ആരാണ് കെ.ജെ. ഷൈന്‍? ; എറണാകുളത്ത് സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് സി.പി.എം.

#സ്വന്തം ലേഖകന്‍
കെ.ജെ. ഷൈന്‍ (Photo-Special arrangement, Mathrubhumi)
കെ.ജെ. ഷൈന്‍ (Photo-Special arrangement, Mathrubhumi)

കൊച്ചി: സി.പി.എമ്മിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിപ്പട്ടികയിലെ അപ്രതീക്ഷിത പേരായി കെ.ജെ. ഷൈന്‍. എറണാകുളം മണ്ഡലത്തില്‍ കെ.ജെ. ഷൈന്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ജില്ലയ്ക്ക് പുറത്ത് സുപരിചിതയല്ലെങ്കിലും വടക്കന്‍ പറവൂരിലെ രാഷ്ട്രീയരംഗത്തും സാംസ്‌കാരിക രംഗത്തും സജീവമാണ് കെ.ജെ.ഷൈന്‍ എന്ന ഷൈന്‍ ടീച്ചര്‍. സ്ഥാനാര്‍ഥി ചര്‍ച്ചയുടെ തുടക്കം മുതലേ ടീച്ചറുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. സ്ഥാനാര്‍ഥിപ്പട്ടിക പാര്‍ട്ടി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 27-ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ലോക്‌സഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ രണ്ടു വനിതാ സ്ഥാനാര്‍ഥികളിലൊരാള്‍ എറണാകുളത്തുനിന്നാകാമെന്ന തീരുമാനം ഉണ്ടായപ്പോഴേ ഷൈന്‍ ടീച്ചറുടെ പേര് പരിഗണനയിലെത്തിയിരുന്നു. സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന മറ്റൊരാള്‍ കെ.വി.തോമസിന്റെ മകള്‍ രേഖ തോമസായിരുന്നു. എന്നാല്‍, പാര്‍ട്ടിയ്ക്കകത്തുനിന്നു തന്നെയുള്ള ആളെന്ന നിലയില്‍ അവസാന നറുക്ക്  കെ.ജെ.ഷൈന് വീഴുകയായിരുന്നെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. 

കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈന്‍ ടീച്ചറുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ ഉപയോഗപ്പെടുത്താനും ഗുണംചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി. 'ന്യൂനപക്ഷം ഭൂരിപക്ഷമായ ജില്ലയില്‍, അവരില്‍നിന്നുള്ള ഒരാള്‍ തന്നെയാവട്ടെ സ്ഥാനാര്‍ഥിയെന്ന് തീരുമാനിച്ചു'വെന്നായിരുന്നു ഒരു നേതാവിന്റെ പ്രതികരണം.

കഴിഞ്ഞ മൂന്ന് ടേമായി വടക്കന്‍ പറവൂര്‍ നഗരസഭാംഗമാണ് കെ.ജെ. ഷൈന്‍. നിലവില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആണ്. തിരഞ്ഞെടുപ്പിലും നഗരസഭാംഗമെന്ന നിലയിലുമുള്ള മികവാണ് പാര്‍ട്ടി നേതൃതത്വത്തിന് ടീച്ചറില്‍ ആത്മവിശ്വാസമുണ്ടാക്കിയത്. യു.ഡി.എഫിന് മേല്‍ക്കയ്യുള്ള മേഖലകളില്‍ നിന്നാണ് ടീച്ചര്‍ മൂന്നു തവണയും ജയിച്ചതെന്ന് പ്രാദേശിക നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

പറവൂര്‍ ഡി.ആര്‍.സിയിലാണ് ഷൈന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂരിലെ ഇ.എം.എസ്. സാംസ്‌കാരിക പഠന കേന്ദ്രം ഉള്‍പ്പെടെയുള്ള വേദികളിലും നിറസാന്നിധ്യമാണ് മികച്ച പ്രാസംഗിക കൂടിയായ ഷൈന്‍ ടീച്ചര്‍.

ചേന്ദമംഗലം പോണത്ത് ജോസഫ്-മേരി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ്. ഭര്‍ത്താവ് ഡൈന്യൂസ് തോമസ്, പഞ്ചായത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ആരോമല്‍, ചൈനയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന അലന്‍, ബിരുദ വിദ്യാര്‍ഥിനിയായ ആമി എന്നിവരാണ് മക്കള്‍.

Content Highlights: who is kj shine cpm candidate at ernakulam