ആലപ്പുഴയിൽ ഈഴവ-ദളിത് വോട്ടുകൾ നഷ്ടമായി; ചോർച്ചയിൽ അമ്പരന്ന് സി.പി.എം.

#കെ.എ. ബാബു
എ.എം. ആരിഫ്, പ്രതീകാത്മക ചിത്രം
എ.എം. ആരിഫ്, പ്രതീകാത്മക ചിത്രം

ആലപ്പുഴ: പതിവായി കിട്ടിയിരുന്ന ഈഴവ, ദളിത് വോട്ടുകൾ വ്യാപകമായി ചോർന്നുപോയതിൽ അമ്പരന്ന് ആലപ്പുഴയിൽ സി.പി.എം.. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഈ വോട്ടുകുറഞ്ഞിട്ടുണ്ടെങ്കിലും പ്രകടമായത് ആലപ്പുഴയിലാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂർ മണ്ഡലങ്ങളിൽ ഏറിയും കുറഞ്ഞും ഇതു സംഭവിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ സി.പി.എം. സ്ഥാനാർഥിക്ക് കഴിഞ്ഞതവണത്തേക്കാൾ 1,04,923 വോട്ടാണു കുറഞ്ഞത്. ബി.ജെ.പി. സ്ഥാനാർഥിക്ക് 1,11,919 വോട്ടു കൂടുകയും ചെയ്തു. കോൺഗ്രസിനു കുറഞ്ഞത് 30,936 വോട്ടും. കോൺഗ്രസിൽനിന്നും ബി.െജ.പി.ക്കു വോട്ടുപോയിട്ടുണ്ടാകാമെങ്കിലും കനത്ത നഷ്ടം സി.പി.എമ്മിനാണ്.

ഈഴവസമുദായത്തിനു മേൽക്കൈയുള്ള നിയമസഭാമണ്ഡലമാണ് ചേർത്തല. കഴിഞ്ഞതവണ സി.പി.എം. സ്ഥാനാർഥി എ.എം. ആരിഫിന് അവിടെ 16,894 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതാണ്. ഇത്തവണ 843 വോട്ടിന് കെ.സി. വേണുഗോപാൽ മുന്നിലെത്തി. എന്നാൽ, സി.പി.എമ്മിനെ ‍ഞെട്ടിക്കുന്നത് ശോഭാ സുരേന്ദ്രൻ അവിടെനിന്നു നേടിയ 40,474 വോട്ടാണ്. സി.പി.എമ്മിന്റെ ഏതുസ്ഥാനാർഥി നിന്നാലും 500-600 വോട്ടിനു മുന്നിലെത്തുന്ന ബൂത്തുകളിൽപ്പോലും നാട്ടുകാരിയല്ലാത്ത ശോഭ മേൽക്കൈ നേടി.

കഴിഞ്ഞതവണ മുന്നിലായിരുന്ന കായംകുളത്ത് മൂന്നാമതായതും സി.പി.എമ്മിനെ വിറപ്പിച്ചു. ആഭ്യന്തരപ്രശ്നമാണ് ഇതിനു കാരണമെന്നു പറയുന്നുണ്ടെങ്കിലും അവിടെയും ഈഴവ ഭൂരിപക്ഷ പ്രദേശങ്ങളിലാണു ചോർച്ച. വലിയ പ്രചാരണത്തിനിറങ്ങാത്ത മേഖലകളിൽപ്പോലും ബി.ജെ.പി.ക്കാണു ഭൂരിപക്ഷം.

ഹരിപ്പാട്ട് പാർട്ടി മൂന്നാമതായെന്നു മാത്രമല്ല, രണ്ടാമതുള്ള ബി.ജെ.പി.യെക്കാൾ 5,352 വോട്ടു കുറയുകയും ചെയ്തു. കരുനാഗപ്പള്ളിയിൽ(കൊല്ലം ജില്ല) 191 വോട്ടിന്റെയും അമ്പലപ്പുഴയിൽ 110 വോട്ടിന്റെയും വ്യത്യാസം മാത്രമാണ് എൽ.ഡി.എഫും എൻ.ഡി.എ.യും തമ്മിലുള്ളത്. ആരിഫിന് അനുകൂലമായി മുസ്‌ലിംവോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായില്ലെന്നും ബൂത്തുതിരിച്ചുള്ള കണക്കു വ്യക്തമാക്കുന്നു.

ഈഴവ-ദളിത് വോട്ടുകൾ ചോരുന്നതു മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്ന സ്വയംവിമർശനം നേതാക്കൾക്കിടയിലുണ്ട്. മുൻപ്, കെ.ആർ. ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴും വി.എസ്. അച്യുതാനന്ദൻ ഇടഞ്ഞുനിന്നപ്പോഴുമൊന്നും ഉണ്ടാകാത്ത ധ്രുവീകരണമാണ് ഇപ്പോഴുണ്ടായത്. താഴെത്തട്ടുമായി ബന്ധമില്ലാത്ത നേതാക്കളാണ് വോട്ടുചോർച്ചയ്ക്കു കാരണക്കാരെന്ന് അണികൾക്കിടയിൽ വിമർശനമുണ്ട്. 18, 19 തീയതികളിൽ ചേരുന്ന സി.പി.എം. സംസ്ഥാന കമ്മിറ്റിക്കു ശേഷമേ ജില്ലാതലത്തിൽ വിശദമായ വിശകലനമുണ്ടാകൂ.

കെ.സി. വന്നപ്പോൾത്തന്നെ എൽ.ഡി.എഫ്. പ്രതിരോധത്തിലായി
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.സി. വേണുഗോപാൽ വരുമ്പോൾത്തന്നെ എൽ.ഡി.എഫ്. അപകടം മണത്തിരുന്നു. മറ്റാരു വന്നാലും അനായാസം ജയിക്കാമെന്നാണു കരുതിയിരുന്നത്. പെട്ടെന്ന് മത്സരം കടുക്കുമെന്ന സ്ഥിതിവന്നു. പ്രചാരണം അന്തിമഘട്ടത്തിലേക്ക്‌ അടുക്കുമ്പോൾ ജയസാധ്യത കുറവാണെന്ന് എൽ.ഡി.എഫിലെ മുതിർന്ന നേതാക്കൾ രഹസ്യമായി സമ്മതിച്ചിരുന്നു. അന്തിമഫലം തെളിയിക്കുന്നത് നേതാക്കളുടെ ആശങ്ക ശരിയായിരുന്നുവെന്നാണ്.

ബി.ജെ.പി. പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിനാകും ക്ഷീണംചെയ്യുകയെന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാൽ, സി.പി.എമ്മിനാണ് അടിയായത്. സി.പി.എമ്മിന് എന്നും കരുത്തായ ഈഴവവിഭാഗത്തിന്റെ വോട്ടുകൾ ആരിഫിനു വൻതോതിൽ നഷ്ടമായി.

ആരിഫിനു പകരം ജി. സുധാകരനെയോ തോമസ് ഐസക്കിനെയോ മത്സരിപ്പിക്കണമെന്ന് പാർട്ടിക്കാർക്കിടയിൽ അഭിപ്രായമുണ്ടായിരുന്നു. കെ.സി. വേണുഗോപാൽ എതിരാളിയായി വരാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഈ ആവശ്യം.

എന്നാൽ, കഴിഞ്ഞതവണ ജയിച്ച ഒരേയൊരു സ്ഥാനാർഥിയെ, പ്രത്യേകിച്ചും ന്യൂനപക്ഷത്തിൽനിന്നുള്ള ഒരാളെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പാർട്ടി കരുതി. ഈ വിഭാഗം വോട്ടുകളെ കാര്യമായി സ്വാധീനിക്കാൻ കഴിയുമെന്നാണ് പാർട്ടി കരുതിയത്. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, മറുവശത്ത് ധ്രുവീകരണത്തിന് അതിടയാക്കുകയും ചെയ്തു.

പാർട്ടിയിലെ വിഭാഗീയത ബാധിക്കാത്തയാൾ എന്നതായിരുന്നു ആരിഫിന്റെ ശക്തിയും ദൗർബല്യവും. ഏതെങ്കിലും പക്ഷക്കാരനായി അറിയപ്പെടാത്തതു ശക്തിയാണ്. അതേസമയം, താഴെത്തട്ടിലുള്ള അണികളോടുള്ള അടുപ്പക്കുറവ് ദൗർബല്യമാകുകയും ചെയ്തു. വേണുഗോപാലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾത്തന്നെ പ്രതിരോധത്തിൽപ്പോയതാണ് എൽ.ഡി.എഫിനു തിരിച്ചടിയായത്. പരാജയമുറപ്പിച്ചതുപോലെയാണ് ഒരുഘട്ടം കഴിഞ്ഞപ്പോൾ എൽ.ഡി.എഫ്.പ്രചാരണം നീങ്ങിയത്. വേണുഗോപാൽ മുഴുവൻസമയം രംഗത്തുണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഡൽഹിയിലേക്കു പറന്നു. എന്നാൽ, ഇതും മുതലെടുക്കാൻ എൽ.ഡി.എഫിനായില്ല. പാർട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ് ഈ അസാധാരണ വോട്ടിങ് പാറ്റേൺ.

Content Highlights: CPM Ezhava Dalit votes lost in Alappuzha