മുൾമുനയിൽ നിർത്തിയ ക്ലൈമാക്‌സുകൾ,, ആറ്റിങ്ങലിൽ ഒടുവിൽ അടൂർ പ്രകാശ് തന്നെ; ഏറ്റവും ചെറിയ ഭൂരിപക്ഷം

അടൂര്‍ പ്രകാശ്‌
അടൂര്‍ പ്രകാശ്‌

ആറ്റിങ്ങൽ: കേരളത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങൽ മണ്ഡലം സാക്ഷിയായത്. തുടക്കം മുതൽ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ജയപരാജയങ്ങൾ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങൽ മണ്ഡലം അടൂർ പ്രകാശ് നിലനിർത്തി. എൽ.ഡി.എഫ്. സ്ഥാനാർഥിയും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി. ജോയ് ഉയർത്തിയ കടുത്ത പോരാട്ടത്തിനൊടുവിൽ ഫോട്ടോഫിനിഷിലായിരുന്നു അടൂർ പ്രകാശിന്റെ വിജയം. 

2019-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഡോ. എ. സമ്പത്തിനെതിരേ 38,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അടൂർ പ്രകാശിന്റെ ഭൂരിപക്ഷം ഇത്തവണ വെറും 1,708 വോട്ടിൽ പിടിച്ചുനിർത്താൻ സാധിച്ചതിൽ എൽ.ഡി.എഫിനും വി. ജോയിക്കും സന്തോഷിക്കാം. ഇരു മുന്നണികൾക്കുമെതിരേ കടുത്ത പോരാട്ടം കാഴ്ചവെച്ച ബി.ജെ.പി. സ്ഥാനാർഥിയും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരൻ ഇത്തവണ 3,07,133 വോട്ടുകൾ നേടിയത് ശ്രദ്ധേയമായി. 2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രൻ 2,48,081 വോട്ടുകൾ നേടിയിടത്താണ് ഇത്തവണ മുരളീധരന് 59,052 വോട്ടുകൾ അധികം നേടാനായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ.്, യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് തങ്ങളുടെ ലീഡ് 6000-ന് മുകളിലേക്ക് കൊണ്ടുപോകാൻ സാധിച്ചില്ലെന്നത് മണ്ഡലത്തിലെ കടുത്ത പോരാട്ടത്തിന്റെ തെളിവായി.

സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച പി.എൽ. പ്രകാശ് 1758 വോട്ടുകളും എസ്. പ്രകാശ് 744 വോട്ടുകളും നേടിയത് അടൂർ പ്രകാശിന്റെ ഭൂരിപക്ഷം കുറച്ചതിൽ പ്രധാനമായി. 9665 വോട്ടുകളാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നോട്ടയ്ക്ക് വീണത്. കഴിഞ്ഞ തവണ 3,42,748 വോട്ടുകൾ നേടിയ എൽ.ഡി.എഫിന് ഇത്തവണ 21,572 വോട്ടുകൾ കുറഞ്ഞു.

മറ്റെങ്ങും കാണാത്തവിധം കടുപ്പമേറിയ ത്രികോണ മത്സരമായിരുന്നു ആറ്റിങ്ങലിൽ. രാവിലെ ഒമ്പതു മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്ന് ആദ്യ ഫലസൂചനകൾ വന്നപ്പോൾ അടൂർ പ്രകാശായിരുന്നു മുന്നിൽ. പിന്നാലെ 9.40-ഓടുകൂടി വന്ന ഫലസൂചനകളിൽ എൽ.ഡി.എഫ്. സ്ഥാനാർഥി വി. ജോയ് 176 വോട്ടിന്റെ നേരിയ ലീഡ് നേടി. 

പക്ഷേ ഈ ലീഡിന് മിനിറ്റുകളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളൂ. 10 മണി കഴിഞ്ഞതോടെ അടൂർ പ്രകാശ് 2,142 വോട്ടിന്റെ ലീഡ് നേടി. ഏറിയും കുറഞ്ഞും അദ്ദേഹത്തിന്റെ ലീഡ് മാറിമറിഞ്ഞ് ഒടുവിൽ 11 മണിയോടുകൂടി അടൂർ പ്രകാശ് 2,885 വോട്ടിന്റെ ലീടെുത്തു. 

20 മിനിറ്റിനുള്ളിൽ ജോയ് ലീഡ് തിരികെപ്പിടിച്ചു. വീണ്ടും മാറിമറിഞ്ഞ ലീഡിനൊടുവിൽ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ വി. ജോയ് തന്റെ ലീഡ് 4.317 ആയി ഉയർത്തിയതോടെ എൽ.ഡി.എഫ്. കേന്ദ്രങ്ങളിൽ ആഹ്ലാദം അണപൊട്ടി. ഒരു മണിക്കൂറിന് ശേഷം അദ്ദേഹം ലീഡ് 5.526 ആയി ഉയർത്തിയതോടെ ഇത്തവണ എൽ.ഡി.എഫ്. രണ്ടു സീറ്റുകളിലേക്കെന്ന സ്ഥിതിയായി. എന്നാൽ അവസാന 50,000 വോട്ടുകൾ എണ്ണിത്തീർന്നതോടെ അടൂർ പ്രകാശ് വീണ്ടും നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. ഒടുവിൽ അഞ്ചു മണിയോടെ ഫലം പുറത്തുവന്നപ്പോൾ. അടൂർ പ്രകാശിന് 1,708 വോട്ടിന്റെ വിജയം.

എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിൽ രാഷ്ട്രീയശ്രദ്ധ കിട്ടിയ മണ്ഡലമാണ് ആറ്റിങ്ങൽ. 38,247 വോട്ടുകൾക്ക് 2019-ൽ അടൂർ പ്രകാശ് വിജയിച്ച മണ്ഡലത്തിൽ പക്ഷേ ഇത്തവണ അദ്ദേഹത്തിന് ആ മുന്നേറ്റം സാധ്യമായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3,80,995 വോട്ടുകൾ നേടിയ അടൂർ പ്രകാശിന് ഇത്തവണ 58,111 വോട്ടുകളുടെ കുറവ് വന്നു. ബി.ജെ.പി. സ്ഥാനാർഥി ഇത്തവണ 59,052 വോട്ടുകൾ അധികം നേടിയെന്നത് ചേർത്തുവായിക്കേണ്ട കാര്യമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ ആറ്റിങ്ങൽ കേന്ദ്രീകരിച്ചുള്ള മുരളീധരന്റെ പ്രവർത്തനങ്ങൾ ഒരു തരത്തിൽ ഫലം കണ്ടു എന്നു വേണമെങ്കിൽ പറയാം. ശിവഗിരി മഠത്തിന്റെ പരോക്ഷമായ പിന്തുണയും മുരളീധരനുണ്ടായിരുന്നു.

Content Highlights: attingal kerala lok sabha election results 2024 adoor prakash wins narrow margin