ഈ തിരഞ്ഞെടുപ്പ് കുറെ പാഠങ്ങൾ പഠിപ്പിക്കും, ധരിച്ചുവശായ ചില ധാരണകൾ മാറാം- കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി

#കെ. ഉണ്ണികൃഷ്ണൻ
ഇ.പി. ഉണ്ണി | Photo: Mathrubhumi
ഇ.പി. ഉണ്ണി | Photo: Mathrubhumi

“ഈ തിരഞ്ഞെടുപ്പ് നമ്മെ കുറെ പാഠങ്ങൾ പഠിപ്പിക്കും. നമ്മൾ ധരിച്ചുവശായ ചില ധാരണകൾ മാറാം...’’ ചിരിയോടെ  പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറയുന്നു. ഒന്നമർത്തിയുള്ള ആ ഉച്ചാരണത്തിൽ ഒരു ഫലിതമുണ്ട്, വാക്കുകൾക്കുപിന്നിൽ ഇനിയും തെളിയാത്ത അർഥമുണ്ട്. ദീർഘകാലത്തെ തിരഞ്ഞെടുപ്പ് വരകളുടെ പരിചയമുണ്ട് ഉണ്ണിക്ക്. മൂർച്ചയുള്ള കാർട്ടൂണുകൾക്കൊപ്പം   മണ്ഡലങ്ങളിൽ സഞ്ചരിച്ചുള്ള വരയും എഴുത്തും ഡൽഹിയിലെ ദീർഘകാല ജീവിതത്തിലെ രാഷ്ട്രീയക്കാഴ്ചകൾ. എറണാകുളത്ത് അബു എബ്രഹാമിന്റെ കാർട്ടൂൺ പ്രദർശനവുമായി ബന്ധപ്പെട്ട് എത്തിയ ഉണ്ണി ‘മാതൃഭൂമി’യോട് സംസാരിക്കുന്നു.

എന്താണ് ഈ പാഠങ്ങൾ? ഒരു ഉദാഹരണം പറഞ്ഞാൽ...

അങ്ങനെ സംഭവിക്കില്ല, ഇവർ വോട്ടുചെയ്യില്ല, അവർ നമ്മുടെകൂടെയാണ് എന്നൊക്കെയുള്ള പരമ്പരാഗത വിശ്വാസങ്ങൾ നടക്കണമെന്നില്ല. സി.പി.എം., ഡി.എം.കെ., തൃണമൂൽ കോൺഗ്രസ് പോലുള്ള കേഡർപ്പാർട്ടികളുടെ  അണികളിൽ പാർട്ടിയോട് വിശ്വസ്തത കുറഞ്ഞിട്ടുണ്ട്. അതെത്രയെന്ന് ഫലം വരുമ്പോൾ അറിയാം. ഉത്തർപ്രദേശിൽ ബി.എസ്.പി.പോലെ ഒരു വലിയ പാർട്ടി ഇന്ന് നിഴലായെന്ന് പറയുന്നു. മായാവതി നിഷ്‌പ്രഭയായിനിൽക്കുന്ന കാലമാണ്. ആ അവസ്ഥ ബി.എസ്.പി.ക്ക്‌ വന്നെങ്കിൽ നാളെ സി.പി.എമ്മിനും ഡി.എം.കെ.ക്കുമൊക്കെ അത് സംഭവിക്കാം. കേരളത്തിൽ ചിലയടത്ത് ത്രികോണ മത്സരമുണ്ട്. പക്ഷേ, ബി.ജെ.പി. ജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, ഈ പറഞ്ഞ ത്രികോണം സമഭുജ ത്രികോണമാകുന്നോ എന്ന് ഒരു സംശയമുണ്ട്.

കെജ്‌രിവാളിന്റെ അറസ്റ്റ്...

സങ്കടകരമായ കാര്യമാണ്. കാര്യകാരണങ്ങൾ എനിക്കറിയില്ല, നിയമമൊക്കെ കോടതി നോക്കട്ടെ. പക്ഷേ, ഭരിക്കുന്ന കക്ഷി വീണ്ടും വരുമെന്ന് കരുതുമ്പോൾ ഈ തിരഞ്ഞെടുപ്പ് കാലത്ത് വേണ്ടിയിരുന്നില്ല. തെരുവിൽ ജനങ്ങളോട് ഇടപഴകുന്ന രാഷ്ട്രീയക്കാരനാണ് കെജ്‌രിവാൾ. പഴയ കമ്യൂണിസ്റ്റുകാരുടെ ഗുണമുള്ളയാളാണ്.

പ്രചാരണം തുടങ്ങുംമുൻപ് ഈ അറസ്റ്റ് അഭംഗിയല്ലേ. വോട്ടുചെയ്യാൻ ഒരുങ്ങുകയാണ് ജനം. ഉത്തരേന്ത്യയിലെ വോട്ടർമാരാണ് വോട്ട് കൃത്യമായി ചെയ്ത് ഒരിക്കൽ അടിയന്തരാവസ്ഥ തുടച്ചുനീക്കിയത്. ദക്ഷിണേന്ത്യയിൽ ബുദ്ധിപരമായി പറഞ്ഞുകൊണ്ടിരുന്നവർ അത് ചെയ്തില്ല.

തിരഞ്ഞെടുപ്പ് വരയും എഴുത്തും...?

തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിൽപ്പോയി വരയ്ക്കുന്നത് തുടങ്ങിയത് 1996-ലാണ്. വി.പി. സിങ്‌, രാജീവ് ഗാന്ധി, അദ്വാനി എന്നിവരുടെ പര്യടനമാണ് ഓർമ്മവരുന്നത്. അന്ന് ടി.എൻ. ശേഷൻ തിരഞ്ഞെടുപ്പു കമ്മിഷണറല്ല, നിയമം കർക്കശമല്ല. പുലർച്ചെവരെയൊക്കെ പ്രസംഗങ്ങൾ നീളും. രാജസ്ഥാൻ അതിർത്തിയിൽ പാതിരാത്രിയാണ് അദ്വാനിയുടെ പര്യടനം വരച്ചത്. കുറെക്കാലമായി വരമാത്രമല്ല എഴുത്തുമുണ്ട്. കണ്ടതും കേട്ടതും എഴുതുന്നതാണ് രീതി. എന്റെ ആശയങ്ങൾ കുത്തിച്ചെലുത്തില്ല. പാർട്ടി ഓഫീസിലെ സാധാരണ പ്രവർത്തകർ, കൊടിപിടിക്കുന്നവർ, പോസ്റ്റർ ഒട്ടിക്കുന്നവർ... അവരോടൊക്കെ സംസാരിക്കും. നേതാക്കന്മാർ മസിലുപിടിക്കുമ്പോഴും വരയ്ക്കുന്നയാളായതിനാൽ ഇവർ ബലംപിടിക്കില്ല. ചിലർ ഉള്ളതുപറയും. ‘എന്തു പറയാനാണ്. ഇലക്ഷൻ കൈയിൽനിന്ന് പോയി’ എന്ന്. ഇത്തവണ കേരളംകൂടാതെ തമിഴ്നാട്ടിലും പോകുന്നുണ്ട്. തമിഴ്നാട്ടിൽ രണ്ട് ദ്രാവിഡപ്പാർട്ടികൾ എന്ന അരങ്ങിന് മാറ്റമുണ്ട്. അണ്ണാ ഡി.എം.കെ. ദുർബലമായി. ആ ഇടത്തേക്ക്‌ ദേശീയപാർട്ടിയായ ബി.ജെ.പി. വരുമോ? രാഷ്ട്രീയം കൗതുകകരമായാണ് ഉരുത്തിരിയുന്നത്. മറ്റൊരു സ്ഥലം മഹാരാഷ്ട്രയാണ്. പലവഴിക്ക് പിരിഞ്ഞ പാർട്ടികൾ പോരടിക്കുന്നു. ശിവസേനയും എൻ.സി.പി.യും രണ്ടെണ്ണം വീതം. ഒടുവിലെന്താകുമെന്ന ആകാംക്ഷ അവിടെയുമുണ്ട്.

തിരഞ്ഞെടുപ്പ് സർവേകൾ...

സർവേകൾ കുറെയൊക്കെ ശരിയാകാം. ഒരു ഏകദേശ ചിത്രം കിട്ടും. ടി.വി.യിലെ ഹൈപ്പ് ശരിയാണോ എന്ന് ഗ്രൗണ്ടിൽ പോയാൽ അറിയാം. തെലങ്കാന തിരഞ്ഞെടുപ്പിൽ പോയി വരച്ചിരുന്നു. അന്ന് പ്രതീക്ഷിച്ചതു തന്നെയായിരുന്നു ഫലം വന്നപ്പൾ കണ്ടത്. 

രാഷ്ട്രീയക്കാരുമായുള്ള ബന്ധം...

ഡൽഹിയിലല്ലേ... പലരെയും അറിയാം. ഞാൻ വിക്ടോറിയ കോളേജിൽ  പഠിക്കുന്ന കാലത്ത് എ.കെ.ജി.യായിരുന്നു അവിടത്തെ എംപി. അടുത്തുള്ള പാർട്ടി ഓഫീസിൽ വരുമ്പോൾ ഞങ്ങളോടൊക്കെ വന്നു വർത്തമാനംപറയുകയുമൊക്കെചെയ്യും. ഇ.എം.എസിനെ പലവട്ടം കണ്ട് പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. കലയെക്കുറിച്ചും ഫലിതത്തെക്കുറിച്ചും കാർട്ടൂണിനെക്കുറിച്ചും ഒക്കെ നല്ല ബോധ്യമുള്ള ആളായിരുന്നു. കാർട്ടൂണിസ്റ്റ് ശങ്കറുമായി നല്ല സൗഹൃദമായിരുന്നു ഇ.എം.എസിന്. രാജീവ് ഗാന്ധിക്ക് കാർട്ടൂണിലും ഫോട്ടോഗ്രാഫിയിലും നല്ല താത്‌പര്യമുണ്ടായിരുന്നു. രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ വരയ്ക്കാനായി കുറച്ച് നേരം ഒപ്പം ഞാൻ നടന്നിരുന്നു. സ്വാഭാവികമായി സംസാരിക്കുന്നയാളാണ് രാഹുൽ. പക്ഷേ, സാധാരണ രാഷ്ട്രീയക്കാരെ അളക്കുന്ന അളവുകോലുകൾ രാഹുലിന് ചേരില്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ലോക്‌സഭയുടെ കാലാവധി ഒരുവർഷംകൂടി  നീട്ടി. അപ്പോൾ വാജ്പേയി ഒരുഉഗ്രൻ വാചകം പറഞ്ഞു. ‘ലോക്‌സഭാ പരലോക്‌സഭാ ബൻഗയാ’ എന്ന്. അതുതന്നെ ഒരു ഗംഭീര കാർട്ടൂണാണ്. ബാക്കി നമുക്ക് വരച്ചാൽമതി.

ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെക്കുറിച്ച്...
വരയ്ക്കുന്നവർക്ക് ഇതുവരെ പ്രശ്നമുണ്ടായിട്ടില്ല. പക്ഷേ, വാർത്താ സ്രോതസ്സുകളിൽ സമ്മർദമുണ്ട്.

സത്യമേത്, വ്യാജമേത് എന്നറിയാത്ത, ഒരു പുകപോലുള്ള പല വാർത്തകളും വരുന്നുണ്ട്... ജനം അറിയുന്ന വിഷയങ്ങളെക്കുറിച്ചല്ലേ കാർട്ടൂൺ വരയ്ക്കാൻ പറ്റൂ. അത് ചിലപ്പോൾ കിട്ടുന്നില്ല. ഒരു സംവാദവും നടക്കുന്നില്ല എന്നതാണ് മറ്റൊരുകാര്യം. ഒരു വിഷയം അന്തരീക്ഷത്തിൽ സജീവമാക്കി നിർത്താൻ ഒരു നല്ല പ്രതിപക്ഷവുമില്ല. നോക്കൂ, അടിയന്തരാവസ്ഥക്കാലത്ത് കരിനിയമങ്ങളെ ഏറ്റവും എതിർത്തവരായിരുന്നു പഴയ ജനസംഘവും അവരുൾപ്പെട്ട ജനതാ പാർട്ടിയും. ഇപ്പോൾ എന്താണ് നടക്കുന്നത്. കരുതൽ തടങ്കലും മറ്റുമല്ലേ?

 കേരളത്തിലെ കാര്യം...

സംസ്ഥാനത്തിനുപുറത്തു നടക്കുന്നതൊന്നും കേരളത്തിലെ പല രാഷ്ട്രീയക്കാർക്കും അറിയില്ല. റേഡിയോ മാത്രമുണ്ടായിരുന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി. അവനവന് ഇഷ്ടമില്ലാത്തതു പറയുന്നവരെ ശത്രുവായി മുദ്രകുത്തുകയാണ് ഇന്ന്. പിന്നെ പത്രക്കാരെ മാപ്ര എന്ന പരമപുച്ഛവും. ഇതൊരു തൊഴിലല്ലേ. രാഷ്ട്രീയപ്രവർത്തകരെയും വിളിച്ചുകൂടേ രാപ്ര എന്ന്.

Content Highlights: Indian political cartoonist EP Unny on Lok Sabha election