'ഇന്ത്യ' ഭരിക്കും; മാതൃഭൂമി പ്രതിനിധി മനോജ് മേനോന് അനുവദിച്ച അഭിമുഖത്തില്‍ ഖാര്‍ഗെ

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫോട്ടോ: സാബു സ്‌കറിയാച്ചന്‍
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫോട്ടോ: സാബു സ്‌കറിയാച്ചന്‍

'മോദിസര്‍ക്കാരിനെതിരായ ജനരോഷം ഇന്ത്യാസഖ്യത്തിനുള്ള വോട്ടായി മാറും. ദേശീയതലത്തില്‍ ഇന്ത്യസഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ബി.ജെ.പി.യെ അധികാരത്തില്‍നിന്നിറക്കാന്‍ സഖ്യം ഒറ്റക്കെട്ടാണ്'' മാതൃഭൂമി പ്രതിനിധി മനോജ് മേനോന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

വികസിത ഭാരതത്തിനായി മോദി ഒന്നുംചെയ്തില്ല

പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഈ രാജ്യത്തിനായി ചെയ്തതിന്റെ ഒരംശംപോലും 10 വര്‍ഷത്തിനിടെ മോദിക്കു ചെയ്യാനായില്ല. രാജ്യത്ത് ഒരു വന്‍വ്യവസായമോ വികസനപദ്ധതിയോ നടപ്പാക്കാന്‍ മോദിക്കായില്ല. രാജ്യത്തെ എല്ലാ വികസനപദ്ധതികളുമെത്തിയത് പഞ്ചവത്സര പദ്ധതിക്കാലത്താണ്. എന്നാല്‍, ബി.ജെ.പി. നടപ്പാക്കുന്നത് മതത്തിന്റെപേരില്‍ രാജ്യത്തെ വിഭജിക്കലാണ്. 10 വര്‍ഷത്തിനിടയില്‍ വിലക്കയറ്റം മൂന്നിരട്ടിയായി. ജനങ്ങളുടെ വരുമാനം വര്‍ധിച്ചില്ല. സാധനവില മൂന്നിരട്ടിയായി. ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു. അവരെ ദീര്‍ഘകാലം വിഡ്ഢികളാക്കാനാകില്ല. ഇപ്രാവശ്യം ജനങ്ങളെ കബളിപ്പിക്കാന്‍ മോദിക്ക് കഴിയില്ല -ഖാര്‍ഗെ പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിതീരുമാനം

ഇന്ത്യമുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ പ്രാദേശികമായി മത്സരമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ജനാധിപത്യത്തിലിത് പതിവാണെന്നും ഖാര്‍ഗെ പറയുന്നു. ഡല്‍ഹിയില്‍ ആപ്പുമായി ചേര്‍ന്ന് മത്സരിക്കുമ്പോള്‍ പഞ്ചാബില്‍ അവരുമായി സഖ്യമില്ല. അതുപോലെയാണ് കേരളത്തിലെന്നും ദേശീയതലത്തില്‍ ഇടതുകക്ഷികള്‍ ബി.ജെ.പി.ക്കെതിരേ ഇന്ത്യമുന്നണിക്കൊപ്പം ഒറ്റക്കെട്ടാണെന്നും ഖാര്‍ഗെ പറഞ്ഞു. വയനാട്ടിലെ ജനങ്ങളും പ്രവര്‍ത്തകരും രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിച്ചു. പാര്‍ട്ടി ആ ആഗ്രഹത്തിനൊപ്പം നിന്നു. അതു മറ്റുള്ളവര്‍ വിഷയമാക്കേണ്ടതില്ല.

പൗരത്വത്തില്‍ നിലപാടുണ്ട്

പൗരത്വനിയമഭേദഗതിക്കെതിരേ പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ആലോചിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.

രാജ്യത്ത് മോദിക്കും ബി.ജെ.പി.ക്കുമെതിരേ ശക്തമായ അടിയൊഴുക്കുണ്ട്. ഇന്ത്യാസഖ്യം മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കും

നേതാവ് തിരഞ്ഞെടുപ്പിനുശേഷം

തിരഞ്ഞെടുപ്പില്‍ ഇന്ത്യസഖ്യത്തിന്റെ സാധ്യത എങ്ങനെയാണ്?

ഇന്ത്യസഖ്യം ഭൂരിപക്ഷംനേടി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോവുന്നു. രാജ്യത്ത് രാഷ്ട്രീയ അടിയൊഴുക്കുകളുണ്ട്. 400-ലേറെ സീറ്റുനേടുമെന്നാണ് മോദിയും ബി.ജെ.പി.യും അവകാശപ്പെടുന്നത്. വലിയ തോതിലുള്ള അതിശയോക്തിയാണ് മോദി പറയുന്നത്. യാഥാര്‍ഥ്യവുമായി ബന്ധമില്ല. ഞങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. കഴിവിന്റെ പരമാവധി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്കൊരവസരം കിട്ടിയിരിക്കുന്നു. 26 പാര്‍ട്ടികളുള്ള ഒരു സഖ്യത്തിനാണ് ഞങ്ങള്‍ രൂപംകൊടുത്തത്. ഈ സഖ്യത്തിലെ ഓരോ പാര്‍ട്ടിയും ബി.ജെ.പി.യെ തോല്‍പ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. അതിനാല്‍, ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിക്കും.

ഇന്ത്യസഖ്യത്തിന് ഭരണം കിട്ടിയാല്‍ ആരായിരിക്കും സര്‍ക്കാരിനെ നയിക്കുക? സഖ്യത്തിന് നേതാവില്ലെന്നാണ് മോദിയുടെ ആരോപണം. എന്താണ് മറുപടി?

=ഇത്തരം ചോദ്യങ്ങള്‍ എക്കാലത്തും ഉയരാറുണ്ട്. നെഹ്‌റുവിന്റെ മരണശേഷം ആരായിരിക്കും രാജ്യത്തെ നയിക്കുകയെന്ന വലിയ ചോദ്യമുയര്‍ന്നിരുന്നു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കുശേഷം ആരു നയിക്കുമെന്ന ചോദ്യമുയര്‍ന്നു. ഇന്ദിരയ്ക്കുശേഷം ആരെന്നു ചോദിച്ചു. അത്തരം ചോദ്യങ്ങള്‍ എപ്പോഴുമുണ്ടാകും. കാലം അതിന് മറുപടി നല്‍കും. ഇന്ത്യസഖ്യം ഭൂരിപക്ഷം നേടും. അപ്പോള്‍ നേതാവിനെ യുക്തമായ രീതിയില്‍ നിശ്ചയിക്കും. 2004-ലും 2009-ലും ഞങ്ങള്‍ നേതാവിനെ നിശ്ചയിച്ചതുപോലെ. എങ്ങനെയാണ് ഒരു സഖ്യസര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ സഖ്യസര്‍ക്കാരുമായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്. ഇത്തവണ ഞങ്ങള്‍ അതില്‍ പിന്നാക്കംപോകുമെന്ന് കരുതുന്നുണ്ടോ. ഇന്ത്യസഖ്യം ഒരുമിച്ച് തീരുമാനമെടുക്കും.

ചില സംസ്ഥാനങ്ങളില്‍ ഇന്ത്യസഖ്യത്തില്‍ സീറ്റുവിഭജനത്തില്‍ തര്‍ക്കമുണ്ട്. ഈ പ്രശ്‌നങ്ങളില്‍ സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തുന്നത്. എന്തുപറയുന്നു?

ജനാധിപത്യത്തില്‍ ഇത് പതിവാണ്. സഖ്യത്തിലുള്ളത് ഒന്നോ രണ്ടോ പാര്‍ട്ടികളല്ലല്ലോ. ചെറുത്, വലുത്, പ്രാദേശികം, ദേശീയം അങ്ങനെ പലതരം പാര്‍ട്ടികള്‍ സഖ്യത്തിലുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികം. അവ മറന്ന് പരസ്പരധാരണയോടെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതാണ് ഞങ്ങള്‍ക്ക് ചെയ്യാനാകുക. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ ഞങ്ങള്‍ മൂന്നുസീറ്റിലും എ.എ.പി. നാലുസീറ്റിലും മത്സരിക്കുന്നു. ആപ്പും കോണ്‍ഗ്രസും സഹകരിച്ചാണ് മത്സരിക്കുന്നത്. എന്നാല്‍, പഞ്ചാബില്‍ സഖ്യമില്ല.

കേരളത്തില്‍ ഞങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരേ മത്സരിക്കുന്നു. എന്നാല്‍, ബംഗാളില്‍ ഞങ്ങള്‍ യോജിച്ച് മത്സരിക്കുന്നു. ദേശീയതലത്തില്‍ സി.പി.എം., സി.പി.ഐ., സി.പി.ഐ.(എം.എല്‍.) തുടങ്ങിയ പാര്‍ട്ടികള്‍ ഞങ്ങള്‍ക്കൊപ്പമാണ്. അതായത് ദേശീയതലത്തില്‍ ദേശീയ കാഴ്ചപ്പാടോടെ യോജിച്ച് പ്രവര്‍ത്തിക്കുന്നു. അല്ലാതെ സഖ്യത്തിനുള്ളില്‍ പ്രശ്‌നങ്ങളില്ല.

സഖ്യത്തിനുള്ളില്‍നിന്നുകൊണ്ട് പരസ്പരം പോരടിക്കുന്നത് ദേശീയതലത്തിലെ ഐക്യത്തിന്റെ ആത്മാവിനെ തകര്‍ക്കില്ലേ?

=ഇല്ലേയില്ല. പ്രാദേശികസാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ചിലപ്പോള്‍ ചില പാര്‍ട്ടികള്‍തമ്മില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍, ദേശീയതലത്തില്‍ വിപുലമായ ദേശീയതാത്പര്യമാണ് അടിസ്ഥാനം. അതിനാല്‍ ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുന്നു. കാരണം, വലിയ അപകടം ബി.ജെ.പി.യാണ്. അവര്‍ ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കുകയാണ്. ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി കൊന്നുകൊണ്ടിരിക്കയാണ്. അതുകൊണ്ടാണ് ജനങ്ങള്‍ മോദിഭരണത്തിനെതിരേ കടുത്ത രോഷം പ്രകടിപ്പിക്കുന്നത്.

മോദി അതുകൊടുത്തു, ഇതുകൊടുത്തു എന്നാണ് മോദി പറയുന്നത്. താന്‍ എല്ലാവര്‍ക്കും ഒപ്പമാണെന്ന് പ്രചരിപ്പിക്കുന്നു. എല്ലാവരുടെയും വികസനമാണ് ലക്ഷ്യമെന്ന് പറയുന്നു. ഇതൊക്കെ വെറും മുദ്രാവാക്യങ്ങള്‍ മാത്രമാണ്. ജനം ഇതൊന്നും വിശ്വസിക്കില്ല. ഇതാണെന്റെ ഗാരന്റിയെന്നാണ് മോദി പറയുന്നത്. എല്ലാം മോദിയുടേതാണെന്നാണ് അവകാശപ്പെടുന്നത്. സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി.യാണിത് ചെയ്തതെന്ന് അദ്ദേഹം പറയില്ല. മോദിയുടെ ഗാരന്റിയെന്നാണ് പ്രചാരണവാക്യംപോലും. അപ്പോള്‍ ജനങ്ങള്‍ ആരെ പഴിക്കും? മോദിയെ പഴിക്കും! എന്നിട്ട് മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന് ബി.ജെ.പി. പരിതപിക്കും.

മോദിയുടെ പേരിലാണ് പ്രചാരണം മുഴുവന്‍. അപ്പോള്‍ സ്വാഭാവികമായും എല്ലാ പാര്‍ട്ടികളും മോദിയെ വിമര്‍ശിക്കും. ഇങ്ങനെ മുദ്രാവാക്യങ്ങള്‍ നിര്‍മിച്ചാല്‍ തന്റെ പേര് പ്രശസ്തമാകുമെന്നാണ് മോദി കരുതുന്നത്. മോദിമാത്രമാണ് രാജ്യത്ത് ഒരേയൊരാള്‍ എന്ന കാഴ്ചപ്പാടാണ് രൂപവത്കരിക്കുന്നത്. ഈ രാജ്യത്തിന് ഏറ്റവും അനിവാര്യനായ വ്യക്തിയെന്നാണ് പ്രചരിപ്പിക്കുന്നത്. ഇതൊന്നും വിലപ്പോകില്ല. ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നവരാണ്.

തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ എന്തൊക്കെ വിഷയങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്?

 ഞങ്ങള്‍ വിശദമായ പ്രകടനപത്രിക പുറത്തിറക്കിക്കഴിഞ്ഞു. യുവാക്കള്‍ക്ക് യുവന്യായ്, കര്‍ഷകര്‍ക്ക് കിസാന്‍ ന്യായ്, തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. എന്തൊക്കെയാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിനും എന്താണ് നല്‍കാന്‍ പോകുന്നതെന്ന് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. ഇതിനെല്ലാമുപരി ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന വിഷയം തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മയാണ് ഈ രാജ്യത്തിന്റെ, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു. അതിനാല്‍ രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും ഞങ്ങള്‍ സാധ്യമാകുന്ന ചിലത് വാഗ്ദാനംചെയ്തിട്ടുണ്ട്. ഞങ്ങളുടെ അജന്‍ഡ പൂര്‍ണമായും ജനങ്ങള്‍ക്കുമുന്നിലുണ്ട്. ഈ പ്രകടനപത്രികകണ്ട് ജനങ്ങള്‍ വോട്ടുചെയ്യും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുകയെന്നതാണ് മറ്റൊരു ദൗത്യം. മൂന്നില്‍രണ്ട് ഭൂരിപക്ഷം ലഭിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ ഭരണഘടന മാറ്റുമെന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാല്‍, ജനങ്ങളുടെ ഭാവി മാറ്റാന്‍ അവര്‍ തയ്യാറല്ല. രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍ നടപടിയെടുക്കുന്നില്ല. ഏകാധിപത്യത്തിലേക്കാണ് മോദി രാജ്യത്തെ കൊണ്ടുപോകുന്നത്. ജനങ്ങള്‍ ഇതംഗീകരിക്കാനോ സഹിക്കാനോ പോകുന്നില്ല. ഇതിനെതിരേ ഞങ്ങള്‍ ചെറുത്തുനില്‍ക്കും. എല്ലാവരെയും ഒപ്പം നിര്‍ത്തും. അതോടൊപ്പം, രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും.

ബി.ജെ.പി. വീണ്ടും ഭരണത്തിലെത്തിയാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന് പ്രചാരണമുണ്ട്. എന്താണ് അഭിപ്രായം?

ഭരണഘടന പൂര്‍ണമായും മാറ്റാനാണ് ബി.ജെ.പി.യുടെ നീക്കം. 400 സീറ്റ് കിട്ടുമെന്നൊക്കെ പറയുന്നത് മൂന്നില്‍രണ്ട് ഭൂരിപക്ഷം ലക്ഷ്യമിട്ടാണ്. ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത്, അനന്ത് ഹെഗ്ഡെ എം.പി. മാത്രമല്ല, അവരുടെ പാര്‍ട്ടി വക്താക്കളൊക്കെ ഭരണഘടന തിരുത്തുന്ന കാര്യമാണു പറയുന്നത്. മൂന്നില്‍രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ പറയുന്നത് ഇതിനെക്കുറിച്ചാണ്. ഞങ്ങള്‍ക്ക് വേറെയും ആശങ്കകളുണ്ട്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും അവര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വയംഭരണസ്ഥാപനങ്ങളെ അവര്‍ കൊന്നുകൊണ്ടിരിക്കുന്നു. എല്ലാ സ്ഥാനങ്ങളിലും അവര്‍ ആര്‍.എസ്.എസുകാരെ നിയമിക്കുന്നു. മറ്റൊരാള്‍ക്കും ഒരിടവും നല്‍കാന്‍ അവര്‍ തയ്യാറല്ല. ബി.ജെ.പി. സ്വന്തം ആശയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍, ജനങ്ങള്‍ കടുത്തമറുപടി നല്‍കും.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധിയും തമ്മില്‍ വാക്യുദ്ധങ്ങള്‍ മുറുകുകയാണ്. എന്തു പറയുന്നു?

ഇതെല്ലാം കൈകാര്യംചെയ്യാനും മറുപടി പറയാനുമുള്ള ശേഷി രാഹുല്‍ഗാന്ധിക്കുണ്ട്. എനിക്കതില്‍ ഒന്നും പറയാനില്ല.

ദക്ഷിണേന്ത്യയില്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയാകുമെന്ന ബി.ജെ.പി.യുടെ അവകാശവാദത്തെക്കുറിച്ച്?

അവരുടെ ആഗ്രഹം മാത്രമാണത്. അത് സാധിക്കാന്‍ പോകുന്നില്ല. വടക്ക്-തെക്ക് എന്നതിന്റെ അടിസ്ഥാനത്തിലൊന്നുമല്ല ഞാന്‍ സംസാരിക്കുന്നത്. എന്താണോ അദ്ദേഹത്തിന്റെ ആഗ്രഹം, അത് യാഥാര്‍ഥ്യമാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ അനുവദിക്കില്ല.

തിരഞ്ഞെടുപ്പ് ബോണ്ട് അഴിമതിതന്നെ

തിരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍, ബോണ്ടിനെ ന്യായീകരിക്കുകയാണ് ബി.ജെ.പി.യും പ്രധാനമന്ത്രിയും. ബോണ്ട് ഇല്ലാതായതോടെ കള്ളപ്പണം തിരികെവരുമെന്നും എല്ലാവരും ഖേദിക്കുമെന്നും മോദി പറയുന്നു. എന്തു തോന്നുന്നു?

= ബി.ജെ.പി. ഇപ്പോള്‍ കള്ളപ്പണം മാത്രമല്ലേ സ്വീകരിക്കുന്നുള്ളൂ. നിങ്ങളുടെ കമ്പനിയുടെ ലാഭം 100 കോടി. എന്നാല്‍, നിങ്ങള്‍ സംഭാവന ചെയ്യുന്നത് 200 കോടി. അപ്പോഴത് കള്ളപ്പണമല്ലേ. പല കമ്പനികളും ലാഭത്തിലല്ല. എന്നാല്‍, അവര്‍ ബോണ്ടുകളിലൂടെ വന്‍തോതില്‍ സംഭാവനകള്‍ നല്‍കുന്നു. ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ കൊടുക്കുന്നു, എന്നിട്ട് അവരില്‍നിന്ന് പണം ഈടാക്കുന്നു. ഇതാണ് ബി.ജെ.പി.യുടെ സമീപനം. ബോണ്ട് വഴി വന്‍തുകകള്‍ സംഭാവനചെയ്തശേഷം വലിയ കരാറുകള്‍ നേടിയ കമ്പനികളുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും ബോണ്ടിന്റെ കാര്യത്തില്‍ തുല്യാവസരം ലഭിക്കുമെങ്കില്‍ എല്ലാവരും ബോണ്ടിനായി നിലയുറപ്പിക്കുമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇ.ഡി.യെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണ്. ഭയപ്പെടുത്തുമ്പോള്‍ ബി.ജെ.പി.ക്ക് കൂടുതല്‍ പണം ലഭിക്കുന്നു.

അയോധ്യയിലെ രാമക്ഷേത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

എപ്പോഴും രാമക്ഷേത്രം, അയോധ്യാ വിഷയം എന്നിങ്ങനെ സംസാരിച്ചിരിക്കാന്‍ എനിക്ക് താത്പര്യമില്ല. അടിസ്ഥാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇതിലൂടെ മോദി ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജനാധിപത്യസംരക്ഷണം, ഭരണഘടനയുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഞങ്ങളുടെ ശ്രദ്ധ.

ഇതു ചര്‍ച്ചചെയ്യുന്നതില്‍നിന്ന് വഴിതിരിക്കാനാണ് മോദിയുടെ ശ്രമം. എന്തുകൊണ്ടാണ് താന്‍ രാജ്യത്തിനു കൊടുത്ത വാഗ്ദാനങ്ങളെക്കുറിച്ച് മോദി സംസാരിക്കാത്തത്? 20 കോടി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം എവിടെപ്പോയി? ജനങ്ങള്‍ക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനം എന്തായി? കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞിട്ട് നടന്നോ? ഈ വിഷയങ്ങളില്‍ രാജ്യത്തിന് മറുപടി നല്‍കൂ. ജനങ്ങള്‍ക്ക് അവരവരുടേതായ ദൈവവിശ്വാസങ്ങളുണ്ട്. ചിലര്‍ രാമനെ പൂജിക്കും. ചിലര്‍ ശിവനെ ആരാധിക്കും. ചിലര്‍ ദുര്‍ഗയെ പ്രാര്‍ഥിക്കും. അങ്ങനെ നമുക്ക് ദൈവങ്ങളും അവതാരങ്ങളും ഏറെയുണ്ട്. അതൊക്കെ ഓരോരുത്തരുടെ വിശ്വാസങ്ങളാണ്. പ്രധാനമന്ത്രി എന്തിനാണ് ഈ വിഷയങ്ങള്‍ ഉയര്‍ത്തുന്നത്? രാഷ്ട്രീയവും മതവും തമ്മില്‍ കലര്‍ത്തരുത്. അത് വളരെ അപകടകരമാണെന്നാണ് ഡോ. അംബേദ്കര്‍ പറഞ്ഞത്. മതങ്ങളില്‍ പ്രാര്‍ഥനയും ആരാധനയും ആത്മാവിന്റെ പരിഹാരമാര്‍ഗങ്ങളാണ്. എന്നാല്‍, രാഷ്ട്രീയത്തിലെ ആരാധന ഏകാധിപത്യത്തിലേക്കാണ് നയിക്കുക.

മോദി ജനങ്ങളെ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടു

പത്തുവര്‍ഷത്തെ തന്റെ ഭരണം രാജ്യത്തെ വികസിതഭാരതമാക്കിയെന്നാണ് മോദിയുടെ അവകാശവാദം. എന്തുതോന്നുന്നു?

= വികസിതഭാരതത്തിനായി എന്താണ് അദ്ദേഹം ചെയ്തത്. പണ്ട് പ്രതിസന്ധികളുടെ ഘട്ടത്തില്‍ പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഈ രാജ്യത്തിനായി എന്തൊക്കെ ചെയ്‌തെന്ന് ആലോചിച്ചു നോക്കൂ. മോദിക്ക് ഒരു വന്‍വ്യവസായം കൊണ്ടുവരാനായോ? നെഹ്‌റു എല്ലാ സംസ്ഥാനങ്ങളിലും ഓരോ പൊതുമേഖലാസ്ഥാപനം സ്ഥാപിച്ചു. 10 വര്‍ഷത്തിനിടയില്‍ അത്തരമൊരു സംരംഭമുണ്ടായോ? രാജ്യത്തെ എല്ലാ വികസനപദ്ധതികളുമെത്തിയത് പഞ്ചവത്സരപദ്ധതിക്കാലത്താണ്. അണക്കെട്ട് നിര്‍മിച്ചു, വ്യവസായം കൊണ്ടുവന്നു, ശാസ്ത്രസാങ്കേതികരംഗം വികസിപ്പിച്ചു, ഹരിതവിപ്ലവം വന്നു, ധവളവിപ്ലവം വന്നു. അങ്ങനെ എന്തെല്ലാം കൊണ്ടുവന്നു. ബി.ജെ.പി. ഇപ്പോള്‍ ചെയ്യുന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കലാണ്.

ദേശീയ തൊഴിലുറപ്പുപദ്ധതി, ഭക്ഷ്യസുരക്ഷാപദ്ധതി പോലെയുള്ളവയാണ് ജനത്തിനു വേണ്ടത്. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം വേണം. അതിന് വിദ്യാഭ്യാസ അവകാശ നിയമം ഞങ്ങള്‍ കൊണ്ടുവന്നു. ജനങ്ങള്‍ക്ക് ആരോഗ്യം വേണം. അതിന് ഗ്രാമീണ ആരോഗ്യ മിഷന്‍ ആവിഷ്‌കരിച്ചു. ഇതൊക്കെയാണ് രാജ്യത്തെ ഏറ്റവും ബൃഹദ് പദ്ധതികള്‍. മറ്റൊന്നുമല്ല. എന്നാല്‍, മോദിസര്‍ക്കാര്‍ ജനങ്ങളെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടു. ഇന്ധനവില കുതിച്ചുയരുന്നു. അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ധനവില ഇവിടെ കുറച്ചില്ല. ഇരട്ടിയാക്കി. പണപ്പെരുപ്പം രൂക്ഷമായി. പെട്രോളിന് 2014-ല്‍ ലിറ്ററിന് 66 രൂപയായിരുന്നു, 2024-ല്‍ 102 രൂപയായി. ഡീസല്‍വില 52-ല്‍ നിന്ന് 94 രൂപയായി. ഈ സ്ഥിതിയില്‍ ജനങ്ങള്‍ മോദിയെ അംഗീകരിക്കുമോ. 10 വര്‍ഷത്തിനിടയില്‍ വിലക്കയറ്റം മൂന്നിരട്ടിയായി. ജനങ്ങളുടെ വരുമാനം വര്‍ധിച്ചില്ല. എന്നാല്‍, സാധനവില മൂന്നിരട്ടിയായി.

ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു. നമുക്ക് അവരെ ദീര്‍ഘകാലം വിഡ്ഢികളാക്കാനാകില്ല. ജനങ്ങളോട് ഞങ്ങള്‍ സത്യം തുറന്നുപറയുകയാണ്. അവരത് വിശ്വസിക്കുന്നുണ്ട്. ഇപ്രാവശ്യം ജനങ്ങളെ കബളിപ്പിക്കാന്‍ മോദിക്ക് കഴിയില്ല. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം തകര്‍ത്ത വ്യക്തിയെ ജനം അംഗീകരിക്കില്ല.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും അറസ്റ്റുകളുമാണ് ചര്‍ച്ചയാകുന്നത്. എന്താണ് പ്രതികരണം?

ബി.ജെ.പി. ഇതുവരെ 445 എം.എല്‍.എ.മാരെ മറ്റുപാര്‍ട്ടികളില്‍നിന്ന് ഒപ്പംചേര്‍ത്തു. വിലയ്ക്കുവാങ്ങിയെന്ന് ഞാന്‍ പറഞ്ഞാല്‍ നാളെ തെളിവുനല്‍കാന്‍ പറയും. അതിനാല്‍ ­എം.എല്‍.എ.മാരെ ഒപ്പം ചേര്‍ത്തെന്നാണ് ഞാന്‍ പറയുന്നത്. അവരെ ഉപയോഗിച്ച് ഓരോ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ വീഴ്ത്തി. ജനങ്ങള്‍ വോട്ടുചെയ്ത് അധികാരമേറ്റിയ സര്‍ക്കാരുകളെയാണ് വീഴ്ത്തിയത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സര്‍ക്കാരുകളെയെല്ലാം മോദി വീഴ്ത്തി. മസില്‍ പവര്‍, ഇ.ഡി., ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് ഇതുചെയ്തത്. എന്നിട്ട് എന്റെ സര്‍ക്കാര്‍ വളരെ ക്ലീനാണെന്ന് മോദി പറയുന്നു.

അഴിമതിക്കാരായ ഒരാളെയും വെറുതേവിടില്ലെന്ന് പ്രഖ്യാപിക്കുന്നു. നിങ്ങള്‍ അഴിമതിക്കാരെ വെറുതേ വിടില്ലെങ്കില്‍, എന്തിനാണ് ഈ എം.എല്‍.എ.മാരെ വിലയ്‌ക്കെടുത്തത്. പദവിനല്‍കിയാണ് പലരെയും വശത്താക്കിയത്. പാര്‍ട്ടിവിട്ട് വരുന്നവരെ മന്ത്രിമാരാക്കുന്നു. ഇതൊന്നും അഴിമതിയല്ലേ. ഞങ്ങളുടെ പാര്‍ട്ടിക്ക് സംഭാവനചെയ്യുക, അല്ലെങ്കില്‍ നിങ്ങളെ ജയിലിലിടുമെന്നാണ് അവര്‍ പറയുന്നത്. ഭയപ്പെടുന്നതിനാല്‍ ആളുകള്‍ അവര്‍ക്ക് സംഭാവനകള്‍ നല്‍കി. തങ്ങള്‍ക്ക് കിട്ടിയ ലാഭത്തെക്കാള്‍ ചില ആളുകള്‍ ബി.ജെ.പി.ക്ക് സംഭാവന നല്‍കി. അങ്ങനെ സംഭാവന നല്‍കിയവര്‍ക്കെതിരേയുണ്ടായിരുന്ന കേസുകള്‍ പലതും ഒഴിവാക്കി. നിങ്ങളുടെ മടിയിലിരിക്കുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുന്നു. അവര്‍ നിങ്ങള്‍ക്കുവേണ്ടി കൈയടിക്കുന്നു. അഴിമതിക്കാരെല്ലാം അവര്‍ക്കൊപ്പമല്ലേ ഇരിക്കുന്നത്.

ഇന്ത്യസഖ്യത്തില്‍ ഭിന്നതയില്ല

ചിതറിയ പ്രതിപക്ഷമാണ് ബി.ജെ.പി.യുടെ ശക്തികളിലൊന്ന്. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ ഇത് കണ്ടതാണ്. ഇക്കുറി പ്രതിപക്ഷം കൂടുതല്‍ ഐക്യത്തിലാണോ?

തീര്‍ച്ചയായും. ഞങ്ങള്‍ ഇത്തവണ കൂടുതല്‍ ഐക്യത്തിലാണ്. 2004-ല്‍ തിരഞ്ഞെടുപ്പിനുമുമ്പ് ഞങ്ങള്‍ സഖ്യമുണ്ടാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പിനുശേഷമാണ് സഖ്യമുണ്ടാക്കിയത്. 2009-ല്‍ യു.പി.എ. നിലവിലുണ്ടായിരുന്നു. 2004-ലുണ്ടാക്കിയ യു.പി.എ. സഖ്യം 2009-ലും തുടര്‍ന്നു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല. അതിനാല്‍ ഞങ്ങള്‍ സഖ്യസര്‍ക്കാരുണ്ടാക്കി. ഇത്തവണ ഞങ്ങള്‍ ഐക്യം ശക്തിപ്പെടുത്തി. അവിടവിടെ ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവിഷയങ്ങളില്‍ ഞങ്ങള്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്.


 

Content Highlights: india alliance loksabha election mallikarjun kharge interview