'ജാവഡേക്കറെ കണ്ടതിൽ രാഷ്ട്രീയലക്ഷ്യമില്ല; BJPയിലേക്ക് ക്ഷണിച്ചു, ജോയ്‌സിനായി ഇറങ്ങില്ല'

ഇടുക്കിയിലെ മുന്‍ സി.പി.എം. നേതാവും മുന്‍ എം.എല്‍.എ.യുമായ എസ്. രാജേന്ദ്രന്‍ ബി.ജെ.പി.യുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചനടത്തിത് വലിയ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ എന്തായിരുന്നുവെന്ന് എസ്.രാജേന്ദ്രന്‍ മാതൃഭൂമി പ്രതിനിധി സി.പി.ശ്രീഹര്‍ഷന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്...
? പ്രകാശ് ജാവഡേക്കറെ കാണാനാണോ വന്നത്
= അതേ. പക്ഷേ, രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ല.
? താങ്കള്‍ ബി.ജെ.പി.യില്‍ ചേരുമെന്നാണ് പ്രചാരണം
= ഇല്ല. അദ്ദേഹം ചോദിച്ചു, ചേരുന്നോ എന്ന്. ഇതാണ് പറ്റിയ സമയമെന്ന് പറഞ്ഞു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു.
? അപ്പോള്‍പ്പിന്നെ എന്തിനാണ് അദ്ദേഹത്തെ കാണാനായിമാത്രം വന്നത്
= എന്റെ സഹോദരന്‍ ദുരൈ ബോസിന്റെ വീട്ടിലെ ചടങ്ങുമായി ബന്ധപ്പെട്ട് ക്ഷണിക്കാന്‍ വന്നതാണ്. ജാവഡേക്കര്‍ കേന്ദ്രത്തില്‍ മന്ത്രിയായിരുന്നപ്പോള്‍ എനിക്ക് നല്ല ബന്ധമുണ്ട്. സഹോദരന്‍ കാലിന് അസുഖമായി വിശ്രമിക്കുകയാണ്. അവന്‍ ആവശ്യപ്പെട്ടതനുസരിച്ച് വന്നതാണ്. സഹോദരിയുടെ വിവാഹമാണ്. ഏപ്രിലിലാണ് നടത്താനുദ്ദേശിക്കുന്നത്. തീയതി നിശ്ചയിച്ചിട്ടില്ല. ജാവഡേക്കര്‍ ചില തീയതികള്‍ സൗകര്യപ്രദമായത് അറിയിച്ചു. അതിലേതെങ്കിലുമായാല്‍ വരാമെന്ന് പറഞ്ഞു.
? സഹോദരന് അദ്ദേഹവുമായി നല്ല അടുപ്പമുണ്ടോ?
= സഹോദരന്‍ ബി.ജെ.പി.യുടെ ഒ.ബി.സി. വിഭാഗത്തിന്റെ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമാണ്.
? താങ്കള്‍ക്ക് ജാവഡേക്കറുമായി നല്ല ബന്ധമാണോ?
= രണ്ടുവട്ടം ഞാന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ അദ്ദേഹം മന്ത്രിയായിരുന്നല്ലോ. പലവട്ടം അപ്പോള്‍ കണ്ടിട്ടുണ്ട്. മൂന്നാറില്‍വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്, രണ്ടുവട്ടം.
? വേറെ ഏതെങ്കിലും വിഷയം സംസാരിച്ചോ?
= ആനക്കാര്യം സംസാരിച്ചു. കടുവയുടെ കാര്യം സംസാരിച്ചു. ആനയുടെ ശല്യം മൂന്നാറിലൊക്കെ കൂടുതലാണല്ലോ. അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ കേരളത്തിലെ ചുമതലക്കാരനാണല്ലോ. വടക്കേയിന്ത്യയില്‍ വെടിവെക്കുന്നതുപോലെ ഇവിടെയും എന്തെങ്കിലും സഹായം വേണമെന്ന് അഭ്യര്‍ഥിച്ചു.
? ഏലം കര്‍ഷകരുടെ കാര്യം സംസാരിച്ചോ?
= അതൊന്നും സംസാരിച്ചില്ല. പിന്നെ പാര്‍ട്ടിയിലേക്ക് അദ്ദേഹം ക്ഷണിച്ചു. ഇതാണ് ശരിയായ സമയമെന്ന് പറഞ്ഞു. ഇപ്പോള്‍ അതിന് സമയമല്ലെന്ന് ഞാനും പറഞ്ഞു.
? തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമോ?
= തിരഞ്ഞെടുപ്പില്‍ നല്ലതുപോലെ പ്രവര്‍ത്തിച്ചിട്ടും അവര്‍ക്ക് സംശയം തീര്‍ന്നിട്ടില്ലല്ലോ. അപ്പോള്‍ ഇന്ന് പോയി ഞാന്‍ പ്രവര്‍ത്തിച്ചാല്‍ എന്തുമാത്രം അവര്‍ക്ക് സംശയം വരാനിടയുണ്ട്. അവന്റെ മുഖം കറുത്തിരുന്നു, അവന്‍ നല്ലപോലെ ചിരിച്ചില്ല, അവന്റെ ഉടുപ്പ് മുഷിഞ്ഞിരുന്നു, കാലുലേശം ചളുങ്ങിയിരുന്നു -ഇതൊക്കെ കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല.
? ജോയ്‌സ് ജോര്‍ജിനായി ഇറങ്ങില്ല?
= ഇറങ്ങില്ല എന്നല്ല. പറയാവുന്ന പരമാവധി പേരോട് പ്രവര്‍ത്തിക്കാന്‍ പറയും, വോട്ടുചെയ്യാന്‍ പറയും. അല്ലാതെ നേരിട്ട് പ്രചാരണത്തിനിറങ്ങില്ല.
? മണിയാശാന്‍ താങ്കളോട് സംസാരിച്ചിരുന്നോ?
= മണിയാശാന്‍ എന്നെ വിളിച്ചല്ലോ. 'ഞാന്‍ നിന്നെ വല്ലതും പറഞ്ഞോടാ' എന്ന് ചോദിച്ചു. 'സഖാവ് ഒന്നും പറഞ്ഞില്ല' എന്ന് ഞാന്‍ മറുപടി പറഞ്ഞു. 'ഞാന്‍ നിന്നെയൊന്നും പറയത്തില്ല' എന്നും അദ്ദേഹം പറഞ്ഞു. 'ശരി സഖാവേ' എന്ന് ഞാനും പറഞ്ഞു.
? കോണ്‍ഗ്രസിലേക്ക് ആരെങ്കിലും താങ്കളെ ക്ഷണിച്ചോ?
= അവരും വിളിച്ചിരുന്നു. സി.പി.ഐ.ക്കാര്‍, ബി.എസ്.പി.ക്കാര്‍, നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കാര്‍, സി.എം.പി., എന്‍.സി.പി. എന്നിവരെല്ലാം വിളിച്ചിരുന്നു.
വിടാതെ നില്‍ക്കുന്നത് ബി.ജെ.പി.യും സി.പി.ഐ.യുമാണ്.
Content Highlights: interview with srajendran- rumores-he will join the BJP