സമുദായവോട്ടില്‍ കണ്ണുംനട്ട് മുന്നണികള്‍, എറണാകുളത്ത് CPM പരീക്ഷണം വിജയിക്കുമോ?

എറണാകുളത്ത് രാഷ്ട്രീയപ്പാർട്ടികൾ പ്രഥമപരിഗണന നൽകാറുള്ളത് സാമുദായിക പ്രാതിനിധ്യത്തിനാണ്. സ്ഥാനാർഥി ക്രൈസ്തവസമുദായത്തിൽനിന്ന്, പ്രത്യേകിച്ച് ലത്തീൻ വിഭാഗത്തിൽനിന്നാവാൻ പാർട്ടികൾ ശ്രദ്ധിക്കാറുണ്ട്. മണ്ഡലത്തിലെ ജനസംഖ്യാ കണക്കുമായി പൊരുത്തപ്പെട്ടേക്കില്ലെങ്കിലും പൊതുവേ ക്രൈസ്തവസമുദായം വിധിനിർണയിക്കുന്ന ഇടമായാണ് രാഷ്ട്രീയനേതൃത്വം എറണാകുളത്തെ വിലയിരുത്തുന്നത്.
1967-ൽ സി.പി.എം. സ്ഥാനാർഥിയായ വി. വിശ്വനാഥമേനോൻ ഒഴിച്ച്, പതിനെട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിനേഴും ജയിച്ചത് അതേ സമുദായത്തിൽനിന്നുള്ള സ്ഥാനാർഥിയാണ്.
ഇക്കുറി നേരത്തേത്തന്നെ സ്ഥാനാർഥിയെ രംഗത്തിറക്കാൻ ഇടതുപക്ഷത്തിനു സാധിച്ചു. സ്ഥാനാർഥിയുടെ കാര്യത്തിൽ സമുദായപരിഗണന ഉറപ്പിക്കാനാണ് സി.പി.എമ്മും ആദ്യം ശ്രദ്ധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവ് പി. രാജീവ് തന്നെ രംഗത്തിറങ്ങിയിട്ടും വൻപരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
പാർട്ടിക്കുള്ളിൽനിന്ന് സാമുദായിക പരിഗണനനോക്കി പുതിയ ആളെ ഇറക്കിയുള്ള പരീക്ഷണത്തിനാണ് സി.പി.എം. ഇക്കുറി തയ്യാറായത്. സ്ഥിരമായി ചെയ്യുന്നതുപോലെ ഇടതുസ്വതന്ത്രനെ രംഗത്തിറക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചു. ഉള്ളവോട്ട് പാർട്ടിചിഹ്നത്തിൽത്തന്നെ വാങ്ങിയെടുക്കേണ്ടത് സി.പി.എമ്മിന് ദേശീയപദവി നിലനിർത്താൻ അനിവാര്യമാണ്. പട്ടികയിൽ ഒരു വനിതകൂടി വേണമെന്നു തീരുമാനിച്ചതോടെ സ്ഥാനാർഥിത്വം കെ.ജെ. ഷൈനെത്തേടി എത്തുകയായിരുന്നു.
യു.ഡി.എഫ്. കോട്ടയായി പറയുമ്പോഴും എറണാകുളത്ത് അഞ്ചുതവണ ഇടതുമുന്നണി ജയിച്ചിട്ടുണ്ട്. അതിൽ രണ്ടുതവണ ഉപതിരഞ്ഞെടുപ്പുകളായിരുന്നു. 1967-ൽമാത്രം സി.പി.എം. സ്ഥാനാർഥിയായ വി. വിശ്വനാഥമേനോൻ ജയിച്ചു.
പിന്നെ നാലുതവണയും സ്വതന്ത്രപരിവേഷത്തിലുള്ള ജയങ്ങളായിരുന്നു.
കോൺഗ്രസിന്റെ സ്ഥാനാർഥിപ്രഖ്യാപനം വരുന്നതിനു മാസങ്ങൾക്കുമുമ്പുതന്നെ ഹൈബി ഈഡൻ കരുക്കൾ നീക്കിത്തുടങ്ങിയിരുന്നു. പിതാവ് ജോർജ് ഈഡൻ രണ്ടുതവണ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ, ഹൈബി രണ്ടാമൂഴത്തിനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്.
കഴിഞ്ഞതിരഞ്ഞെടുപ്പിൽ 1.69 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഹൈബിക്കു ലഭിച്ചത്. അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടിച്ച 1.37 ലക്ഷം വോട്ടിനു മുകളിലെത്തുകയെന്നത് എൻ.ഡി.എ. സ്ഥാനാർഥിയുടെ വെല്ലുവിളിയാണ്. മൂന്നുമുന്നണികൾക്കുമെതിരേ ട്വന്റി 20-യുടെ അഡ്വ. ആന്റണി ജൂഡിയും പോരാട്ടരംഗത്തുണ്ട്.
Content Highlights: ernakulam lok sabha constituency 2024 Community representations