ആറ്റിങ്ങലിൽ നാലിടത്ത്‌ മുന്നിലെത്തി യു.ഡി.എഫ്‌.

അടൂർ പ്രകാശ് | Photo: Mathrubhumi
അടൂർ പ്രകാശ് | Photo: Mathrubhumi

തിരുവനന്തപുരം: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി. മുന്നിൽ. ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലാണ് ബി.ജെ.പി. ആദ്യമായി ഭൂരിപക്ഷം നേടിയത്. നാലിടത്താണ് യു.ഡി.എഫ്. മുന്നിലെത്തിയത്. വി.ജോയിയുടെ മണ്ഡലമായ വർക്കലയിൽ മാത്രമാണ് ഇടതുപക്ഷത്തിനു മുന്നിലെത്താൻ കഴിഞ്ഞത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ എല്ലാ മണ്ഡലത്തിലും അടൂർ പ്രകാശിന്‌ വോട്ടു കുറഞ്ഞു. വർക്കല ഒഴിച്ചുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ വോട്ടിലും കുറവുണ്ടായി. ബി.ജെ.പി. എല്ലാ മണ്ഡലങ്ങളിലും വോട്ട് വർധിപ്പിക്കുകയും ചെയ്തു.

നെടുമങ്ങാട്-395, ചിറയിൻകീഴ്-2821, വാമനപുരം-5050, അരുവിക്കര-2232 എന്നിങ്ങനെയാണ് അടൂർ പ്രകാശിന്റെ ഭൂരിപക്ഷം. വർക്കല 5114 വോട്ടാണ് എൽ.ഡി.എഫിന് ലീഡുണ്ടായിരുന്നത്. വർക്കലയിലും ആറ്റിങ്ങലിലും യു.ഡി.എഫ്. മൂന്നാംസ്ഥാനത്തേക്കു പോയി. കാട്ടാക്കടയിൽ എൽ.ഡി.എഫാണ് മൂന്നാംസ്ഥാനത്ത്. ആറായിരത്തിലേറെ വോട്ടുകൾക്കാണ് സി.പി.എം. പിന്നിലായത്.

ബി.ജെ.പി.ക്കു മുന്നിലെത്തിയ രണ്ട് മണ്ഡലങ്ങളിലും നല്ല ഭൂരിപക്ഷവുമുണ്ടായിരുന്നു. ആറ്റിങ്ങലിൽ 6287 വോട്ടിന്റെയും കാട്ടാക്കടയിൽ 4779 വോട്ടിന്റെയും ഭൂരിപക്ഷമാണു ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയിരുന്നു. രണ്ട് മുന്നണികൾക്കും ഒപ്പത്തിനൊപ്പം നിന്ന ബി.ജെ.പി. അരുവിക്കരയിലാണ് പിന്നാക്കം പോയത്. പതിനായിരത്തിലേറെ വോട്ടിനാണ് ഇവിടെ പിന്നിലായത്.

സി.പി.എം. ഏറെ പ്രതീക്ഷവെച്ചിരുന്ന ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തേക്ക് പോവുകയും ചെയ്തു.

2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏഴിൽ ആറ് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു അടൂർ പ്രകാശിന്റെ വിജയം. കഴിഞ്ഞ തവണ എൽ.ഡി.എഫ്. മുന്നിലെത്തിയ നെടുമങ്ങാട്ട് ഇത്തവണ അടൂർ പ്രകാശിന് 395 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മികച്ച വിജയമാണ് എൽ.ഡി.എഫ്. നേടിയത്. വർക്കലയിൽ 17821, കാട്ടാക്കടയിൽ 23231, ആറ്റിങ്ങലിൽ 31616 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.

Content Highlights: UDF takes lead in 4 assembly consistuencies in Attingal