'ഞാനെന്തിന് LDF-നെതിരേ സംസാരിക്കണം,രാജ്യത്തെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പറ്റിയപാര്‍ട്ടി കോണ്‍ഗ്രസാണ്'

ആലപ്പുഴ: എൽ.ഡി.എഫിനെതിരേ സംസാരിക്കേണ്ട കാര്യം തനിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കനയ്യകുമാർ. സി.പി.ഐ. വിട്ട് കോൺഗ്രസിലെത്തിയ അദ്ദേഹം ആലപ്പുഴ ലോക്‌സഭാ മണ്ഡലം കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം എത്തിയപ്പോൾ ‘മാതൃഭൂമി’യോടു സംസാരിക്കുകയായിരുന്നു.
‘ഞാനെന്തിനാണ് ഇടതുപക്ഷത്തിനെതിരേ സംസാരിക്കുന്നത്. നിങ്ങൾ എന്റെ പ്രസംഗത്തിലെവിടെയെങ്കിലും അതു കേട്ടോ? ഞാൻ വർഗീതയതയ്ക്കെതിരേയും യുവാക്കളുടെ തൊഴിലില്ലായ്മക്കെതിരേയും കർഷകരുടെ നിതിനിഷേധത്തിനെതിരേയുമാണ് പ്രസംഗിക്കുന്നത്. ഈ രാജ്യത്തിന്റെ നിലനിൽപ്പ് തകർക്കുന്നവർക്കെതിരേയാണ് സംസാരം. ഇതിനുവേണ്ടി ഉചിതമായ ഒരു പ്ലാറ്റ്‌ഫോം ഞാൻ തിരഞ്ഞെടുത്തു’ -കനയ്യ കുമാർ പറഞ്ഞു.
മുമ്പ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി മത്സരിച്ചു. ഇപ്പോൾ കോൺഗ്രസുകാരനായി പ്രചാരണം നടത്തുന്നു. അതും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടുന്ന കേരളത്തിൽ?
അതിൽ തെറ്റില്ല. ഞാൻ പൗരത്വ നിയമഭേദഗതിക്കെതിരേ പോരാടിയവനാണ്. രാജ്യത്തെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പറ്റിയ പാർട്ടി കോൺഗ്രസാണ്. രാജ്യത്താകെ വേരുകളുള്ള പാർട്ടിയെന്ന നിലയിൽ അവർക്കതിനു സാധിക്കും. എന്റെ അനുഭവങ്ങൾ ഉയർന്നതലത്തിലേക്ക് എത്തിക്കുന്നതിന് കോൺഗ്രസ് എന്നെ സഹായിക്കുന്നു. രാഹുൽ ഗാന്ധി ഒരു തന്റേടമുള്ള നേതാവുമാണ്.
ബിഹാറിൽ നൽകാതെ ഡൽഹിയിൽ സീറ്റ് നൽകിയതിൽ വിഷമമുണ്ടോ?
ഇല്ല. ഇത് പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പൊന്നുമല്ല. വിശാലമായ രാജ്യത്തിന്റെ പരമോന്നത സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്. അതിൽ എവിടെനിന്നും പോരാടാൻ മനസ്സുള്ളവനാണ് ഞാൻ.
ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ താങ്കളുടെ നിഗമനത്തിൽ എത്രത്തോളമാണ്?
400 സീറ്റ് നേടുമെന്ന് മോദി സർക്കാർ മാധ്യമങ്ങളെ വിലക്കെടുത്ത് പറയിപ്പിക്കുന്നതാണ്. യഥാർഥത്തിലുള്ള ചിത്രം മറ്റൊന്നാണ്. ഇക്കുറി എൻ.ഡി.എ.യ്ക്ക് അധികാരം നഷ്ടപ്പെടും. കർഷകർ, വിദ്യാർഥികൾ, യുവാക്കൾ, ചെറുകിട കച്ചവടക്കാർ എന്നിവരുൾപ്പെടെ എല്ലാ സമൂഹവും മോദി സർക്കാരിനെതിരാണ്. അതുകൊണ്ടുതന്നെ ഇന്ത്യമുന്നണി അധികാരത്തിൽ വരും. മോദി സർക്കാർ അവകാശപ്പെടുന്ന 400 സീറ്റ് യഥാർഥത്തിൽ ഇന്ത്യ സഖ്യത്തിനാണു ലഭിക്കുക.
Content Highlights: interview with kanhaiya kumar