സമരത്തിന് ചുവന്നകൊടി നല്ലതാണ്, വോട്ട് നല്‍കുമ്പോള്‍ അത് മനസ്സില്‍വരുന്നില്ല-മണിക് സര്‍ക്കാര്‍

ബി.ജെ.പി. വന്‍തോതില്‍ കാശ് വാരിയെറിയുന്നു എന്ന ആരോപണമുണ്ടല്ലോ
അവര്‍ നേരിട്ട് ആളുകള്‍ക്ക് കാശുകൊടുക്കുകയാണ്. അവര്‍കാരണം സിസ്റ്റം മുഴുവന്‍ അഴിമതിയില്‍ മുങ്ങി. ഈ സാഹചര്യത്തില്‍നിന്നു പുറത്തുകടക്കണം. അവര്‍ ജനാധിപത്യത്തിന്റെ വേരറക്കുകയാണ്. യുവതലമുറയെ മുഴുവന്‍ വഴിതെറ്റിക്കുന്നു. മറ്റുമാര്‍ഗങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ആവിഷ്‌കാരങ്ങളെക്കുറിച്ചുമൊന്നും ചെറുപ്പക്കാര്‍ ചിന്തിക്കുന്നില്ല. കേവലം പണംമാത്രം. ഒരുപാര്‍ട്ടി പണംകൊടുക്കുന്നു, ആളുകള്‍ വോട്ടുചെയ്യുന്നു.
എന്‍.ആര്‍.സി.യോടും സി.എ.എ. യോടുമുള്ള സമീപനം എന്താണ്
ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. സി.എ.എ. എന്താണ്, പൗരാവകാശത്തിനുനേരേയുള്ള അടിസ്ഥാനപരമായ ആക്രമണമാണ്. ബംഗ്ലാദേശില്‍നിന്നും പാകിസ്താനില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വംനല്‍കുന്നു. ഇത് ഭരണഘടനയ്‌ക്കെതിരാണ്. പൗരാവകാശത്തിന് എതിരാണ്. ഇതോടൊപ്പം നമ്മുടെ ഭരണഘടനയുടെ മതേതരത്വവും ആക്രമിക്കപ്പെടുകയാണ്.
ബംഗ്ലാദേശില്‍നിന്നു വന്നവര്‍ക്ക് പൗരത്വംനല്‍കണമെന്നു കാട്ടി 2012-ല്‍ പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതായി ബി.ജെ.പി. ആരോപിക്കുന്നുണ്ടല്ലോ
അതിലെന്താണു തെറ്റ്. ബി.ജെ.പി. ഇതിനെ തെറ്റായി പ്രചരിപ്പിക്കുകയാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ഓടിപ്പോരേണ്ടിവന്നവര്‍ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. അവര്‍ നേരത്തേതന്നെ ഇന്ത്യയുടെ പൗരന്മാരായിക്കഴിഞ്ഞിരുന്നു. പ്രായോഗിക ചിന്തയാണ് അവിടെ കാണേണ്ടത്. എന്നാല്‍, ബി.ജെ.പി. ചെയ്യുന്നത് മുസ്ലിം ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ്. അതില്‍ എന്താണ് ന്യായീകരണമുള്ളത്.
ആം ആദ്മി പാര്‍ട്ടിപോലുള്ള പുതിയ പാര്‍ട്ടി ചുരുങ്ങിയ കാലത്തിനുള്ളില്‍ അവരുടെ സ്വാധീനം വര്‍ധിപ്പിക്കുന്നു
പ്രത്യേകിച്ചും സി.പി.എമ്മിന് എന്നല്ലേ ഉദ്ദേശിച്ചത്. നിങ്ങളുടെ ചോദ്യം ഞാന്‍തന്നെ നേരിട്ടാക്കിയേക്കാം. (ചിരിക്കുന്നു...). ഞങ്ങളുടെ സമീപനം വര്‍ഗാധിഷ്ഠിതമാണ്. അവരുടേത് ജാത്യാധിഷ്ഠിതമോ കമ്യൂണിറ്റി അധിഷ്ഠിതമോ മതാധിഷ്ഠിതമോ ആണ്. അങ്ങനെ മറ്റു പാര്‍ട്ടികളുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ആശയം എന്താണ്. എന്താണ് അവരുടെ പദ്ധതി.
അവരും ബി.ജെ.പി. ചെയ്യുന്നതുപോലെ ചെയ്യുന്നുവെന്നാണോ ഉദ്ദേശിക്കുന്നത്
അല്ല, ഞങ്ങള്‍ വര്‍ഗപരമായി ആളുകളെ സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ ജാതിക്കോ വര്‍ണത്തിനോ ഇടമില്ല. അതു മാത്രമാണ് ഞങ്ങളുടെ സമീപനം. ഈ സമീപനത്തിനിടയില്‍ മറ്റുപാര്‍ട്ടികള്‍ ഞങ്ങളെ മറികടക്കാനും ഒറ്റപ്പെടുത്താനുമൊക്കെ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ഇതു കൃത്യമായി മനസ്സിലാക്കുന്നു. അതിനെ രാഷ്ട്രീയമായി പ്രതിരോധിച്ചുകൊണ്ട് ജനങ്ങളെ സംഘടിപ്പിക്കുകയാണ്. ഞങ്ങളുടേതാണ് ഭാവി എന്നുറപ്പാണ്. ജനങ്ങള്‍ എല്ലാവരെയും പരീക്ഷിച്ചു. കോണ്‍ഗ്രസിനെ നോക്കി. അവിടെനിന്ന് ബി.ജെ.പി.യില്‍ പോയി. അതു വിട്ടു മറ്റു പ്രാദേശിക പാര്‍ട്ടികളില്‍ നോക്കി. അവിടെയൊന്നും ഭാവിയില്ല. തൃണമൂല്‍ കോണ്‍ഗ്രസിനെ നോക്കൂ, എന്താണ് വ്യത്യാസം.
നിങ്ങള്‍ ഒരുപാട് സമരങ്ങള്‍ നടത്തുന്നു. വന്‍തോതില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നു. പക്ഷേ, നിങ്ങള്‍ക്ക് വോട്ടുകിട്ടുന്നില്ലല്ലോ
സമരത്തിന് ചുവന്നകൊടി നല്ലതാണ്, പക്ഷേ, വോട്ടിന്റെ സമയത്ത് ചുവന്നകൊടി മനസ്സില്‍വരുന്നില്ല. സമരത്തില്‍ അണിനിരന്നവരൊക്കെ വോട്ടുചെയ്യുമ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കുമൊക്കെ നല്‍കുന്നു.
നിങ്ങളുടെ സമരങ്ങളുടെ ഫലം എന്തുകൊണ്ട് നിങ്ങള്‍ക്ക് അനുഭവിക്കാന്‍ പറ്റുന്നില്ല
അതു ശരിയാകും അതു ശരിയാകും.
Content Highlights: interview with tripura ex cm manik sarkar