പാട്ടില്ലാതൊരു വോട്ടുതേടലുമില്ല; ആലത്തൂർ വഴി പാർലമെന്റിലേക്കൊരു ടിക്കറ്റ്

വിടാതെ പിടിച്ച്... ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് തൃപ്പാളൂർ തെക്കുംമുറിയിൽ പ്രചാരണത്തിനിടെ കൈക്കുഞ്ഞിനെ കൈയിലെടുത്ത് പാട്ടുപാടിയശേഷം തിരികെ കൊടുക്കുമ്പോൾ, റിബൺ മാല പിടിച്ചെടുക്കുന്ന കുഞ്ഞ്| ഫോട്ടോ: പി.പി. രതീഷ്
വിടാതെ പിടിച്ച്... ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് തൃപ്പാളൂർ തെക്കുംമുറിയിൽ പ്രചാരണത്തിനിടെ കൈക്കുഞ്ഞിനെ കൈയിലെടുത്ത് പാട്ടുപാടിയശേഷം തിരികെ കൊടുക്കുമ്പോൾ, റിബൺ മാല പിടിച്ചെടുക്കുന്ന കുഞ്ഞ്| ഫോട്ടോ: പി.പി. രതീഷ്

ആലത്തൂർ: തൃപ്പാളൂർമുക്കിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് ചൂട് കനത്തിരുന്നു. ആളുകളെല്ലാം തണലുചേർന്ന്‌ നിൽക്കുന്ന സമയം. എന്നാൽ, ആ ചൂടിനേക്കാൾ വലുതാണ് തിരഞ്ഞെടുപ്പുചൂടെന്ന്‌ പ്രഖ്യാപിച്ച് ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് പ്രചാരണവാഹനത്തിൽ തൃപ്പാളൂരിലെത്തി.

വണ്ടി നിർത്തിയതും കൈയിൽ ഒരു മൈക്ക് ആയുധമാക്കി രമ്യാഹരിദാസ് റോഡിലേക്കിറങ്ങി. ‘ചേട്ടൻമാരെ ചേച്ചിമാരെ കൂട്ടികളെ...’ തണലത്തു മാറിനിന്നവരെയെല്ലാം മൈക്കിലൂടെ വിളിച്ച് ഒപ്പംനിർത്തി പ്രചാരണം തുടങ്ങി. മൈക്കിൽ എല്ലാവരും കേൾക്കെയായിരുന്നു ഒാരോരുത്തരോടുമുള്ള വോട്ടുതേടൽ. വഴിയരികിലുള്ളവർക്കെല്ലാം കൈകൊടുത്ത് ‘കൈ വിടരുതെ.. കൈപ്പത്തിക്കൊപ്പം നിൽക്കണേ’യെന്ന് ഓരോരുത്തരോടും അഭ്യർഥിച്ചു. ഒരു കടയിൽനിന്ന് മറ്റൊരു കടയിലേക്ക് ഓടിക്കയറി വോട്ടുതേടൽ. എല്ലാ കേന്ദ്രത്തിലും സ്ത്രീകളുടെ സാന്നിധ്യമുള്ളത് പ്രതീക്ഷയോടെയാണ്‌ യു.ഡി.എഫ്. നോക്കിക്കാണുന്നത്.

പാട്ടില്ലാതെ രമ്യയില്ല

പാട്ടില്ലാതൊരു വോട്ടുതേടലുമില്ല. ഇനി പാടേണ്ടെന്നുവെച്ചാലോ നാട്ടുകാർ മുന്നോട്ടുവരും ഒരുപാട്ട് വേണമെന്ന ആവശ്യവുമായി. തെക്കുമുറിയിൽ വീടിനുമുന്നിൽ നിന്ന വനിതകളോട് വോട്ടഭ്യർഥിക്കുന്നതിനിടെ, അവരിലൊരാളുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ വാരിയെടുത്തു.

‘ഒരുപാട്ടുപാടുമോ’ ആവശ്യമുയർന്നു. ‘താരാട്ടുപാട്ടായാലോ’. കുഞ്ഞിനെ എടുത്തുകൊണ്ട് ‘ഉണ്ണി വാവാവോ...’ എന്ന പാട്ടുപാടാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. കഴുത്തിലുള്ള സ്വീകരണമാലകൾ കുഞ്ഞിനെ അണിയിച്ചശേഷം അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.

3.40-ന് പെരിങ്കുളത്തെത്തി. അവിടെയും ഓടിനടന്ന്‌ കഴിയാവുന്നത്ര വോട്ടർമാരെക്കണ്ട് മടങ്ങുന്നതിനിടെയും ഒരാളെത്തി. ആവശ്യം പാട്ടുതന്നെ. ഒന്നല്ല, രണ്ടെണ്ണം. ഒരു നാടൻപാട്ടും ഒരുസിനിമാ പാട്ടും. ‘അത്രയ്ക്ക് വേണോ ചേട്ടാ...’ ഒന്നുമടിച്ചെങ്കിലും ആവശ്യം അംഗീകരിച്ചു. ‘കരിങ്കാളിയല്ലേ..’ എന്ന പാട്ട് ആദ്യം. ‘കാനനച്ഛായയയിലാടുമേയ്ക്കാൻ’ എന്ന ഗാനവും പിന്നാലെയെത്തി.പ്രചാരണവാഹനത്തിനുസമീപം കൂടിനിന്ന ഓട്ടോഡ്രൈവർമാർ ആ പാട്ടിനൊത്ത്‌ ചുവടുംവെച്ചതോടെ പെരിങ്കുളത്തെ പ്രചാരണം കളറായി.

രാഹുൽഗാന്ധിക്ക് കരുത്തുപകരാൻ

പാട്ടുപാടി വോട്ടുതേടൽ മാത്രമല്ല, ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ഉറക്കെപ്പറയുന്നു. ‘രാജ്യത്തെ അടുത്ത തലമുറയ്ക്ക്‌ കൈമാറാൻ നമ്മുടെ ഭരണഘടനയ്ക്കും പോറലേൽക്കാതിരിക്കണം. അതിന്‌ നമ്മുടെ രാഹുൽഗാന്ധിനയിക്കുന്ന പാർലമെന്റിൽ അദ്ദേഹത്തിന്റെ കരങ്ങൾക്ക്‌ കരുത്തായി ആലത്തൂരിന്റെ പ്രതിനിധിവേണം. രാഹുൽഗാന്ധിക്കൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങൾക്കൊപ്പം നിൽക്കാൻ രാജ്യത്തിനായി വോട്ടുചെയ്യണം. കൈവിടാതെ കൈപ്പത്തിക്കൊപ്പം നിൽക്കണം’ -രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ച് ഉറച്ച നിലപാടോടെയായിരുന്നു ഒാരോയിടത്തെയും വോട്ടുതേടൽ.

Content Highlights: Remya haridas election campaign 2024 lok sabha election