ആരിഫ് ഇറങ്ങി, മാവേലിക്കരയിൽ മറ്റൊരു അരുൺകുമാർ

Photo: facebook.com/AMAriffOfficial
Photo: facebook.com/AMAriffOfficial

ആലപ്പുഴ : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സി.പി.എം. സ്ഥാനാർഥി സിറ്റിങ് എം.പി. എ.എം. ആരിഫ് അനൗദ്യോഗിക പ്രചാരണം തുടങ്ങി. ആരിഫിന്റെ സ്ഥാനാർഥിത്വം വ്യാഴാഴ്ച പാർട്ടി ജില്ലാ കമ്മിറ്റിയിലും പാർലമെന്റ് മണ്ഡലം കമ്മിറ്റിയിലും റിപ്പോർട്ടു ചെയ്തു. ഔദ്യോഗികപ്രഖ്യാപനം 27-നേ ഉണ്ടാവുകയുള്ളൂവെങ്കിലും അനൗദ്യോഗികപ്രചാരണം ആരംഭിക്കാൻ എം.പി.ക്കും പ്രവർത്തകർക്കും നിർദേശം നൽകി. പാർലമെന്റ് മണ്ഡലം കമ്മിറ്റിയെ സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ നയിക്കും.

എ.എം. ആരിഫ് 27 വരെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നേരത്തേ നിശ്ചയിച്ച പരിപാടികളാണിവ. സ്ഥാനാർഥിപ്രഖ്യാപനം വരുന്നതോടെയാകും പാർലമെന്റ് മണ്ഡലം സമ്മേളനങ്ങളും താഴെത്തട്ടിലേക്കുള്ള മറ്റു സമ്മേളനങ്ങളും ആരംഭിക്കുക. ഇവയുടെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഔദ്യോഗികപ്രഖ്യാപനം വരുന്നയുടൻതന്നെ നടത്താവുന്ന വിധം ഒരുങ്ങാൻ പാർട്ടി ഘടകങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ആരിഫ് വ്യാഴാഴ്ച സർക്കാർപരിപാടികളിലും മറ്റ് ഏതാനും ചടങ്ങുകളിലും പങ്കെടുത്തു. റെയിൽവേയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച തിരുവനന്തപുരത്തുപോയി വൈകീട്ട് തിരിച്ചെത്തും.
മാവേലിക്കരയിലേക്ക് സി.പി.ഐ. നിർദേശിച്ചിരിക്കുന്നത് മന്ത്രി പി. പ്രസാദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ്. നേതാവുമായ സി.എ. അരുൺകുമാറിനെയാണ്. മാവേലിക്കരയിലെ ഇപ്പോഴത്തെ എം.എൽ.എ.യും ഒരു അരുൺകുമാറാണ്, എം.എസ്. അരുൺകുമാർ.

കായംകുളം സ്വദേശിയായ പുതിയസ്ഥാനാർഥി അവിടെ ബാറിലെ അഭിഭാഷകനുമാണ്. സി.പി.ഐ. മുഖപത്രത്തിന്റെ കായംകുളം ലേഖകനായും ജോലി ചെയ്തിട്ടുണ്ട്. കെ.പി.എ.സി.യുടെ അശ്വമേധം സിനിമയിൽ ബാലതാരമായും വേഷമിട്ടിട്ടുണ്ട്.മാവേലിക്കരയിൽ സിറ്റിങ് എം.പി. കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് അനൗദ്യോഗികപ്രചാരണം ആരംഭിച്ചിട്ടുണ്ട്. മൂന്നു ടേമായി ഇവിടെ എം.പി.യായ അദ്ദേഹത്തിന് പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. 

പ്രവർത്തകരെ ചലിപ്പിച്ച് താെഴത്തട്ടിൽ ഉഷാറാക്കുകയാവും കോൺഗ്രസ് ലക്ഷ്യമിടുന്നത്. ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥിയെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ മാത്രമേയുള്ളൂ. അവസാനഘട്ടത്തിലാണ് കേരളത്തിൽ തിരഞ്ഞെടുപ്പെങ്കിൽ കെ.സി. വേണുഗോപാൽതന്നെ മത്സരിക്കുമെന്ന വികാരമാണ് നേതാക്കൾ പങ്കുവെക്കുന്നത്. അദ്ദേഹമില്ലെങ്കിൽ കെ.സി. നിർദേശിക്കുന്നയാളാകും സ്ഥാനാർഥി. സമരാഗ്നി യാത്ര പൂർത്തിയായതിനുശേഷമേ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കൂ.

Content Highlights: lok sabha election 2024- am arif in alappuzha