'മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നത് BJP, കേരളത്തെ ശമ്പളംപോലും മുടക്കുന്ന അവസ്ഥയിലെത്തിച്ചു'

ചേർത്തല: രാജ്യത്താകെയുള്ള പ്രതിപക്ഷനേതാക്കളെയെല്ലാം ഇ.ഡി.യെ ഉപയോഗിച്ച് ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി.യാണ് കേരളത്തിലെ മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പു പര്യടനം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയിൽ ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ പ്രതിനിധിയായ നേതാവിനെ കേരളത്തിൽ മന്ത്രിസഭയിൽനിന്നു മാറ്റാത്തതിൽ മുഖ്യമന്ത്രി മറുപടി പറയുമോ. ശമ്പളംപോലും മുടക്കുന്ന അവസ്ഥയിലേക്കെത്തിച്ചതാണ് കേരളത്തിലെ ഇടതുഭരണത്തിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ജനാധിപത്യത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളാണ് ബി.ജെ.പി.യെന്നും ഈ തിരഞ്ഞെടുപ്പ് ബി.ജെ.പി.യുടെ അസ്തമയവും കോൺഗ്രസിന്റെ ഉദയവുമാണ്. വർഗീയതയ്ക്കെതിരായ മതേതര സർക്കാരുണ്ടാക്കി രാജ്യത്തെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് രാഹുൽഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യമുന്നണി കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്ന ദേശീയ നേതാവായ കെ.സി. വേണുഗോപാലാണ് ആലപ്പുഴ വീണ്ടെടുക്കാൻ എത്തിയിട്ടുള്ളത്. എൽ.ഡി.എഫിനു ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പി.യെ സഹായിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യമുന്നണി ഭരിക്കണമെങ്കിൽ കോൺഗ്രസ് തന്നെ ജയിക്കണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിയെ കടന്നാക്രമിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണെന്നു വ്യക്തമാണ്. ഇവിടെ രാഹുൽജിയെ ചീത്തവിളിക്കുമ്പോൾ തമിഴ്‌നാട്ടിലടക്കം സി.പി.എമ്മുകാർ രാഹുലിന്റെ ചിത്രവുമായാണ് വോട്ടുചോദിക്കുന്നതെന്ന യാഥാർഥ്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കെ.ആർ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. നേതാക്കളായ എം.എം. ഹസൻ, കെ.സി. ജോസഫ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ., എം. ലിജു, എ.എൻ. രാജൻബാബു, ബി. രാജശേഖരൻ, റോജി എം. ജോൺ എം.എൽ.എ., എ.എ. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: dk shivakumar against bjp and left parties