പോരാട്ടം മോദിയും ജനങ്ങളും തമ്മിൽ; 2014-ല്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി - പറക്കാല പ്രഭാകർ

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ വിമര്‍ശകനുമായ ഡോക്ടര്‍ പറക്കാല പ്രഭാകര്‍ പറയുന്നു. മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാകുമെന്നും പറക്കാല പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ് കൂടിയായ പറക്കാല പ്രഭാകര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയത്തെക്കുറിച്ച് സംശയമില്ലെന്നാണ് ബിജെപി പറയുന്നത്. ബിജെപിയുടെ ഭൂരിപക്ഷം 370 സീറ്റുകള്‍ കടക്കുമെന്നും എന്‍ഡിഎയുടേത് നാനൂറിനപ്പുറത്തേക്ക് പോകുമെന്നുമാണ് പ്രധാനമന്ത്രി മോദിയും വ്യക്തമാക്കുന്നത്. ഈ ആഖ്യാനം താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?
ഇതൊരു തന്ത്രമാണ്. ബിജെപി വിദഗ്ദമായി പയറ്റുന്ന തന്ത്രം. ഇത്തരമൊരു ആഖ്യാനം ബിജെപി മുന്നോട്ടു വെയ്ക്കുന്നില്ലെങ്കില്‍ നമ്മള്‍ സംസാരിക്കുക അവര്‍ ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമോ എന്നതിനെക്കുറിച്ചായിരിക്കും. വാസ്തവത്തില്‍ അവര്‍ അത്തരമൊരു പ്രതിസന്ധിയാണ് നേരിടുന്നത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കാനുളള സമര്‍ത്ഥമായ തന്ത്രമാണ് വലിയ ഭൂരിപക്ഷത്തെക്കുറിച്ചുള്ള വര്‍ത്തമാനം. 450 സീറ്റിലെങ്കിലും മത്സരിക്കുകയും ഈ സീറ്റുകളില്‍ 75 ശതമാനത്തോളമെങ്കിലും വിജയിക്കുകയും ചെയ്താല്‍ മാത്രമേ ബിജെപിക്ക് ഇത്രയും വലിയ ജയം നേടാനാവുകയുള്ളു. ഇതിനുള്ള സാദ്ധ്യത വിരളമാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം , ഇന്ത്യയുടെ ഭൂമിയില്‍ ചൈന നടത്തുന്ന കൈയ്യേറ്റം എന്നിവയില്‍ നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവ് കൂടിയാണ് ഈ 370 സീറ്റിനെക്കുറിച്ചുള്ള പ്രചാരണം.
ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള സാദ്ധ്യത വിരളമാണെന്ന താങ്കളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനമെന്താണ്?
രാമജന്മഭൂമി പ്രസ്ഥാനം കത്തിനില്‍ക്കുമ്പോള്‍, വാജ്‌പേയിയും അദ്വാനിയും നയിച്ചിരുന്ന സമയത്താണ് ബിജെപിയുടെ ജനപ്രീതി ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തിയത്. അന്ന് 20, 22 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. മോദി പ്രധാനമന്ത്രിയായ 2014 ലെ തിരഞ്ഞെടുപ്പില്‍ ഈ വിഹിതത്തില്‍ നാല് ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. ഇതിനവരെ സഹായിച്ചത് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭമായിരുന്നു. 2019 ല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് പുല്‍വാമയും ബാലാക്കോട്ടും സഹായത്തിനെത്തിയത്. അങ്ങിനെയാണ് ബിജെപിയുടെ വോട്ട് വിഹിതം 31 ശതമാനത്തിലേക്കെത്തിയത്. ഇലക്ടറല്‍ ബോണ്ട് കുംഭകോണവും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ പാര്‍ട്ടിയിലേക്കെടുത്ത് വെള്ള പൂശുന്നതും ഇന്നിപ്പോള്‍ ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഇല്ലാതാക്കിയിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് കുംഭകോണം ബിജെപിക്ക് വലിയ പ്രഹരമാണ് ഏല്‍പിക്കാന്‍ പോകുന്നത്. ഈ പശ്ചാത്തലത്തില്‍ ബിജെപി അവരുടെ യഥാര്‍ത്ഥ വോട്ടായ 23 ശതമാനം വോട്ടുകള്‍ക്കപ്പുറത്തേക്ക് കടക്കുന്ന കാര്യം സംശയമാണ്. അതുകൊണ്ടാണ് ഇത്തവണ 220 - 230 സീറ്റുകളില്‍ കൂടുതല്‍ നേടാന്‍ ബിജെപിക്ക് കഴിയില്ല എന്ന് ഞാന്‍ കരുതുന്നത്. അപ്പോള്‍ അടുത്ത ചോദ്യം മോദിക്ക് ബദലായി പ്രതിപക്ഷത്ത് ആരുണ്ട് എന്നതായിരിക്കും.
അതെ! മോദിക്ക് ബദല്‍ എവിടെ എന്നാണ് സംഘപരിവാര്‍ ചോദിക്കുന്നത്?
ഈ തിരഞ്ഞെടുപ്പിലെ പോരാട്ടം മോദിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണ്. മോദിക്ക് ബദല്‍ ജനങ്ങള്‍ എന്നാണ് ഞാന്‍ പറയുക. ജനങ്ങള്‍ എതിരായാല്‍ എത്ര ശക്തനായ നേതാവിനും പാര്‍ട്ടിക്കും ഒന്നും ചെയ്യാനാവില്ല.
1977 ല്‍ അടിയന്തരവാസ്ഥയ്ക്ക് ശേഷം ജനങ്ങള്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്നും പുറത്താക്കി. അന്ന് ജനങ്ങളുടെ വലിയ പ്രക്ഷോഭമാണ് ഉത്തരേന്ത്യയില്‍ ഇന്ദിരയ്ക്ക് നേരിടേണ്ടി വന്നത്. ഇത്തവണ അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നമ്മള്‍ കാണുന്നില്ല?
രണ്ട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും ഒരുപോലെയാവില്ല.
ശരിയാണ്. പക്ഷേ, ചരിത്ര വിദ്യാര്‍ത്ഥികളെന്ന നിലയില്‍ നമുക്ക് ഭൂതകാലത്തെ അവഗണിക്കാനാവില്ല. 1977 ലെ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പൊതുവെ ഇന്ദിരയ്‌ക്കൊപ്പമായിരുന്നു. ഉത്തരേന്ത്യയിലെ നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളാണ് ഇന്ദിരയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ചത്. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യ പൊതുവെ മോദിക്കൊപ്പമല്ല. പക്ഷേ, ഉത്തരേന്ത്യയില്‍ മോദിയുടെ സ്വാധീനം വളരെ വ്യക്തമാണ്. ഈ അവസ്ഥയെ എങ്ങിനെയാണ് കാണുന്നത്?
ഹിന്ദി ബെല്‍റ്റില്‍ ബിജെപിക്കുള്ള പ്രാമുഖ്യം ഞാന്‍ കുറച്ചുകാണുന്നില്ല. പക്ഷേ, അവിടെ അവര്‍ക്കിനി മുന്നോട്ടുപോകാന്‍ കാര്യമായൊന്നുമില്ല. അവിടെ നിന്നും കിട്ടാവുന്നതിന്റെ പരമാവധി അവര്‍ക്ക് കിട്ടിക്കഴിഞ്ഞു. നമുക്ക് 2004 ല്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം. അന്ന് വാജ്‌പേയിക്ക് സമശീര്‍ഷനായി ഒരു നേതാവും പ്രതിപക്ഷ നിരയിലുണ്ടായിരുന്നില്ല. പക്ഷേ, ജനങ്ങള്‍ ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണം ഏറ്റെടുത്തില്ല. അവര്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി. ഈ തിരഞ്ഞെടുപ്പിലും അത് തന്നെയനാണ് സംഭവിക്കുക. മറ്റൊരു കാര്യം മോദി ഘടകത്തിന് സംഭവിച്ചിട്ടുള്ള ക്ഷീണമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത, ഇപ്പോഴും വര്‍ഗ്ഗീയത മാത്രം പറയുന്ന നേതാവിനെ ജനങ്ങള്‍ക്ക് മടുത്തുതുടങ്ങിയിരിക്കുന്നു. ഭരണം പൂര്‍ണ്ണമായും പരാജയമാണ്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായിരിക്കുന്നുവെന്നാണ് മോദി സര്‍ക്കാരും ബിജെപിയും പറയുന്നത്. വാസ്തവത്തില്‍ 2014 ഏപ്രിലില്‍ ലോകബാങ്ക് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. 2011 മുതല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണെന്നാണ് അന്ന് ലോക ബാങ്ക് പറഞ്ഞത്. അന്ന് എല്ലാ പത്രങ്ങളും ഈ വാര്‍ത്ത കൊടുത്തിരുന്നു. ഗൂഗിള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഇതിന്റെ കണ്ണി കിട്ടും. ഇതിപ്പോള്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ എത്ര തവണ മൂന്നാം സാമ്പത്തിക ശക്തിയാക്കും?
370 ാം വകുപ്പിനെ നിര്‍വ്വീര്യമാക്കിയതും രാമക്ഷേത്ര നിര്‍മ്മാണവും സിഎഎ നടപ്പാക്കിയതും വോട്ട് കൊണ്ടു വരുമെന്നാണ് ബിജെപി കരുതുന്നത്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
ഈ മൂന്ന് നടപടികളും ബിജെപിക്ക് പുതുതായി ഒരു വോട്ടെങ്കിലും നേടിക്കൊടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇതവരുടെ വിശ്വസ്തരായ വോട്ടര്‍മാരെ ഒന്ന്കൂടി അവരിലേക്കടുപ്പിച്ച് നിര്‍ത്തും. അല്ലാതെ ഇതിലൂടെ അവര്‍ക്ക് കൂടുതല്‍ വോട്ടൊന്നും കിട്ടാന്‍ പോകുന്നില്ല.
ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിക്കുന്നതിലൂടെയും കര്‍ണ്ണാടകത്തിലും തെലങ്കാനയിലും നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുന്നതിലൂടെയും ലക്ഷ്യം കാണാനാവും എന്നാണ് ബിജെപി കരുതുന്നത്?
അത് പ്രയാസമാണ്. ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നതിലൂടെ ആന്ധ്രയില്‍ ബിജെപി ചില സീറ്റുകള്‍ നേടിയേക്കും. കര്‍ണ്ണാടകത്തിലും തെലങ്കാനയിലും അവര്‍ക്ക് ഉറപ്പായും സീറ്റുകള്‍ നഷ്ടമാവും. ബംഗാളിലും അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ കാണുന്നത് ബിജെപി കൂടാരത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഭയമാണ്.
ഈ ഭയമാണോ കെജ്രിവാളിന്റെ അറസ്റ്റിന് പിന്നില്‍?
തീര്‍ച്ചയായും. ഈ പേടി ഇല്ലായിരുന്നുവെങ്കില്‍ ഹേമന്ത് സോറനെയും കെജ്രിവാളിനെയും അവര്‍ അറസ്റ്റ് ചെയ്യില്ലായിരുന്നു. ഈ പേടി കാരണമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാന്‍ അവര്‍ മുന്നിട്ടിറങ്ങിയത്. ഈ പേടി കാരണമാണ് അവര്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. പത്ത് കൊല്ലത്തെ ഭരണത്തിന് ശേഷം ബിജെപിക്കും മോദിക്കും എന്താണ് പറയാനുള്ളത്. ഒരു പ്രോഗ്രസ് കാര്‍ഡും അവര്‍ക്ക് ജനങ്ങളെ കാട്ടാനില്ല. അതുകൊണ്ടാണ് അവര്‍ ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചും മുസ്ലിംലിഗിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് കുംഭകോണവും തൊഴിലല്ലായ്മയും അവരെ ശരിക്കും വിഷമിപ്പിക്കുന്നുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ ബിജെപിയെ തിരിഞ്ഞുകുത്തുമെന്നാണ് താങ്കള്‍ പറയുന്നത്?
അതെ. ചെറുപ്പക്കാരുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ 24 ശതമാനമാണ്. എന്നാല്‍ 20 നും 25 നുമിടയിലുള്ള ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ 44 ശതമാനമാണ്. ഇവരില്‍ തന്നെ 83 ശതമാനവും വിദ്യാസമ്പന്നരാണ്. ഈ യാഥാര്‍ത്ഥ്യം തീര്‍ച്ചയായും ബിജെപിയെ തിരിഞ്ഞുകടിക്കും.
അടുത്ത കൊല്ലം ആര്‍എസ്എസ്സിന്റെ നൂറാം വാര്‍ഷികമാണ്. ഈ സുപ്രധാന മുഹൂര്‍ത്തത്തില്‍ കേന്ദ്രത്തില്‍ ബിജെപിക്ക് സര്‍ക്കാരില്ലെന് വന്നാല്‍ അത് സംഘപരിവാറിന് ക്ഷമിക്കാനോ സഹിക്കാനാവുമെന്ന് തോന്നുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ മോദിയില്‍ അമിതമായി പ്രതീക്ഷകള്‍ അര്‍പ്പിച്ചതില്‍ സംഘപരിവാര്‍ ഖേദിക്കുമോ?
അതിന് സാദ്ധ്യതയുണ്ട്. എന്തായാലും അവരുടെ അജണ്ടയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവാന്‍ പോകുന്നത്. സമ്പദ് മേഖലയിലും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിലും ഇന്ത്യ ഇപ്പോള്‍ വളരെ പിന്നിലാണ്. 2014 ല്‍ മോദിയുടെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാന്‍ സാര്‍ക്ക് രാഷ്ട്രങ്ങളിലെ എല്ലാ ഭരണാധികാരികളും എത്തിയിരുന്നു. ഇന്നിപ്പോള്‍ സാര്‍ക്കിലെ ഒരു രാജ്യവുമായും നമുക്ക് നല്ല ബന്ധമില്ല. ചൈനയാണെങ്കില്‍ നമ്മുടെ അതിര്‍ത്തിയില്‍ നാലായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈയയടക്കി വെച്ചിരിക്കുന്നു. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഇതിനൊക്കെ അവര്‍ ബിജെപിയെ ശിക്ഷിക്കുക തന്നെ ചെയ്യും.
പക്ഷേ, ചിലപ്പോള്‍ താങ്കള്‍ പറയുന്ന പോലെയാവണമെന്നില്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അങ്ങിനെ സംഭവിച്ചാല്‍, മോദി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരം പിടിച്ചാല്‍ ഇന്ത്യയുടെ ഭാവി എന്തായിരിക്കും?
അതിന് സാദ്ധ്യത തീരെയില്ല. ഇനിയിപ്പോള്‍ അങ്ങിനെയെങ്ങാന്‍ സംഭവിച്ചാല്‍ അതൊരു ദുരന്തമായിരിക്കും. അങ്ങിനെ വന്നാല്‍ ഇതാവും നമ്മള്‍ കാണുന്ന അവസാന പൊതു തിരഞ്ഞെടുപ്പ്. പിന്നെയും തിരഞ്ഞെടുപ്പുകള്‍ ഉണ്ടായേക്കും. പക്ഷേ, അതൊക്കെ പുതിന്റെ റഷ്യയിലേയും ഷി ജിന്‍പിങ്ങിന്റെ ചൈനയിലേയും പോലെയായിരിക്കും. 99 ശതമാനം വേട്ടര്‍മാരും ഭരണകൂടത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന അവസ്ഥ. ഭരണഘടനയുടെ അവസാനവും അതോടെ നമ്മള്‍ കാണും. ഇന്ത്യന്‍ ഭരണഘടന കുഴിച്ചുമൂടണമെന്നത് സംഘപരിവാറിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വിചാരധാര അടക്കമുള്ള ഗ്രന്ഥങ്ങളില്‍ അവര്‍ ഇത് പറയുന്നുണ്ട്. മറ്റൊന്ന് ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനമായിരിക്കും. തുടക്കത്തില്‍ ന്യൂനപക്ഷങ്ങളോട് ഇവിടെ ജിവിക്കാമെന്നും എന്നാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് വിധേയരായിരിക്കണമെന്നും ആവശ്യപ്പെടും. കുറച്ചു കഴിയുമ്പോള്‍ അവരോട് രാജ്യം വിട്ടുപോകാന്‍ തന്നെ പറയും. മോദി വന്നാം വട്ടവും അധികാരം പിടിച്ചാല്‍ പിന്നിടുണ്ടാവുന്ന ഇന്ത്യയെ നമുക്ക് തിരിച്ചറിയാന്‍ തന്നെയാവില്ല. മണിപ്പൂര്‍ ഒരോ ഇന്ത്യന്‍ സംസ്ഥാനത്തും ആവര്‍ത്തിക്കും. ഇന്നിപ്പോള്‍ പല ഭാഗങ്ങളിലായി കേള്‍ക്കുന്ന വംശഹത്യക്കുള്ള ആഹ്വാനങ്ങള്‍ നമ്മള്‍ ചെങ്കോട്ടയില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങും. എല്ലാ അര്‍ത്ഥത്തിലും ഇന്നിപ്പോഴുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരിസമാപ്തിയാവും നമ്മള്‍ കാണുക.
പക്ഷേ, ഞാന്‍ ഒരു ശുഭാപ്തവിശ്വാസിയാണ്. ഇത്തരമൊരു അവസ്ഥയുണ്ടാവാന്‍ ഇന്ത്യന്‍ ജനത അനുവദിക്കില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
Content Highlights: lok sabha election 20204,