നേതാവല്ല, നയമാണ് പ്രധാനം, നേതൃപ്രശ്‌നം ബി.ജെ.പി. പ്രചരിപ്പിക്കുന്നത് - സീതാറാം യെച്ചൂരി | അഭിമുഖം

ഒരാഴ്ച കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് അങ്കക്കളത്തില്‍ കത്തിക്കയറി. കേരളത്തിലുയര്‍ന്ന വിവാദങ്ങളിലും വിമര്‍ശനങ്ങളിലുമൊക്കെ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി 'മാതൃഭൂമി' പ്രതിനിധി പി.കെ. മണികണ്ഠനുമായി സംസാരിക്കുന്നു
എന്തുകൊണ്ട് മോദിസര്‍ക്കാര്‍ മാറണം
ഭരണഘടനയുടെ നാല് അടിസ്ഥാനശിലകളാണ് മതേതരജനാധിപത്യം, സാമ്പത്തികപരമാധികാരം, ഫെഡറലിസം, സാമൂഹികനീതി എന്നിവ. ഇതിലോരോന്നും 10 വര്‍ഷമായി കടന്നാക്രമിക്കപ്പെടുന്നു. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സ്വതന്ത്രസ്ഥാപനങ്ങള്‍ ഭരണകക്ഷിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. 150-ഓളം എം.പി.മാരെ പാര്‍ലമെന്റില്‍ സസ്‌പെന്‍ഡുചെയ്തു. ജുഡീഷ്യറിയും കടുത്ത സമ്മര്‍ദത്തിലാണ്. തിരഞ്ഞെടുപ്പുകമ്മിഷന്‍ ഭരണകക്ഷിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ ഭരണകക്ഷിയുടെ ഉപകരണമായി മാറി. ഭരണഘടനാക്രമംതന്നെ തകര്‍ന്നടിഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനാണ് ശ്രമം. കോര്‍പ്പറേറ്റ്-ഹിന്ദുത്വ സഖ്യമാണ് മറ്റൊരു പ്രശ്‌നം. പൊതുമേഖലാസ്ഥാപനങ്ങളടക്കമുള്ള ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ വിദേശ-സ്വകാര്യ മൂലധനശക്തികള്‍ക്ക് കൊള്ളയടിക്കാന്‍ കൈമാറി. ധനികര്‍ക്കുവേണ്ടിയാണ് മോദിസര്‍ക്കാരിന്റെ നയം.
വിലക്കയറ്റവും ദാരിദ്ര്യവും പട്ടിണിയുംകൊണ്ട് ദുരിതത്തിലാണ് ജനങ്ങള്‍. 42 ശതമാനം ബിരുദധാരികള്‍ക്ക് തൊഴിലില്ല. കടമെടുക്കല്‍ 45 ശതമാനത്തിലേറെ. ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണ് മോദിഭരണത്തില്‍. ജനജീവിതം രക്ഷപ്പെടാനും ഇന്ത്യയുടെ മതേതര-ജനാധിപത്യ സ്വഭാവം സംരക്ഷിക്കപ്പെടാനും മോദിസര്‍ക്കാര്‍ മാറണം.
400 സീറ്റ് കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ മറികടക്കാനുള്ള വര്‍ഗീയധ്രുവീകരണശേഷി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെലവായി. അങ്ങനെ, ബി.ജെ.പി.ക്ക് പരമാവധി സീറ്റുകിട്ടി. ഇതിലപ്പുറം പോകാനാവില്ല. ആ സംസ്ഥാനങ്ങളില്‍നിന്ന് ഇനി കൂടുതല്‍ സീറ്റ് കിട്ടാനില്ല. ഉത്തരേന്ത്യയില്‍ അവര്‍ക്ക് അടിത്തറയില്ലാതാവുന്നു. അതിനാലാണ്, ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഏതുധ്രുവീകരണത്തിനിടയിലും ദൈനംദിന ജീവിതപ്രശ്‌നങ്ങളാവും വോട്ടെടുപ്പില്‍ ആധിപത്യം നേടുക.
ഇന്ത്യസഖ്യത്തിനൊരു പൊതുപരിപാടി ഇല്ലല്ലോ?
സ്വതന്ത്രവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യബ്ലോക്കിന് സര്‍ക്കാരുണ്ടാക്കാനാവും. പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മില്‍ സംസ്ഥാനതലത്തിലൊരു ധാരണയുണ്ട്. പക്ഷേ, പൊതുമിനിമംപരിപാടി തിരഞ്ഞെടുപ്പിനുശേഷമേ സാധ്യമാവൂ. 'ഇന്ത്യ'യിലെ പാര്‍ട്ടികള്‍ ഇപ്പോള്‍ത്തന്നെ പൊതു അജന്‍ഡ ഉയര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെ തുറന്നുകാട്ടല്‍, തൊഴിലില്ലായ്മ, നഗരതൊഴിലുറപ്പ് പദ്ധതി തുടങ്ങിയവ. ബിഹാറില്‍ ആര്‍.ജെ.ഡി. സഖ്യവും മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യവുമൊക്കെ ഇത് നന്നായി ഉന്നയിക്കുന്നു.
കേരളത്തില്‍ എല്‍.ഡി.എഫ്.-യു.ഡി.എഫ്. തമ്മിലടി പുറത്ത് ബി.ജെ.പി. പ്രചാരണായുധമാക്കുന്നു?
കേരളത്തില്‍ ബി.ജെ.പി.ക്ക് ഒരു ഇടവുമില്ല. അതിനാലാണ് ഇന്ത്യസഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിന്റെ കാരണം. അതാണ് വസ്തുത. പരസ്പരം പോരടിക്കുന്നുവെന്ന് നരേന്ദ്രമോദി പറയും. ബി.ജെ.പി.ക്ക് ഇവിടെ റോളില്ല.
തമിഴ്നാട്ടിലും രാജസ്ഥാനിലും കൈകോര്‍ക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തില്‍ തമ്മിലടിക്കുമ്പോള്‍ ജനങ്ങളെന്ത് മനസ്സിലാക്കണം?
ഓരോ സംസ്ഥാനത്തും സാഹചര്യം വ്യത്യസ്തമാണ്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ചാല്‍ ബി.ജെ.പി.ക്കും എന്‍.ഡി.എ.യ്ക്കുമാണ് നേട്ടം. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചുമത്സരിച്ചാലുമൊക്കെ ബി.ജെ.പി.യാണ് നേട്ടമുണ്ടാക്കുക. ബി.ജെ.പി.യെ തോല്‍പ്പിക്കുകയാണ് പ്രഥമലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തിയതിന് ഇന്ത്യസഖ്യത്തിലെ നേതാവായ രാഹുല്‍ ഗാന്ധിക്ക് താങ്കള്‍ക്കുതന്നെ മറുപടി നല്‍കേണ്ടി വന്നില്ലേ?
കേരളത്തിലായതിനാല്‍ എനിക്കതുചെയ്യേണ്ടിവന്നു. വിചിത്രമാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പാര്‍ലമെന്റില്‍ രാഹുലിനെ സസ്‌പെന്‍ഡുചെയ്തപ്പോള്‍ ആദ്യം അപലപിച്ച നേതാക്കളിലൊരാളാണ് പിണറായി വിജയന്‍. ഇ.ഡി. കേസെടുത്തപ്പോഴും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോഴുമൊക്കെ ഞങ്ങളെല്ലാം അപലപിച്ചു.
രാഹുല്‍ പിണറായി എന്നതരത്തില്‍ വ്യക്തികളുടെ പിന്നാലെ പോകാനില്ല. അത് ഞങ്ങളുടെ രാഷ്ട്രീയമല്ല. സി.എ.എ., 370-ാം വകുപ്പ് റദ്ദാക്കല്‍, തിരഞ്ഞെടുപ്പ് ബോണ്ട് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ രാഷ്ട്രീയം. ഇതിലൊക്കെ ആരാണ് മോദിസര്‍ക്കാരിനെതിരേ പോരാടുന്നത്?
സി.പി.എമ്മും ഇടതുപക്ഷവും. ഞങ്ങള്‍ മോദിസര്‍ക്കാരിനോട് സന്ധിചെയ്യുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. ജമ്മു-കശ്മീര്‍ വിഭജിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നയാള്‍ക്ക് അവിടെ എത്താനായില്ല. എന്നാല്‍, സീതാറാം യെച്ചൂരിയെത്തി. കര്‍ഷകപ്രക്ഷോഭത്തില്‍ നിങ്ങള്‍ക്ക് കാണാനായത് ചെങ്കൊടിയാണ്, കോണ്‍ഗ്രസിന്റെ കൊടിയല്ല. അവര്‍ ഞങ്ങളെ പഴിക്കുന്നതില്‍ ഒരര്‍ഥവുമില്ല.
രാഹുലിന്റെ വിമര്‍ശനം അപക്വമായെന്നാണോ?
അതിനവര്‍തന്നെ മറുപടി പറയട്ടെ.
ബി.ജെ.പി.ക്ക് ഉയര്‍ത്തിക്കാട്ടാന്‍ നരേന്ദ്രമോദി എന്ന ശക്തനായ നേതാവുണ്ട്. ഇന്ത്യമുന്നണിക്ക് അങ്ങനെയൊരാളില്ല?
നേതാവല്ല, നയമാണ് പ്രധാനം. ബി.ജെ.പി. പ്രചരിപ്പിക്കുന്നതാണ് നേതൃപ്രശ്‌നം. മോദിയുമായി താരതമ്യപ്പെടുത്താനുള്ള നേതാവ് പ്രതിപക്ഷത്തില്ലെന്ന് അവര്‍ പറയുന്നു. ആറുവര്‍ഷം വാജ്പേയി ഭരിച്ചപ്പോഴും അങ്ങനെയായിരുന്നു പ്രചാരണം. പക്ഷേ, 2004-ല്‍ ബദല്‍ സര്‍ക്കാര്‍ വന്നില്ലേ? മന്‍മോഹന്‍ സിങ് 10 വര്‍ഷം പ്രധാനമന്ത്രിയായി. അതുപോലെ, ഇത്തവണയും ഒരു ബദല്‍ ഉയര്‍ന്നുവരും.
Content Highlights: interview with sitaram yechury on lok sabha election 2024