ആറ്റിങ്ങൽ ത്രില്ലർ; വാശിയേറിയ ത്രികോണപ്പോരിനൊടുവിൽ അടൂർ പ്രകാശിന്റെ ഫോട്ടോഫിനിഷ്

തിരുവനന്തപുരം: അവസാനനിമിഷംവരെ അനിശ്ചിതത്വം നിറഞ്ഞുനിന്ന് ഫോട്ടോ ഫിനിഷിലേക്കു നീങ്ങിയ മത്സരത്തിൽ ആറ്റിങ്ങൽ മണ്ഡലം നിലനിർത്തി അടൂർ പ്രകാശ്.
ലീഡ്‌നില ആദ്യംമുതൽ പലവട്ടം മാറിമറിഞ്ഞ ആറ്റിങ്ങലിൽ അവസാന റൗണ്ടിലാണ് യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ് വിജയം നേടിയത്. 984512 വോട്ട് പോൾ ചെയ്ത മണ്ഡലത്തിൽ 684 വോട്ടിനാണ് എൽ.ഡി.എഫിലെ വി.ജോയിയെ അടൂർ പ്രകാശ് മറികടന്നത്. മൂന്നു മുന്നണി സ്ഥാനാർഥികളും മൂന്നുലക്ഷത്തിലധികം വോട്ട് നേടിയ ആറ്റിങ്ങലിലാണ് ഇത്തവണ കേരളത്തിൽ ശക്തമായ ത്രികോണമത്സരം നടന്നതെന്ന പ്രത്യേകതയുമുണ്ട്.
മൂന്നുപതിറ്റാണ്ട് സി.പി.എം. കൈവശം െവച്ചിരുന്ന ആറ്റിങ്ങൽ (പഴയ ചിറയിൻകീഴ്) 2019-ൽ അടൂർ പ്രകാശ് തിരിച്ചുപിടിക്കുകയായിരുന്നു. 2019-ൽ ഹാട്രിക്കും മണ്ഡലത്തിൽ അഞ്ചാം വിജയവും പ്രതീക്ഷിച്ചെത്തിയ എ.സമ്പത്തിനെ 39171 വോട്ടിനാണ് അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. 2014-ൽ 90528 വോട്ട് നേടിയ ബി.ജെ.പി. 2019-ൽ ശോഭാ സുരേന്ദ്രനിലൂടെ ആറ്റിങ്ങലിൽ 246502 വോട്ട് നേടിയിരുന്നു.
2019-ൽ മൊത്തം പോൾചെയ്ത വോട്ടിന്റെ 37.98 ശതമാനം വോട്ട് യു.ഡി.എഫും 34.06 ശതമാനം വോട്ട് എൽ.ഡി.എഫും 24.67 ശതമാനം വോട്ട് ബി.ജെ.പി.യും നേടി.
ഭൂരിപക്ഷത്തെ മറികടന്ന് അപരൻമാർ; നോട്ടയ്ക്ക് 9786
: ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനെ മുൾമുനയിലാക്കി അപരൻമാർ. അടൂർ പ്രകാശ് പിന്നിൽപ്പോയ പല സാഹചര്യത്തിലും അപരൻമാർ എൽ.ഡി.എഫ്. ലീഡിനേക്കാൾ കൂടുതൽ വോട്ട് നേടിയിരുന്നു. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ അടൂർ പ്രകാശിന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടാണ് പ്രകാശ് എന്ന പേരുള്ള രണ്ടു സ്ഥാനാർഥികളും ഇത്തവണ നേടിയത്. പി.എൽ.പ്രകാശ് 1814-ഉം എസ്.പ്രകാശ് 811-ഉം ഉൾപ്പെടെ 2625 വോട്ടാണ് നേടിയത്.
നോട്ടയ്ക്ക് ഇത്തവണ ആറ്റിങ്ങലിൽ ലഭിച്ചത് 9791 വോട്ടാണ്. 2019-ൽ 5685 വോട്ടാണ് നോട്ടയ്ക്കു ലഭിച്ചത്. കഴിഞ്ഞതവണത്തേക്കാൾ 4101 വോട്ട് നോട്ടയ്ക്കും അധികം ലഭിച്ചു.
റീ-കൗണ്ടിങ്: ജോയിക്ക് ഒരു വോട്ട് കൂടി
എൽ.ഡി.എഫ്. അസാധുവോട്ടുകൾക്ക് റീ-കൗണ്ടിങ് ആവശ്യപ്പെട്ടതോടെ ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഫലത്തെക്കുറിച്ചുള്ള സസ്‌പെൻസ് അർധരാത്രിയിലേക്കു നീണ്ടു. വീണ്ടും എണ്ണിയപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ഒരു വോട്ട് അധികമായി ലഭിക്കുകയും ചെയ്തു.
വൈകീട്ടോടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ് 685 വോട്ടിനു മുന്നിട്ടുനിൽക്കുകയായിരുന്നു. 902 പോസ്റ്റൽ വോട്ടുകൾ അസാധുവായി ഉണ്ടായിരുന്നു. ഭൂരിപക്ഷത്തേക്കാൾ കൂടുതൽ അസാധുവോട്ടുകൾ ഉള്ളതിനാൽ എൽ.ഡി.എഫ്. റീ-കൗണ്ടിങ്ങിന് അപേക്ഷ നൽകി.
വോട്ടെണ്ണൽ കേന്ദ്രമായ ബഥനി നവജീവൻ കോളേജിൽ രാത്രി എട്ടരയോടെ ഇരുമുന്നണികളുടെയും ഏജന്റുമാരുടെ സാന്നിധ്യത്തിൽ അസാധുവോട്ടുകളുടെ പരിശോധന ആരംഭിച്ചു. രാത്രി 11.15-ഓടെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥി വി.ജോയിക്ക് ഒരു വോട്ട് അധികമായി ലഭിച്ചു. അടൂർ പ്രകാശിന്റെ ലീഡ് 685-ൽനിന്ന് 684 ആയി കുറഞ്ഞു.
ഈ സമയമത്രയും അടൂർ പ്രകാശ് വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ ഉണ്ടായിരുന്നു. യു.ഡി.എഫിന്റെ വിജയമാഘോഷിക്കാനായെത്തിയ പ്രവർത്തകർ ഗേറ്റിനു പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു. പുറത്തിറങ്ങിയ അടൂർ പ്രകാശിന് പ്രവർത്തകർ സ്വീകരണം നൽകി. ഭൂരിപക്ഷം കുറഞ്ഞാലും രാത്രി വൈകിയും ആഹ്ലാദത്തിനു തെല്ലും കുറവുണ്ടായിരുന്നില്ല. അടൂർ പ്രകാശ് 3,28,051 വോട്ടും വി.ജോയി 3,27,367 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി വി.മുരളീധരൻ 3,11,779 വോട്ടും നേടി.
Content Highlights: Adoor Prakash's photo finish Attingal Lok Sabha Constituency