പരീക്ഷാച്ചൂടിൽനിന്ന് തിരഞ്ഞെടുപ്പ് ചൂടിലേക്ക്‌,26ാം വയസില്‍ കോണ്‍ഗ്രസ് കോട്ട പിടിച്ചെടുത്ത ശിവരാമന്‍

എസ്. ശിവരാമൻ
എസ്. ശിവരാമൻ

ഒറ്റപ്പാലം: മുപ്പത്തിരണ്ടുവർഷം മുൻപത്തെ മാർച്ച് മാസം, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ അന്ന് എം.കോം. അവസാനവർഷ ക്ലാസുകൾ തീരുന്ന സമയമാണ്. കെ.ആർ. നാരായണൻ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഒറ്റപ്പാലം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർട്ടികൾ സ്ഥാനാർഥിയെ തിരയുന്ന തിരക്കിലായിരുന്നു. 26 വയസ്സുകാരനായ അന്നത്തെ എസ്.എഫ്.ഐ. നേതാവ് എസ്. ശിവരാമൻ ലക്കിടിയിലെ വീട്ടിൽ എം.കോം. പരീക്ഷയുടെ പഠനത്തിന്റെ തിരക്കിലും.

ഒരുദിവസം രാവിലെ ലക്കിടിയിലെ പ്രാദേശികനേതാവ് ഹരിദാസൻ കൈയിൽ ഒരു 'മാതൃഭൂമി' പത്രവുമായി ശിവരാമനെ തേടിയെത്തി. സഖാവേ നിങ്ങളാണ് സ്ഥാനാർഥിയെന്ന് പത്രത്തിലുണ്ട്. 'ഒറ്റപ്പാലത്ത് ശിവരാമനെ പരിഗണിക്കുന്നു' എന്ന തലക്കെട്ടോടെയുള്ള വാർത്ത ശിവരാമൻ വായിച്ചു. പക്ഷേ, അത് അത്ര വിശ്വാസമായില്ല. എന്നാൽ, വൈകാതെ സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസിൽനിന്ന് വിളിയെത്തി. അവിടെയെത്തി നേതാക്കളായ ടി. ശിവദാസമേനോൻ, എം. ചന്ദ്രൻ, എ.കെ. ബാലൻ, പി. ഉണ്ണി എന്നിവരെക്കണ്ടു. 'മാനസികമായി തയ്യാറെടുക്കണം'. ശിവരാമന് മനസ്സിൽ പേടി കടന്നുകൂടി. 'പരീക്ഷ, ജോലി അങ്ങനെ ആവഴിക്ക് പോകാനായിരുന്നു താത്പര്യം'- നേതാക്കളോട് തന്റെ വിസമ്മതം തുറന്നുപറഞ്ഞു. 'ഇത് ഒരു അവസരമല്ലേ മത്സരിക്കൂ'വെന്ന് വീണ്ടും നിർദേശം. അങ്ങനെ ആ വിദ്യാർഥി ലോക്‌സഭാമണ്ഡലം സ്ഥാനാർഥിയായി.

എന്നാൽ, തിരഞ്ഞെടുപ്പ് മൂന്നുതവണ നീട്ടിവെച്ചു. അതിനിടെ ശിവരാമന്റെ എം.കോം. പരീക്ഷയെത്തി. ' എം.പി. പാലത്തിനുമുമ്പേ എം.കോം. പാലം കടക്കാൻ ശിവരാമൻ' എന്ന തലക്കെട്ടിൽ സ്ഥാനാർഥിയായ താൻ പരീക്ഷയെഴുതുന്ന ചിത്രംസഹിതം പത്രവാർത്തവന്നത് ശിവരാമൻ ഇപ്പോഴും ഓർക്കുന്നു.

‘ഉപരാഷ്ട്രപതിയുടെ മണ്ഡലം’ എന്ന പ്രചാരണത്തിൽ ജയിച്ചുകയറാമെന്ന്‌ പ്രതീക്ഷിച്ച കോൺഗ്രസിന്‌ കാലിടറി. 1,32,652 വോട്ട് ഭൂരിപക്ഷത്തിന്‌ ശിവരാമൻ എം.പി.യായി.

കെ.ആർ. നാരായണനുൾപ്പെടെ ജയിച്ച ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിലെ എറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോഡും ശിവരാമന്റെ പേരിലാണ്. പിന്നീട് ശിവരാമൻ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി.

ഇ.എം.എസിന്റെയും നായനാരുടെയുമെല്ലാം ചിത്രംമാത്രമേ അക്കാലത്ത് ശിവരാമൻ കണ്ടിരുന്നുള്ളൂ. നേരിൽക്കാണാനും ഇവരുടെ പ്രസംഗം കേൾക്കാനും കൊതിച്ചിരുന്ന വിദ്യാർഥിനേതാവിന് ഇതുരണ്ടും നടന്നത് തന്റെ തിരഞ്ഞെടുപ്പു പ്രാചരണത്തിനെത്തിയപ്പോഴെന്ന കൗതുകവുമുണ്ട്. വോട്ടുതേടി ബേബി ജോണും എം.പി. വീരേന്ദ്രകുമാറും പി.കെ. വാസുദേവൻ നായരുമെല്ലാമെത്തിയത് ഇപ്പോഴും ശിവരാമന് കൗതുകമുള്ള ഓർമയാണ്.

Content Highlights: s sivaraman memories about loksabha election