പനംപട്ടയുടെ തണ്ട് തല്ലിച്ചതച്ച് ബ്രഷ്, കാവിപ്പൊടിയും നീലവും ചുണ്ണാമ്പും കലർത്തി ചുമരെഴുത്ത്

കിഴക്കഞ്ചേരി: 'പ്രചാരണം ഒന്നുകൂടി ശക്തിപ്പെടുത്തണം'. തിരഞ്ഞെടുപ്പുക്കാലത്ത് ഓരോ രാഷ്ട്രീയപ്പാർട്ടികളിലും ഇത്തരം വിലയിരുത്തലുകൾ പതിവാണ്. ഇങ്ങനെയൊരു നിർദേശം എതിർസ്ഥാനാർഥിയിൽനിന്ന് അത്ഭുതത്തോടെ കേട്ടുനിന്നത് ഓർക്കുകയാണ് മുതിർന്ന സി.പി.ഐ. നേതാവ് കെ.ഇ. ഇസ്മയിൽ. കന്നിമത്സരവും കന്നിവിജയവും സമ്മാനിച്ച 1982-ലെ തിരഞ്ഞെടുപ്പിലായിരുന്നു അത്. പട്ടാമ്പിയിൽ കെ.ഇ. ഇസ്മയിലാണ് ഇടതുപക്ഷ സ്ഥാനാർഥി.
ആസൂത്രണബോർഡ് അംഗവും സാമ്പത്തിക വിദഗ്ധനുമായ ഡോ. പി.കെ. ഗോപാലകൃഷ്ണനായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി.
തമ്മിൽ കാണുമ്പോൾ ഒരധ്യാപകന്റെ സ്‌നേഹവാത്സല്യത്തോടെ സ്ഥലങ്ങളുടെ പേരെടുത്ത് പറഞ്ഞ് അവിടെ പ്രചാരണം ശക്തിപ്പെടുത്തണമെന്നും കുറച്ചുകൂടി പോസ്റ്ററുകൾ ഒട്ടിക്കണമെന്നും ഡോ. പി.കെ. ഗോപാലകൃഷ്ണൻ നിർദേശിക്കുമായിരുന്നെന്ന് കെ.ഇ. ഇസ്മയിൽ ഓർക്കുന്നു.
1991-ലും 1996-ലും പട്ടാമ്പിയിൽനിന്ന് കെ.ഇ. ഇസ്മയിൽ വിജയിച്ചു. 1996-2001 കാലഘട്ടത്തിൽ റവന്യൂ മന്ത്രിയുമായി.
1982-ൽ ആദ്യമായി പട്ടാമ്പിയിൽ മത്സരിക്കുമ്പോൾ എല്ലാ വീട്ടിലും കയറിയിറങ്ങിയത് ഇന്നും നല്ലൊരു ഓർമയാണ്. നൂറോളം പേരടങ്ങുന്ന ജാഥയായി നടന്നാണ് വീടുകൾ കയറുന്നത്. രണ്ടുമണിക്കൂറാണ് ഒരുസംഘം സ്ഥാനാർഥിക്കൊപ്പം നടക്കാനുണ്ടാവുക.
അത് കഴിഞ്ഞാൽ അടുത്ത രണ്ടുമണിക്കൂർ മറ്റൊരുസംഘം അനുഗമിക്കും. ഈ രീതിയിൽ ദിവസംമുഴുവൻ നടന്നായിരുന്നു വീടുകൾ കയറിയത് -കെ.ഇ. പറഞ്ഞു.
പനംപട്ട ബ്രഷുപയോഗിച്ച്ചുമരെഴുത്ത്
പനംപട്ടയുടെ തണ്ട് തല്ലിച്ചതച്ച് ബ്രഷുണ്ടാക്കും. കാവിപ്പൊടിയും നീലവും ചുണ്ണാമ്പും കലർത്തി ചുമരെഴുത്തിനിറങ്ങും. 1957-ൽ ആദ്യമായി പ്രചാരണത്തിനിറങ്ങുമ്പോൾ
തന്റെയും സുഹൃത്ത് മൂലങ്കോട് അപ്പുക്കുട്ടന്റെയും പ്രധാനദൗത്യം ഇതായിരുന്നെന്ന് കെ.ഇ. ഓർക്കുന്നു.
ആലത്തൂർമണ്ഡലം ഇടതുസ്ഥാനാർഥി ആർ. കൃഷ്ണന് വേണ്ടിയായിരുന്നു ആദ്യ പ്രചാരണം. അന്ന് കെ.ഇ. ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. അക്കാലത്ത് വേലികളായിരുന്നു കൂടുതലും. എങ്കിലും കഴിയുന്നത്ര മതിലുകൾ കണ്ടെത്തി ഭംഗിയായി ചുമരെഴുതുകയെന്നത് ഹരമായിരുന്നെന്ന് കെ.ഇ. പറയുന്നു. മൈക്കുണ്ടായിരുന്നില്ലെങ്കിലും ഉച്ചത്തിൽ മുദ്രാവാക്യംവിളിച്ചുള്ള കുട്ടിക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നും ആവേശംനിറയ്ക്കുന്ന ഓർമകളാണെന്ന് കെ.ഇ. പറയുന്നു.
1977-ൽ ഇ.പി. ഗോപാലൻ പട്ടാമ്പിയിൽ മത്സരിക്കുമ്പോൾ കെ.ഇ.ആയിരുന്നു തിരഞ്ഞെടുപ്പുകമ്മിറ്റി ചുമതലക്കാരൻ.
• 1982-ലെ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിലെ ഇടതുപക്ഷ സ്ഥാനാർഥിയായ കെ.ഇ. ഇസ്മയിൽ പൊതുയോഗത്തിൽ സംസാരിക്കുന്നു. ഇ.എം.എസ്., പി.പി. കൃഷ്ണൻ എന്നിവർ വേദിയിൽ
Content Highlights: k e ismail election memories loksabha elelction 2024