ആലപ്പുഴയിലെ കനലണച്ചത് ബി.ജെ.പി.?; തകർന്നടിഞ്ഞ് ഇടതുകോട്ടകൾ, പലയിടത്തും NDA രണ്ടാമത്

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ കോട്ടകളിൽ ഇത്ര വലിയ വിള്ളൽ അടുത്തകാലത്തെങ്ങുമുണ്ടായിട്ടില്ല. അത്രത്തോളം വോട്ടുചോർച്ചയാണ് ഇക്കുറി. എക്കാലത്തും ഇടതുകോട്ടയായിനിന്ന കായംകുളത്തും ചേർത്തലയിലും വോട്ട് കുത്തിയൊലിച്ചുപോയി. ഇതിൽ കായംകുളത്ത് സി.പി.എം. മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നതാണ് വലിയ ദയനീയത.
കായംകുളത്ത് 2019-ൽ എ.എം. ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയതാണ്. ഇക്കുറി കെ.സി. വേണുഗോപാൽ 1444 വോട്ടിന്റെ ഭൂരിപക്ഷം നേടി. വേണുഗോപാൽ-50216, എ.എം. ആരിഫ്-48020, ശോഭാ സുരേന്ദ്രൻ-48775 എന്നിങ്ങനെയാണ് വോട്ടുകിട്ടിയത്. അതായത് ശോഭാ സുരേന്ദ്രന് ആരിഫിനെക്കാൾ 755 വോട്ട് കൂടുതൽ കിട്ടി. കഴിഞ്ഞപ്രാവശ്യം ആരിഫിന് 62,370 വോട്ട് ലഭിച്ചിരുന്നതാണ്.
ചേർത്തലയിൽ കഴിഞ്ഞപ്രാവശ്യം ആരിഫിന് 16,895 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി വേണുഗോപാലിനാണ് ഭൂരിപക്ഷം 843. ഇവിടെ കഴിഞ്ഞപ്രാവശ്യം ആരിഫിനു ലഭിച്ചത് 83,221 വോട്ട്. ഇക്കുറി 61,858 മാത്രം. അതേസമയം എൻ.ഡി.എ.യ്ക്ക് കഴിഞ്ഞപ്രാവശ്യം ഇവിടെ ലഭിച്ചത് 22,655 ആയിരുന്നത് ഇക്കുറി 40,474 ആയി.
ഹരിപ്പാട് മണ്ഡലത്തിൽ ആരിഫിന് കഴിഞ്ഞ തവണ 55,601 വോട്ട് ലഭിച്ചതാണെങ്കിൽ ഇക്കുറി 41,769 വോട്ടുമാത്രമാണ്. എന്നാൽ, എൻ.ഡി.എ.യ്ക്ക് കഴിഞ്ഞപ്രാവശ്യം 26,238 വോട്ടുകിട്ടിയത് ഇക്കുറി 47,121 വോട്ടായി കുതിച്ചു. 5352 വോട്ട് ആരിഫിനെക്കാൾ കൂടുതൽ ശോഭാ സുരേന്ദ്രൻ പിടിച്ചു.
ഇതിനുപുറമേ കരുനാഗപ്പള്ളിയിൽ വെറും 191 വോട്ടിന്റെ വ്യത്യാസംമാത്രമാണ് ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്. അമ്പലപ്പുഴയിലാകട്ടെ ഇത് 110 മാത്രമാണ്.
ചേർത്തലയും യു.ഡി.എഫിനൊപ്പം
ചേർത്തല: ഒപ്പമെത്തിയാൽപ്പോലും നേട്ടമെന്ന് യു.ഡി.എഫ്. കണക്കാക്കിയിരുന്ന ചേർത്തലയിലും കെ.സി. വേണുഗോപാലിനു മേൽക്കൈ. 843 വോട്ടാണ് കോൺഗ്രസ് സ്ഥാനാർഥി ഇടതുകോട്ടയായ ചേർത്തലയിൽ അധികം നേടിയത്.
2019-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുതന്നെ എൽ.ഡി.എഫിന്റെ ഏക വിജയത്തിനു സഹായകമായതിൽ പ്രധാനം ചേർത്തലയുടെ നിലപാടായിരുന്നു. എ.എം. ആരിഫിന് അന്ന് 16,894 വോട്ടിന്റെ മുൻതൂക്കം ലഭിച്ചിരുന്നു. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 6,148 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. ഇതു മറികടന്നാണ് വേണുഗോപാലിന്റെ നേട്ടം.
കഞ്ഞിക്കുഴിയിലും വയലാറിലും മുഹമ്മയിലും എൽ.ഡി.എഫ്. നേരിയ ലീഡുനേടിയപ്പോൾ ചേർത്തല നഗരസഭയിലും ചേർത്തലതെക്ക്, തണ്ണീർമുക്കം, കടക്കരപ്പള്ളി, പട്ടണക്കാട് ഗ്രാമപ്പഞ്ചായത്തുകളിൽ യു.ഡി.എഫ്. മേൽക്കൈനേടി. യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനവും സ്ഥാനാർഥിയുടെ മികവുമാണ് നേട്ടമായതിനുപിന്നിലെന്ന് തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ കെ.ആർ. രാജേന്ദ്രപ്രസാദ് പറഞ്ഞു.
കെ.സിക്ക് അരൂരിൽ 11,016 വോട്ടിന്റെ ഭൂരിപക്ഷം
പൂച്ചാക്കൽ: യു.ഡി.എഫ്. സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തിളക്കമാർന്ന വിജയത്തിന് വലിയ താങ്ങും തണലുമേകി അരൂർ നിയോജകമണ്ഡലം ഒപ്പംനിന്നു. യു.ഡി.എഫ്. കേന്ദ്രങ്ങളുടെ പ്രതീക്ഷയെയും കടത്തിവെട്ടി അരൂർ നൽകിയത് എതിർസ്ഥാനാർഥി എൽ.ഡി.എഫിലെ എ.എം. ആരിഫിനെക്കാൾ 11,016 വോട്ടിന്റെ ഭൂരിപക്ഷം.
കഴിഞ്ഞതവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് എ.എം. ആരിഫിനെക്കാൾ അരൂരിൽനിന്നു ലഭിച്ചത് 648 വോട്ടാണ്. ഇത്തവണത്തെ 60,978 വോട്ടും എൽ.ഡി.എഫ്. സ്ഥാനാർഥി എ.എം. ആരിഫിന് 49,962 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന് 37,491 വോട്ടുമാണു ലഭിച്ചത്. ബി.ജെ.പി.ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിനെക്കാൾ 12241 വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിക്ക് 25250 വോട്ടാണു ലഭിച്ചത്. എൽ.ഡി.എഫ്.സ്ഥാനാർഥിക്ക് അരൂർ മണ്ഡലത്തിൽനിന്ന് അയ്യാരിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ട് കൂടുതൽ കിട്ടുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രതീക്ഷ.
സി.പി.എമ്മിനും കോൺഗ്രസിനും വോട്ടുചോർച്ച, ബി.ജെ.പി.ക്ക് കുതിപ്പ്
ചേർത്തലയിൽ കോൺഗ്രസ് നേരിയ മേൽക്കൈ ണ്ടിയെങ്കിലും 2019-ലെ കണക്കിൽനിന്ന് വലിയ വോട്ടുചോർച്ചയുണ്ടായി. ഇതേസമയം 17,819 വോട്ടുഉയർത്തി ബി.ജെ.പി. വലിയ കുതിപ്പാണുണ്ടാക്കിയത്. 2019-ൽ കെ.എസ്. രാധാകൃഷ്ണൻ നേടിയ 22,655 വോട്ടുകൾ ശോഭാസുരേന്ദ്രൻ 40,474 വോട്ടായി ഉയർത്തി.
Content Highlights: Lok sabha election results 2024 Alappuzha