വൈകാരികത രാഷ്ട്രീയ ആയുധം, പവാര്‍ പവര്‍; ഒടുവില്‍ 'ഡ്യൂപ്ലിക്കേറ്റ്' ആയി ശരദ് പവാര്‍

ചിഹ്നം നിങ്ങളുടേതാവും പക്ഷെ സ്ഥാപകന്‍ ഞങ്ങളുടേതാണ്. ചിഹ്നവും പേരുമല്ല അദ്ദേഹത്തെ നേതാവാക്കിയത്. പകരം മറാത്തികളുടെ പിന്തുണയും സ്‌നേഹവുമാണ്. എത്ര പിന്നില്‍ നിന്ന് കുത്തിയാലും ശരദ് പവാര്‍ എന്ന നേതാവ് ഞങ്ങള്‍ക്ക് മുന്നില്‍ ജ്വലിച്ച് നില്‍ക്കും. മഹാരാഷ്ട്രയില്‍ ഉദ്ധവ് പക്ഷ ശിവസേനയുടെ വഴിയെ പാര്‍ട്ടി ചിഹ്നവും പേരും നഷ്ടമായ എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്ന രാഷ്ട്രീയ ചാണക്യന് വേണ്ടി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിലെ വാക്കുകളായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 28 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശരദ് പവാര്‍ പക്ഷത്തിന്റെ എന്‍.സി.പി പുതിയ പേരിലും ചിഹ്നത്തിലുമാണ് മത്സരിക്കുകയെങ്കിലും 1956 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഈ 83 വയസ്സുകാരന്‍ 68 വര്‍ഷത്തിനിപ്പുറം തന്റെ രാഷ്ട്രീയ ഗോദയില്‍ അനന്തരവനോട് തോറ്റ് ചെങ്കോലും കിരീടവും നഷ്ടമായ അവസ്ഥയിലാണ്.
രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണി വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. അതുകൊണ്ടു തന്നെ ഇതിനെ തകര്‍ക്കാന്‍ ആദ്യ ശിവസേനയെ പിളര്‍ത്തി, വൈകാതെ എന്‍സിപിയേയും പിളര്‍ത്തി. ഉദ്ധവും ശരദ് പവാറും ദുര്‍ബലരായി അധികാരത്തിന് പുറത്തായി. ശിവസേനയേയും എന്‍.സി.പിയേയും പിളര്‍ത്തി ബി.ജെ.പി നടത്തിയ ഓപ്പറേഷന്‍ താമരയിലൂടെ സംസ്ഥാന ഭരണം എന്‍.ഡി.എ പിടിച്ചെടുത്തുവെങ്കിലും അത് ശരദ് പവാറന് സമ്മാനിച്ചത് അപ്രതീക്ഷിത തിരിച്ചടിയായി മാറി. സ്വന്തം അനന്തരവന്‍ അജിത് പവാര്‍ തന്നെ എന്‍.സി.പിയിലെ ഭൂരിഭാഗം എം.എല്‍.എമാരേയും കൂടെ കൂട്ടി ശരദ് പവാര്‍ പക്ഷത്തെ ന്യൂനപക്ഷമാക്കിയതോടെ ചിഹ്നവും പാര്‍ട്ടി പേര് പോലും അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തു. ശരദ് പവാറും അജിത് പവാറും തമ്മിലുള്ള തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇടപെട്ടതോടെയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിയും ചിഹ്നവും അദ്ദേഹത്തിന് നഷ്ടമായത്.
Content Highlights: Loksabha Election and Maharastra Politics