'ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം വിശ്വസനീയം തന്നെ'- എസ്.വൈ. ഖുറേഷി
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി 'മാതൃഭൂമി' പ്രതിനിധി സി.പി. ശ്രീഹർഷനുമായി സംസാരിക്കുന്നു
? തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കുമെതിരേ, സർക്കാർ സംവിധാനത്തെയോ ഏജൻസികളെയോ ഉപയോഗിച്ച് നടപടിയെടുക്കുന്നത് അനുവദിക്കാനാകുമോ
അത് ഏതുതരം നടപടി എന്നതിനെ ആശ്രയിച്ചിരിക്കും. ഏതെങ്കിലും വിധത്തിൽ ലെവൽ പ്ലേയിങ് ഫീൽഡിനെ (എല്ലാവർക്കും പ്രവർത്തിക്കാനവസരമൊരുക്കൽ) തടസ്സപ്പെടുത്തുന്നതാണെങ്കിൽ, പ്രചാരണത്തിനുള്ള അവകാശം നിഷേധിക്കുന്നതാണെങ്കിൽ അത് അംഗീകരിക്കാനാകില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്.
? നേതാക്കളുടെ അറസ്റ്റും അക്കൗണ്ട് മരവിപ്പിക്കലുമെല്ലാം ലെവൽ പ്ലേയിങ് ഫീൽഡ് ഇല്ലാതാക്കാനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്
അതെ, അത്തരം നടപടികളെടുക്കാൻ കാത്തിരിക്കണമായിരുന്നു. ഇവരാരും ഓടിരക്ഷപ്പെടുന്ന തീവ്രവാദികളൊന്നുമല്ലല്ലോ. രണ്ടുവർഷമായി തുടർന്നുവരുന്ന കേസിൽ രണ്ടുമാസം കൂടി കാത്തിരിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകാനാകും. രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ കമ്മിഷന് നിർദേശിക്കാം.
? ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടക്കുന്നുണ്ടോ
ഇല്ല. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം വിശ്വസനീയം തന്നെയാണ്. എല്ലാ പാർട്ടികളും ജയിച്ചിട്ടുള്ളതും തോറ്റിട്ടുള്ളതും ഇതേ യന്ത്രത്തിലൂടെയാണല്ലോ. പരിശോധിച്ച് സുതാര്യത ഉറപ്പാക്കിയാണ് ഇ.വി.എം ഉപയോഗിക്കുന്നത്. വി.വി. പാറ്റുമായി ബന്ധപ്പെട്ടുയർന്ന വിവാദം കോടതിയിലായതിനാൽ പ്രതികരിക്കുന്നില്ല. ഇ.വി.എമ്മുമായി ബന്ധപ്പെട്ട് 20 വർഷമായി ഉയരുന്ന ആക്ഷേപങ്ങൾ തെറ്റായ ദിശയിലുള്ളതാണ്. വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. നമ്മുടെ പേര് വിട്ടുപോയിട്ടുണ്ടെങ്കിൽ നമ്മൾ സ്വയമാണ് കുറ്റപ്പെടുത്തേണ്ടത്.
? ഇ.വി.എമ്മുമായും വിവി പാറ്റുമായും ബന്ധപ്പെട്ട അപാകങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നാലുവർഷമായി കേന്ദ്രം മറുപടി നൽകിയില്ലെന്ന് പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടിയതിൽ താങ്കളുടെ അഭിപ്രായം
അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടിയെങ്കിൽ അതെന്നെ അദ്ഭുതപ്പെടുത്തുന്നു. അതിനേക്കാൾ അദ്ഭുതപ്പെടുത്തുന്നത് അതിന് മറുപടി നൽകിയില്ലെന്ന ആരോപണമാണ്. പരാതിയുണ്ടെങ്കിൽ 24 മണിക്കൂറിനകം മറുപടി നൽകേണ്ടതാണ്.
? തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി കൊളീജിയമുണ്ടാക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതിനെ മറികടക്കാൻ പിന്നീട് കേന്ദ്രം നിയമം പാസാക്കി
തിരഞ്ഞെടുപ്പ് കമ്മിഷനെ തിരഞ്ഞെടുക്കുന്ന സമിതി നിഷ്പക്ഷമായിരിക്കണം. സമിതിയിൽ ചീഫ് ജസ്റ്റിസുണ്ടെങ്കിൽ അതിന് വിശ്വാസ്യത കൈവരും. 10 വർഷത്തിനിടെയുണ്ടായ നിയമനങ്ങളൊന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് കൂടി മനസ്സിലാക്കണം. പക്ഷേ, ഇപ്പോഴത്തെ നിയമനരീതി വിശ്വാസ്യത നഷ്ടപ്പെടുത്തും.
Content Highlights: Former Chief Election Commissioner SY Qureshi about electronic voting machine