കനൽത്തരി കെടുത്തി കെ.സി; വോട്ടുപുഴ തിരിച്ചുപിടിച്ച് പാർലമെന്റിലേക്ക്, അടിയൊഴുക്ക് ബി.ജെ.പിയിലേക്കോ?

2019-ലെ കനൽത്തരിയെ നിഷ്പ്രഭമാക്കി കെ.സി. വേണുഗോപാൽ. 2009-ലും 2014-ലും ഒപ്പം നിന്ന ജനങ്ങൾ ഇക്കുറിയും കെ.സിയെ കൈവിട്ടില്ല. എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങിയ യു.ഡി.എഫ്. ക്യാമ്പിന് രണ്ടാമതൊരാളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. ജനകീയനായ കെ.സി. വേണുഗോപാലിനെ തന്നെ അവർ രംഗത്തിറക്കി. കൃത്യമായ ഇടവേളകളിൽ ലീഡ് ഉയർത്തി ഒരു നിമിഷംപോലും പിന്നോട്ട് പോകാതെ കെ.സി. തന്റെ ദൗത്യം പൂർത്തിയാക്കി. അന്തിമഫലം പുറത്തുവരുമ്പോൾ ഒരു വള്ളപ്പാടകലെ 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആലപ്പുഴയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് കെ.സി. പാർലമെന്റിലേക്ക്.
ഇടതുകോട്ടകളിൽ വിള്ളൽ
ആലപ്പുഴയിലെ ഇടതുക്കോട്ടകളെല്ലാം വൻതോതിൽ ഇക്കുറി വോട്ടുചോർച്ചയുണ്ടായി. 2019-ൽ ആരിഫിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ച ചേർത്തലയും കായംകുളവും ഇക്കുറി ആരിഫിനൊപ്പം നിന്നില്ല. ഇടതുകോട്ടയായ ചേർത്തലയിൽ കെ.സി. വേണുഗോപാലിന് 843 വോട്ടുകളുടെ മേൽക്കൈ നേടാനായി. കായംകുളത്താണ് സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 1444 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം കെ.സിയോടൊപ്പം നിന്നപ്പോൾ ആരിഫ് ദയനീയമായി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞപ്രാവശ്യം സി.പി.എമ്മിന് 62,370 വോട്ട് ലഭിച്ചിടത്ത് ഇക്കുറി നേടാനായത് വെറും 48020 വോട്ടുകൾ. ശോഭാ സുരേന്ദ്രന്റെ ബാലറ്റിലും വീണു 48,775 വോട്ടുകൾ.
ഹരിപ്പാടും കരുനാഗപ്പള്ളിയിലും ഇതേ അവസ്ഥ തന്നെയായിരുന്നു. 6697 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹരിപ്പാടും 8925 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കരുനാഗപ്പളിയും കോൺഗ്രസിനൊപ്പം നിന്നു. ഹരിപ്പാട് മണ്ഡലത്തിൽ ആരിഫിന് കഴിഞ്ഞ തവണ 55,601 വോട്ട് ലഭിച്ചതാണെങ്കിൽ ഇക്കുറി 41,769 വോട്ടുമാത്രമാണ്. എന്നാൽ, എൻ.ഡി.എ.യ്ക്ക് കഴിഞ്ഞപ്രാവശ്യം 26,238 വോട്ടുകിട്ടിയത് ഇക്കുറി 47,121 വോട്ടായി കുതിച്ചു.
ആലപ്പുഴയിലും അമ്പലപ്പുഴയിലും വലിയ സ്വാധീനമുണ്ടാക്കാൻ കെ.സി. വേണുഗോപാലിന് സാധിച്ചു. 18,418 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം ആലപ്പുഴയിലും 14,555 വോട്ടുകളുടെ ഭൂരിപക്ഷം അമ്പലപ്പുഴയിലും കോൺഗ്രസിനുണ്ട്. ആരിഫ് പ്രതിനിധാനം ചെയ്തിരുന്ന അരൂർ നിയോജകമണ്ഡലവും വലത്തോട്ട് ചാഞ്ഞു. 11,016 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ കെ.സിക്കുണ്ട്.
ഈ അവസരത്തിലാണ് നാം 2019-ലെ ചിത്രവും പരിശോധിക്കേണ്ടത്. ആലപ്പുഴയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ അന്ന് ആരിഫിനെതിരായിരുന്നു. എന്നാൽ, ചേർത്തലയും കായംകുളവും ഇടതുപക്ഷത്തിന് രക്ഷയൊരുക്കി. ആരൂർ പോലും 648 വോട്ടുകൾക്ക് ഷാനിമോൾ ഉസ്മാന് കൈ കൊടുത്തപ്പോൾ മുമ്പെങ്ങുമില്ലാത്തവിധം 16,894 വോട്ടുകളോടെ ചേർത്തല സി.പി.എമ്മിന് കവചമൊരുക്കി. കായംകുളത്തെ വോട്ടർമാരും നൽകി 4297 വോട്ടുകളുടെ ഭൂരിപക്ഷം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുമ്പ് ആരിഫിന്റെ കളമായിരുന്നു ചേർത്തല. ഏഴ് വർഷക്കാലം ഇവിടെ സി.പി.എം. ഏരിയാ സെക്രട്ടറിയായിരുന്നു ആരിഫ്. അമ്പലപ്പുഴയിലും(638), ഹരിപ്പാടും(5844), കരുനാഗപ്പള്ളിയിലും (4780) ഷാനിമോൾ തന്നെ മുന്നിട്ടുനിന്നു. 69 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തോടെ ആലപ്പുഴയും അന്ന് കോൺഗ്രസിനൊപ്പം നിന്നു. എന്നാൽ, ഇതൊന്നും പോരായിരുന്നു ചേർത്തലയും കായംകുളവും ചേർന്ന് ആരിഫിന് നൽകിയ ഭൂരിപക്ഷത്തെ മറികടക്കാൻ.
സി.പി.എമ്മിന് പോലും പ്രതീക്ഷയറ്റ മണ്ഡലം
2019-ലെ ആശ്വാസത്തുരുത്തിൽ ഇക്കുറി സി.പി.എമ്മിന് പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. അപ്രതീക്ഷിതമെന്ന് തോന്നിയേക്കാവുന്ന മലബാറിലെ പല സീറ്റുകളിലും വിജയിക്കുമെന്നുറപ്പിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന് പക്ഷേ ആലപ്പുഴയുടെ കാര്യത്തിൽ ആത്മവിശ്വാസമുണ്ടായില്ല. കഴിഞ്ഞ തവണത്തെ കൊടുങ്കാറ്റിനെ അതിജീവിച്ച സ്ഥാനാർഥിയാണ് എ.എം. ആരിഫ്. മൂന്ന് തവണ ആരൂർ എം.എൽ.എയായി കളം നിറഞ്ഞ സ്ഥാനാർഥി. കെ.സിയോട് എതിർത്ത് നിൽക്കാൻ തന്നെയായിരുന്നു 2019-ലും കളത്തിലിറങ്ങിയതെന്ന് ആരിഫ് തന്നെ വ്യക്തമാക്കിയ കാര്യമാണ്. എന്നാൽ, വർഷങ്ങൾക്കിപ്പുറം എന്ത് അടിയൊഴുക്ക് ഭയന്നാണ് സി.പി.എം. ഇത്തരമൊരു വിലയിരുത്തലിൽ എത്തിച്ചേർന്നതെന്നതും ഇപ്പോൾ ഫലം പുറത്തുവരുമ്പോൾ വ്യക്തമാണ്.
ഒരേ സമുദായത്തിൽപ്പെട്ട രണ്ട് സ്ഥാനാർഥികളായിരുന്നു 2019-ൽ ആലപ്പുഴയിലെ കളത്തിൽ. എന്നാൽ, ഇക്കുറി സുധാകരൻ കണ്ണൂരിൽ തുടരാൻ തീരുമാനിക്കുകയും ഷാഫി വടകരയിലേക്ക് മാറുകയും ചെയ്തതോടെയാണ് ആലപ്പുഴയിൽ കെ.സി. യുടെ സ്ഥാനാർഥിത്വം ഉറച്ചത്. തുടർന്നുണ്ടായ സമുദായ സമവാക്യങ്ങളിലുണ്ടായ ചേരിതിരിവാകാം ആരിഫിനെ തോൽപ്പിച്ച ഒരു പ്രധാനഘടകം. ശോഭ സുരേന്ദ്രൻ കൂടെ രംഗത്തെത്തിയതോടെ വിഷയം രൂക്ഷമായി. ഒരു ലക്ഷത്തിലധികം വോട്ടുകൾ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആരിഫിന്റെ ബാലറ്റിൽ നിന്നും നഷ്ടപ്പെട്ടു. അതേസമയം, ബി.ജെ.പി ബാലറ്റിൽ വർധിച്ചതും ഒരു ലക്ഷം വോട്ടുകൾ തന്നെ.
സിദ്ധാർഥന്റെ മരണം മുതൽ സംസ്ഥാന സർക്കാരിനെതിരായ നിരവധി വിഷയങ്ങളിൽ ഇടതുപക്ഷം പ്രതിക്കൂട്ടിലായിരുന്നു. നവകേരള സദസ്സിലെ രക്ഷാപ്രവർത്തനത്തിനും പൊതുജനത്തിനിടയിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ, ഇവയൊന്നും ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലെ സിറ്റിങ് എം.പിയെ പരാജയപ്പെടുത്താനുതകുന്ന വിഷയങ്ങളാണെന്ന് പറയാൻ വയ്യ. സംസ്ഥാനത്താകെ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായി എൽ.ഡി.എഫ്. സെറ്റ് ചെയ്ത അജണ്ട തന്നെ പാളിയെന്ന് വേണം കരുതാൻ. തിരുവനന്തപുരം മുതൽ ഇങ്ങോട്ട് കാസർകോട് പ്രതീക്ഷിച്ചിടത്തെല്ലാം ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങി. ആലത്തൂരിലെ വിജയവും ആറ്റിങ്ങലിലെ പോരാട്ടവുമൊഴിച്ച് നിർത്തിയാൽ സ്റ്റാർ സ്ഥാനാർഥികളായ സുനിൽകുമാറും കെ.കെ. ശൈലജയും ഉൾപ്പെടെയുള്ളവർക്ക് എതിർസ്ഥാനാർഥികൾക്കെതിരെ ഒരു വെല്ലുവിളി സൃഷ്ടിക്കാൻ പോലും സാധിച്ചില്ല. പരാജയത്തിൽ സ്ഥാനാർഥികൾക്ക് നേരെ വിരൽച്ചൂണ്ടുന്നതിലും നല്ലത് ഇടതുപക്ഷം തങ്ങളുടെ സ്വന്തം സംവിധാനങ്ങൾ പുനഃപരിശോധിക്കുന്നതായിരിക്കും.
| സ്ഥാനാർഥി | മുന്നണി | വോട്ട് |
| എ.എം. ആരിഫ് | എൽ.ഡി.എഫ് | 4,45,970 |
| ഷാനിമോൾ ഉസ്മാൻ | യു.ഡി.എഫ് | 4,35,496 |
| കെ.എസ് രാധാകൃഷ്ണൻ | എൻ.ഡി.എ | 1,87,729 |
| സ്ഥാനാർഥി | മുന്നണി | വോട്ട് |
| കെ.സി. വേണുഗോപാൽ | യു.ഡി.എഫ്. | 4,62,525 |
| സി.ബി. ചന്ദ്രബാബു | എൽ.ഡി.എഫ് | 4,43,118 |
| എ.വി. താമരാക്ഷൻ | എൻ.ഡി.എ. | 43,037 |
അടിയൊഴുക്ക് ബി.ജെ.പിയിലേക്കോ?
യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.സി വേണുഗോപാലും എൻ.ഡി.എയ്ക്കുവേണ്ടി ശോഭ സുരേന്ദ്രനും കളത്തിലിറങ്ങിയതോടെയാണ് മണ്ഡലത്തിൽ പോരാട്ടം ശക്തമാകുന്നത്. മണ്ഡലത്തിലെ ജനവിധിയെ സ്വാധീനിച്ചതും ശോഭയുടെ വരവാണെന്ന് പറയാകുന്ന തരത്തിലാണ് ഫലം തരുന്ന സൂചനകൾ. 299648 വോട്ടുകളാണ് മണ്ഡലത്തിൽ നിന്നും ശോഭ സുരേന്ദ്രൻ പിടിച്ചെടുത്തത്. ജനകീയയായൊരു സ്ഥാനാർഥി മണ്ഡലത്തിലെത്തുന്നത് വലിയ അടിയൊഴുക്കുകൾ സൃഷ്ടിച്ചേക്കാമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും ഈ രീതിയിലൊരു മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു.
ഓരോ തിരഞ്ഞെടുപ്പ് കഴിയുന്ന സാഹചര്യത്തിലും ഇടതുവലതുമുന്നണികൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച. 2009-ൽ നിന്നും 2024-ലേക്കുള്ള 15 വർഷത്തിനിടെ ബി.ജെ.പി. തങ്ങളുടെ വോട്ടുവിഹിതം അത്ഭുതകരമാംവിധം വർധിപ്പിച്ചു. സ്വന്തം ചിഹ്നത്തിലൊരു സ്ഥാനാർഥിയെ പോലും ആലപ്പുഴയിൽ പരിഗണിക്കാത്തിടത്ത് നിന്നാണ് മണ്ഡലത്തിൽ നിർണായകശക്തിയാകുന്ന തരത്തിലേക്കുള്ള ബി.ജെ.പിയുടെ കുതിച്ചുചാട്ടം.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ശോഭ സുരേന്ദ്രൻ ഒഴിച്ചുകൂടാനാകാത്ത ശക്തിയായി തന്നെ തുടർന്നു. കെ.സി. വേണുഗോപാലിനൊരു വെല്ലുവിളിയുയർത്താൻ സാധിച്ചില്ലെങ്കിലും പല അവസരങ്ങളിലും ആരിഫിനൊപ്പത്തിനൊപ്പം നിൽക്കാൻ അവർക്കായി. 2019-ൽ ബി.ജെ.പി. ബാലറ്റിൽ വീണ 1,87,729 വോട്ടുകൾ നിഷ്പ്രയാസം കടക്കാൻ ശോഭയ്ക്കായി.
ഇടത്തോട്ടും വലത്തോട്ടും മാറിമറയുന്ന മണ്ഡലത്തെ സംബന്ധിച്ച് മൂന്നാമതൊരു ശക്തി രംഗത്തെത്തുന്നത് പല കോട്ടകളും തകരുന്നതിലേക്ക് വഴിവെച്ചേക്കാം. 2009-ൽ കേവലം 20,000 വോട്ടുകൾ പോലും അവകാശപ്പെടാനാകാത്ത പാർട്ടിയായിരുന്നു ആലപ്പുഴയിലെ ബി.ജെ.പി. 2.2 ശതമാനമാണ് ബി.ജെ.പി പിന്തുണ നൽകിയ സ്വതന്ത്രന്റെ ബാലറ്റിൽ വീണ വോട്ടുകൾ. എന്നാൽ, 2014-ഓടെ അവർ അത് ഇരട്ടിയാക്കി. 2019-ലായിരുന്നു അപ്രതീക്ഷിതമായൊരു പ്രകടനം പാർട്ടി മണ്ഡലത്തിൽ കാഴ്ചവയ്ക്കുന്നത്. ശബരിമല വിഷയവും രാഹുലിന്റെ വരവും ഗതിമാറ്റിയ 2019-ൽ താമര ചിഹ്നത്തിൽ ജനവിധി തേടിയ ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വോട്ടുവിഹിതം 17.2 ശതമാനമായി വർധിച്ചു. 1,87,729 വോട്ടുകൾ അന്നത്തെ ബി.ജെ.പി. സ്ഥാനാർഥിയുടെ ബാലറ്റിൽ വീണു.
എന്നാൽ, അത്ര അനുകൂല സാഹചര്യമൊന്നും ബി.ജെ.പിയെ സംബന്ധിച്ച് ഇക്കുറി ആലപ്പുഴയിലില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം പാർട്ടി പ്രഖ്യാപിക്കുന്നത്. ആറ്റിങ്ങലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശോഭ മണ്ഡലത്തിലെത്തിയതോടെ പ്രവർത്തകർക്കും ആവേശമായി. ആലപ്പുഴയിൽ നിന്നൊരു വനിതാ കേന്ദ്രമന്ത്രിയെന്നായിരുന്നു പാർട്ടി പ്രചാരണം. ജയിച്ചുകയറാമെന്നൊരു ആത്മവിശ്വാസമൊന്നുമില്ലായിരുന്നെങ്കിലും രണ്ടാം സ്ഥാനമെങ്കിലും ഉറപ്പിക്കാനായിരുന്നു ബി.ജെ.പി ലക്ഷ്യം വച്ചത്.
മണ്ഡലത്തിൽ ചർച്ചയായ വിഷയങ്ങൾ
കെ.സി വേണുഗോപാൽ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ചാൽ അദ്ദേഹം രാജ്യസഭാസ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്ന് സി.പി.എം. ഉന്നയിച്ചു. ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് ഈ സീറ്റ് ബി.ജെ.പിയിലേക്ക് പോകുമെന്നും ഇത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നും ഇടതുപക്ഷം വാദിച്ചു. എന്നാൽ, ജനകീയനായ വേണുഗോപാലിന്റെ ജയം സമ്മതിച്ചതിൽ സന്തോഷമുണ്ടെന്ന് മാത്രമായിരുന്നു അന്നത്തെ കോൺഗ്രസിന്റെ പ്രതികരണം. രാജസ്ഥാനിൽ നിന്നും നഷ്ടപ്പെടുന്ന രാജ്യസഭാ സീറ്റ് കർണാടകം വഴി തിരിച്ചുപിടിക്കുമെന്നും അവർ വാദിച്ചു.
ആലപ്പുഴയിലെ വിധിനിർണയത്തിൽ തീരദേശവും നിർണായക പങ്കുവഹിച്ചു. കരിമണൽ ഖനനം, തീരദേശ ഹൈവേ, കടൽഭിത്തി നിർമാണം എന്നിവ കൃത്യമായ രീതിയിൽ തന്നെ മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്. ചേർത്തലയിലെ കർഷക ആത്മഹത്യ സൃഷ്ടിച്ച കോളിളക്കങ്ങളും ചെറുതായിരുന്നില്ല. കൃഷിമന്ത്രിയുടെ മണ്ഡലത്തിലെ കർഷക ആത്മഹത്യ ആഴ്ചകളോളം നിർത്താതെ പുകഞ്ഞു. കടലോരം മാത്രമല്ല, കായലോരവും ആലപ്പുഴയെ സംബന്ധിച്ച് നിർണായകഘടകമായിരുന്നു. കായൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യമേഖല കൂടാതെ കയർമേഖലയിലെ പ്രതിസന്ധികളും സ്വാധീനകേന്ദ്രങ്ങളാണ്.
Content Highlights: Lok Sabha Results 2024