കോൺഗ്രസിന് വീണ്ടും തിരിച്ചടി; മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ കോൺഗ്രസിന് തിരിച്ചടിയായി വനിതാ നേതാവ് ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരിൽ നിന്ന് തങ്കമണി പാർട്ടി അംഗത്വം സ്വീകരിച്ചു.
കോൺഗ്രസിൽ സ്ത്രീകളോടുള്ള അവഗണനയാണ് രാജിക്ക് കാരണമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. 27 വയസുമുതൽ കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുന്നു. പല സ്ത്രീകളും അവഗണിക്കപ്പെടുകയാണെന്നും അവർ വിമർശിച്ചു.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു തങ്കമണി ദിവാകരൻ. എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു.
Content Highlights: congress leader thankamani divakaran joined bjp