നേതാവിന്റെ നാവ്, ഏജൻസികളുടെ തല; കളറാക്കാൻ പോപ്പർ ബ്ലാസ്റ്റ്, ഗ്രൂപ്പ് തിരിച്ച് 'ആളെപ്പിടിക്കൽ'

ആളുകളെ ഇളക്കാൻ കഴിയുന്ന ഒരുവിഷയത്തെക്കുറിച്ച് നേതാവിനു പ്രസംഗിക്കണം. വേണ്ടത്ര വസ്തുതകൾ കൈയിലില്ലാത്തവർ പെട്ടുപോകും. ഇതൊന്നും പഠിച്ചെടുക്കാൻ സമയവുമില്ല. ഓടിനടന്നുള്ള പ്രസംഗമാണ്. സ്ഥാനാർഥി വരുംമുമ്പുള്ള സമയം തകർത്തുവാരാനുള്ളതാണ്. എന്തുചെയ്യും? പേടിക്കേണ്ട. പ്രസംഗത്തിനാവശ്യമായ വിവരങ്ങൾ ശേഖരിച്ച് പഠിപ്പിക്കാൻ ഏജൻസികൾ രംഗത്തുണ്ട്. ഒരുതരം പ്രസംഗപരിശീലനം.
കേൾക്കുന്നവർക്ക് ഇദ്ദേഹമൊരു പണ്ഡിതനാണല്ലോ എന്നു തോന്നണം. സത്യത്തിൽ ഈ പ്രസംഗത്തിനു പിന്നിൽ നേതാവല്ല. നേതാവുപോലുമറിയാത്ത മറ്റാരോ. നാവ് നേതാവിന്റേതാണെന്നുമാത്രം. തല ഏജൻസികളുടേതും.
ആ ഗ്രൂപ്പല്ല, ഈ ഗ്രൂപ്പ്
സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി സ്വന്തം സൈബർ ആർമിവഴി ഡിജിറ്റൽ കണ്ടന്റ് രൂപപ്പെടുത്തുന്ന പാർട്ടികളും മുന്നണികളുമുണ്ട്. ഏജൻസികളെ ആശ്രയിച്ചു ചെയ്യുന്നവരുമുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടുമാസം മുമ്പേ ഇതിനുള്ള ഒരുക്കങ്ങൾ ഏജൻസികൾ തുടങ്ങും.
മണ്ഡലത്തിലെ മത-സാമുദായിക നേതാക്കളുടെ പേരും നമ്പറും കണ്ടെത്തുകയാണ് ആദ്യപടി. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. യോഗം, കെ.പി.എം.എസ്. തുടങ്ങി എല്ലാ സംഘടനകളുടെയും ശാഖകൾ വരെയുള്ള പ്രസിഡന്റ്/സെക്രട്ടറി എന്നിവരുടെ നമ്പർ സംഘടിപ്പിക്കും. ക്രിസ്ത്യൻ പള്ളികളാണെങ്കിൽ ഓരോ വിഭാഗത്തിന്റെയും വൈദികരുടെ നമ്പറുകൾ ശേഖരിക്കും. ടെലി കോളേഴ്‌സിനെ വെച്ചാണിതു ചെയ്യുന്നത്.
തുടർന്ന് ഓരോ വിഭാഗത്തിനായും ഓരോ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കും. ഉദാഹരണത്തിന്, സിറോ മലബാർ ഗ്രൂപ്പ്, എൻ.എസ്.എസ്. കരയോഗം ഗ്രൂപ്പ് എന്നിങ്ങനെ. ഇതുപോലെ പാർട്ടികളുടെ താഴെത്തട്ടിലുള്ള ഓരോ കമ്മിറ്റിയുടെയും നേതാക്കളുടെ ഗ്രൂപ്പുമുണ്ടാക്കും. വാർഡ് മെമ്പർമാരുടെ ഗ്രൂപ്പ്, പഞ്ചായത്ത് വാർഡിൽ തോറ്റവരുടെ ഗ്രൂപ്പ്, മണ്ഡലം ഭാരവാഹികളുടെ ഗ്രൂപ്പ് എന്നിങ്ങനെ.
ഓരോരുത്തർക്കും ആവശ്യമായ ബൾക്ക് മെസേജുകൾ അയയ്ക്കുകയാണ് അടുത്തപടി. ഓർത്തഡോക്സ് ഗ്രൂപ്പിലേക്ക് അയക്കുന്ന മെസേജാകില്ല യാക്കോബായ ഗ്രൂപ്പിലേക്ക് അയയ്ക്കുക. ഓരോ വിഭാഗത്തിനും താത്പര്യമുള്ള വിഷയങ്ങളാകും പോസ്റ്റ് ചെയ്യുക. ഇതിനെല്ലാം പ്രത്യേക സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുക.
മെസേജ് ഡെലിവറിയാകുന്നതും റീഡ് ചെയ്യുന്നതും ഏജൻസിയും ഇവരെ ഉപയോഗിക്കുന്ന പാർട്ടിയുടെ വാർ റൂമിലുള്ള സൈബർ സംഘവും നിരീക്ഷിക്കും. ഗ്രൂപ്പ് മെസേജാണെങ്കിലും ഓരോരുത്തർക്കും വ്യക്തിഗത മെസേജാണെന്നു തോന്നുന്ന വിധമാകും അയയ്ക്കുക. ഈ സ്ഥാനാർഥിക്ക് വോട്ടുചെയ്യില്ലെന്ന് മറുപടി അയയ്ക്കുന്നവരുണ്ടാകും. പ്രാദേശിക പ്രശ്നം ഉന്നയിക്കുന്നവരുണ്ടാകും. അവരെ വിളിച്ച് പ്രശ്നങ്ങൾ കേൾക്കാൻ വാർ റൂമിൽ ആളുണ്ട്.
എം.പി. അല്ലെങ്കിൽ സ്ഥാനാർഥി വിളിക്കേണ്ട കേസാണെങ്കിൽ രാത്രിയിൽ പര്യടനമെല്ലാം കഴിഞ്ഞശേഷം വിളിപ്പിക്കും. കാണേണ്ടയാളാണെങ്കിൽ പര്യടനകാലത്ത് എപ്പോഴെങ്കിലും കാണും. എല്ലാ രാത്രിയും ഏജൻസി പ്രതിനിധികളും പാർട്ടികളുടെ സൈബർ ടീമും അന്നന്നത്തെ ജോലികൾ വിലയിരുത്തും.
കളറാക്കുന്ന പോപ്പർ ബ്ലാസ്റ്റ്
റോഡ് ഷോകൾ കൂടിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകൾ മുതലാണ് ഈ ട്രെൻഡ് തുടങ്ങിയത്. ഇതിനുപിന്നിലും പ്രൊഫഷണലുകളായ ഏജൻസികളുണ്ട്.
ബർത്ത്‌ഡേ പാർട്ടികൾക്കു പൊട്ടിക്കുന്ന തരത്തിലുള്ള പോപ്പർ ബ്ലാസ്റ്റുകളാണ് ഇപ്പോഴത്തെ താരം. പാർട്ടിയുടെ നിറമുള്ള കടലാസുകൾ നിറച്ച കുറ്റികളാണിവ. മോട്ടോർവഴിയാണ് നിയന്ത്രണം. പൊട്ടിക്കുമ്പോൾ ഇവ മുകളിലേക്ക് തെറിച്ച് സംഭവം മൊത്തം കളറാകും. 15-20 മീറ്റർ മുകളിലേക്കു തെറിക്കുന്നവയുണ്ട്. വലുതിന് 20,000 രൂപവരെ വിലവരും. ഇത്തരം കുറെയെണ്ണം റോഡ് ഷോകളിലുണ്ടാകും.
സ്ഥാനാർഥിയുടെയത്ര നീളമുള്ള കട്ടൗട്ടുകളും ട്രെൻഡാണ്. മുംബൈയിൽ ഇതിന് 150 രൂപയോളമേ ചെലവുവരൂ. ഹാൻഡിലിൽപിടിച്ച് റോഡ്‌ഷോകളിൽ നടക്കാവുന്ന തരത്തിലുള്ളതാണ് കട്ടൗട്ടുകൾ. മൊത്തം പേരും സ്ഥാനാർഥിയാണെന്നു തോന്നും. മുമ്പ് മുഖംമൂടിയായിരുന്നു താരം.
ഉടുപ്പിൽ സ്ഥാനാർഥിയുടെ ചിത്രം പതിപ്പിക്കുന്നത് തിരുപ്പൂരിൽനിന്നാണ്. 100-150 രൂപയാണ് ഒരെണ്ണത്തിന്റെ ചെലവ്. അനൗൺസ്‌മെന്റ്, സ്ഥാനാർഥിയെക്കുറിച്ചുള്ള പാട്ടുകൾ, ആനിമേഷൻ വീഡിയോകൾ, റീൽസ് തുടങ്ങി മുഴു പാക്കേജ് ചെയ്യുന്ന ഏജൻസികളുണ്ട്. പാർലമെന്റ് മണ്ഡലത്തിനു കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഏഴുതരം അനൗൺസ്‌മെന്റുകൾ വേണ്ടിവരാറുണ്ട്.
Content Highlights: How parties are attracting people into election campaigning?