'പിന്തുടർച്ച സ്വത്ത് നികുതിക്കുവേണ്ടി മോദി സർക്കാരിലെ മന്ത്രി വാദിച്ചു'; വീഡിയോയുമായി ജയറാം രമേശ്

ന്യൂഡല്‍ഹി: പിന്തുടർച്ച സ്വത്ത് നികുതി(ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്)ക്കുവേണ്ടി ബി.ജെ.പി. എം.പി. വാദിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോയുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്. നിലവിലെ എം.പിയും ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ ധനകാര്യസഹമന്ത്രിയുമായിരുന്ന ജയന്ത് സിന്‍ഹ സംസാരിക്കുന്ന വീഡിയോയാണ് അദ്ദേഹം പുറത്തുവിട്ടത്. 2013-ലെ ഫോബ്‌സ് ഇന്ത്യ ഫിലാന്‍ത്രപി അവാര്‍ഡില്‍ ജയന്ത് സിന്‍ഹ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ജയറാം രമേശ് എക്‌സില്‍ പങ്കുവെച്ചത്.
'പിന്തുടര്‍ച്ച സ്വത്ത് നികുതി നടപ്പാക്കാന്‍ കോണ്‍ഗ്രസിന് പദ്ധതികളില്ല. യഥാര്‍ഥത്തില്‍ 1985-ല്‍ രാജീവ് ഗാന്ധിയാണ് എസ്റ്റേറ്റ് നികുതി റദ്ദാക്കിയത്', ജയറാം രമേശ് അവകാശപ്പെട്ടു.
മോദി സര്‍ക്കാരില്‍ ധനകാര്യസഹമന്ത്രിയും പിന്നീട് ധനകാര്യപാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാനുമായിരുന്ന ബി.ജെ.പി. എം.പി. ജയന്ത് സിന്‍ഹ, യു.എസിലേതുപോലെ ഇന്ത്യയിലും 55% പിന്തുടര്‍ച്ച സ്വത്ത് നികുതി നടപ്പാക്കുന്നതിന് വേണ്ടി 15 മിനിറ്റോളം വാദിച്ചുവെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. ഇതിനൊപ്പം ഫോബ്‌സിന്റെ ചടങ്ങില്‍ ജയന്ത് സിന്‍ഹ സംസാരിക്കുന്ന വീഡിയോയുടെ പൂര്‍ണ്ണരൂപത്തിന്റെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്.
വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍, പിന്തുടര്‍ച്ചാ സ്വത്ത് നികുതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശം ആയുധമാക്കി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. 'ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഒരാള്‍ മരണപ്പെട്ടാല്‍ അതില്‍ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികള്‍ക്ക് ലഭിക്കുക. ബാക്കി 55 ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോള്‍ നിങ്ങള്‍ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തില്‍ ഒരു പങ്ക് പൊതുജനങ്ങള്‍ക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്റെ അഭിപ്രായം', എന്നായിരുന്നു പിത്രോദ പറഞ്ഞത്.
ഇതിനു പിന്നാലെ സാം പിത്രോദയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ബിജെപി രംഗത്തെത്തി. പിത്രോദയുടെ പരാമര്‍ശത്തോടെ കോണ്‍ഗ്രസ് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കട്ടെടുത്ത് അത് നിയമപരമായ കൊള്ളയാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും ആരോപിച്ചു.
പിത്രോദയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി. എങ്ങനെയാണ് ഇത്തരത്തിലൊന്ന് രാജ്യത്ത് നടപ്പിലാക്കാനാകുക എന്ന് ഖാര്‍ഗെ ചോദിച്ചു. ഇവിടെ ഒരു ഭരണഘടനയുണ്ട്. ഇത്തരത്തില്‍ ഒരു കാര്യം ചെയ്യാന്‍ ഒരിക്കലും ഭരണഘടന അനുവദിക്കില്ല. എന്തിനാണ് പിത്രോദയുടെ ആശയങ്ങള്‍ ഞങ്ങളുടെ വായില്‍ തിരുകുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.
Content Highlights: Congress refutes claims of planning inheritance tax shares old clip of BJP MP calling for estate tax