുകൊണ്ടല്ല, അവരുടെ പ്രചാരണം കണ്ടിട്ടാണ്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്ന് വിശ്വാസമില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാളെ ബി.ജെ.പി. വരില്ല എന്നൊന്നും പറയുന്നില്ല, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സാധ്യത വളരെ കുറവാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടെവന്ന് നടത്തുന്ന ആഭാസവും ആഘോഷവുമൊക്കെ ജനങ്ങളുടെ മനസ്സില്‍ പുച്ഛമാണ് ഉണ്ടാക്കുന്നത്. സാധാരണ മാന്യതയുള്ള ജനസമൂഹം അദ്ദേഹത്തിന്റെ പൂജയും കാര്യങ്ങളും ഉള്‍ക്കൊള്ളുന്നില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

'ഇരുപതില്‍ ഇരുപതാണ് കേരളത്തില്‍ യു.ഡി.എഫിന്റെ പ്രതീക്ഷ. ഞങ്ങളുടെ സ്ഥാനാര്‍ഥികളില്‍ 'പേടില്ല'. ജനങ്ങളുടെ അംഗീകാരവും കരുത്തും ഉള്ളവരേയുള്ളൂ. ആര്‍ക്കും അവരെ തള്ളാന്‍ സാധിക്കില്ല', അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയില്‍ ബി.ജെ.പി. പിറകോട്ടുപോകുമെന്നാണ് വിശ്വാസം. അഖിലേന്ത്യാ തലത്തില്‍ ഇന്ത്യ മുന്നണിക്ക് ആത്മാവ് വന്നിട്ടില്ല. വരാന്‍ പോകുന്നേയുള്ളൂ. ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയം മുന്നണിക്ക് ഉണ്ടാകും. അതിന്റെ അര്‍ഥം ഇന്ത്യ ഭരിക്കുമെന്നല്ല. ഇന്നലെവരെ എത്രമാത്രം പിന്നിലാണോ അതില്‍നിന്ന് ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: K Sudhakaran on Exit Poll 2024