പെരുമാറ്റച്ചട്ട ലംഘനം: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ 20.17 ലക്ഷം രൂപ പിടിച്ചെടുത്തു

തൊടുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ ഫ്ളയിങ് സ്‌ക്വാഡ് പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 20.17 ലക്ഷം രൂപ പിടികൂടി. ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 13-ന് ഉപ്പുതറ സ്വദേശിയിൽനിന്ന് രേഖകളില്ലാത്ത 10.17 ലക്ഷം രൂപയും 20-ന് മൂവാറ്റുപുഴ സ്‌ക്വാഡിന്റെ പരിശോധനയിൽ 10 ലക്ഷം രൂപയും പിടിച്ചെടുത്തത്. ഉപ്പുതറ സ്വദേശിയിൽനിന്ന് പിടിച്ചെടുത്ത തുക പോലീസിനും മുവാറ്റുപുഴയിൽനിന്ന് പിടിച്ച തുക മൂവാറ്റുപുഴ
ട്രഷറിക്കും കൈമാറി.
ഫ്ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും ചേർന്ന് പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 4547 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളാണ് നീക്കം ചെയ്തത്. 3430 പോസ്റ്ററുകളും 776 ബാനറുകളും 341 കൊടികളും നീക്കം ചെയ്തവയിൽപ്പെടുന്നു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 16 മുതലുള്ള കണക്കാണിത്. ഇതിൽ 588 പരാതികൾ സി-വിജിൽ ആപ്പ് മുഖേന ലഭിച്ചതാണ്.
Content Highlights: 20.17 lakh seized in Idukki Lok Sabha constituency