ആറ്റിങ്ങൽ കടക്കാൻ ജില്ലാ സെക്രട്ടറിയെ രംഗത്തിറക്കി പോരാട്ടം

ഫയല്‍ ഫോട്ടോ | മാതൃഭൂമി
ഫയല്‍ ഫോട്ടോ | മാതൃഭൂമി

തിരുവനന്തപുരം: പാർട്ടിക്ക് നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലം പിടിക്കാൻ ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കി സി.പി.എം. കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലം തിരികെപ്പിടിക്കാൻ വി.ജോയിയിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

ജില്ലാ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളും നേതൃത്വപാടവും തന്നെയാണ് ജോയിയെ പരിഗണിക്കാൻ പ്രധാന കാരണം. ജില്ലാ നേതൃത്വത്തിൽ ചില തർക്കങ്ങളും പക്ഷപാതിത്വവുമെല്ലാം നിലനിൽക്കുന്ന സമയത്താണ് ജോയി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പോഷകസംഘടനകളിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. തെറ്റായ പ്രവണതകൾക്ക് എതിരേ കർശന നടപടികളെടുത്തപ്പോഴും ഒരു പക്ഷത്തിന്റേയും ഭാഗമായില്ല.

ജില്ലാ നേതൃത്വത്തിൽ താരതമ്യേന പുതുമുഖം ആയിരുന്നെങ്കിലും മുതിർന്ന നേതാക്കളെയെല്ലാം ഒപ്പം നിർത്താനും പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനും ആയി എന്നതും മികവായി പരിഗണിക്കപ്പെട്ടു. കഴിഞ്ഞ ജനുവരിയിലാണ് ജോയി ജില്ലാ സെക്രട്ടറിയായത്.

അതിന് മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സമിതിയംഗവുമായി. മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ വർഷങ്ങളായി വ്യക്തിബന്ധങ്ങളുള്ള നേതാവുമാണ് ജോയി.

രണ്ടുതവണ അഴൂർ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിക്കുകയും രണ്ടു തവണയും പ്രസിഡന്റാവുകയും ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പ്രസിഡന്റായും തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് 2016-ൽ നിയമസഭാ സ്ഥാനാർഥിയാക്കിയത്.

കോൺഗ്രസ് മൂന്ന് തവണ തുടർച്ചയായി ജയിച്ച വർക്കല മണ്ഡലം രണ്ടായിരത്തിലധികം വോട്ടുകൾക്ക് പിടിച്ചെടുക്കുകയും രണ്ടാമൂഴത്തിൽ പതിനേഴായിരത്തിലധികം ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു.

Content Highlights: V Joy Attingal Lok sabha CPM Candidate