ഇനി കളംമാറില്ലെന്ന് നിതീഷ്; ജനം തീരുമാനിക്കും ആ രണ്ട് 'പതിനേഴുകളിൽ' ഏത് വേണമെന്ന്

രണ്ട് പതിനേഴുകളുടെ താരതമ്യമാകുമോ ഇക്കുറി ബിഹാറിലെ തിരഞ്ഞെടുപ്പ്? ബിഹാറിലെ വോട്ടർമാരോട് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പറയുന്നത് രണ്ടു പതിനേഴുകളുടെ കണക്കാണ്. തങ്ങൾക്കൊപ്പമല്ലാതെ നിതീഷ് കുമാർ മുഖ്യമന്ത്രിയായിരുന്ന 17 വർഷത്തെക്കാൾ മികച്ച ഭരണം കാഴ്ചവെക്കാനായത് അദ്ദേഹത്തിനുകീഴിൽ താൻ ഉപമുഖ്യമന്ത്രിയായിരുന്ന 17 മാസമാണെന്നാണ് തേജസ്വിയുടെ വാദം. ഇതിൽ ഏതു പതിനേഴിനെയാകും ബിഹാർ പിന്തുണയ്ക്കുക? എൻ.ഡി.എ.യ്ക്കൊപ്പമുള്ള നിതീഷും ഇന്ത്യസഖ്യത്തിനൊപ്പമുള്ള തേജസ്വിയും തമ്മിലുള്ള പോരാട്ടത്തിന്റെ നാളുകളാണ് ഇനി ബിഹാറിൽ. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ രണ്ടു പതിനേഴുകളെ പരസ്പരം പഴിചാരിയാകും ബിഹാറിലെ പ്രചാരണങ്ങൾ.
ഇനി കളംമാറില്ലെന്ന് നിതീഷ്
നിതീഷ് കുമാറിന്റെ കളംമാറ്റം തന്നെയാണ് ബിഹാറിലുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയമാറ്റം. പൊതുതിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിനിൽക്കുമ്പോഴാണ് ഇന്ത്യസഖ്യത്തിന് വലിയ തിരിച്ചടിനൽകിക്കൊണ്ട് നിതീഷ് കുമാർ മറുകണ്ടംചാടിയത്. രാഷ്ട്രീയചരിത്രമറിയുന്നവർക്ക് നിതീഷിന്റെ കളംമാറ്റം അദ്‌ഭുതമല്ലെങ്കിലും ഇന്ത്യസഖ്യത്തിന്റെ സ്ഥാപകരിൽ മുൻനിരക്കാരനെ നഷ്ടപ്പെട്ടത് പ്രതിപക്ഷത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല. അങ്ങനെ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുപോലെ ഇക്കുറിയും എൻ.ഡി.എ.യുടെ ഭാഗമായി ബി.ജെ.പി.ക്കൊപ്പം ചേർന്ന് കോൺഗ്രസിനും ആർ.ജെ.ഡി.ക്കുമെതിരേ നിതീഷ് പോരാടും.
അധികാരത്തിനായി ഇടയ്ക്കിടെ മറുകണ്ടംചാടുന്ന നിതീഷിനെ വിശ്വസിക്കാനാവില്ലെന്നാണ് ആർ.ജെ.ഡി.യും കോൺഗ്രസുമുൾപ്പെടെ എതിർപക്ഷത്തിന്റെ ആരോപണം. എന്നാൽ, രണ്ടുതവണ ചാടിയ താൻ ഇനി എങ്ങോട്ടുമില്ലെന്നും ഇവിടെ ഉറച്ചുവെന്നും നിതീഷ് ആണയിടുന്നു. ബിഹാർ ആരെ വിശ്വസിക്കുമെന്നു കണ്ടറിയണം.
ചിരാഗിനെ ചേർത്തുപിടിച്ച് ബി.ജെ.പി.
രാം വിലാസ് പസ്വാന്റെ മരണശേഷം യഥാർഥ എൽ.ജെ.പി. ആരുടേതാണെന്ന തർക്കം തുടരുകയാണ്. പസ്വാന്റെ മകൻ ചിരാഗ് പസ്വാനാണ് ഒരുവശത്ത്. മറുഭാഗത്ത് അമ്മാവൻ പശുപതി പാരസും. ഈ ചേരിപ്പോരിൽ ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. ഒടുവിൽ ഒപ്പംചേർത്തത് ചിരാഗിനെ. അദ്ദേഹം നയിക്കുന്ന എൽ.ജെ.പി.ക്ക് അഞ്ചുസീറ്റും എൻ.ഡി.എ. വാഗ്ദാനംചെയ്തു. പിതാവ് രാം വിലാസ് പസ്വാൻ ഏഴുതവണ ജയിച്ച ഹാജിപുർ ഉൾപ്പെടെ അഞ്ചുസീറ്റുകൾ വേണമെന്ന ചിരാഗിന്റെ ആവശ്യവും ബി.ജെ.പി. അംഗീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പശുപതി പാരസ് ജയിച്ച മണ്ഡലമാണ് ഹാജിപുർ.
അമ്മാവനുമായുള്ള അസ്വസ്ഥത മനസ്സിലാക്കി ചിരാഗിനെ ഒപ്പംകൂട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യസഖ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എട്ടുസീറ്റുകൾവരെ അവർ വാഗ്ദാനംചെയ്തുവെന്നും പറയുന്നു. എന്നാൽ, അതിനെക്കാൾ വലുതാണ് ബി.ജെ.പി.ക്കൊപ്പം മത്സരിക്കാൻ അഞ്ചുസീറ്റു കിട്ടുന്നതെന്ന് ചിരാഗ് കണക്കുകൂട്ടി. എന്നാൽ, ചിരാഗിനെ ബി.ജെ.പി. ഒപ്പംചേർത്തത് നിതീഷ് കുമാറിന് അത്ര സുഖിച്ചിട്ടില്ല. നിതീഷിന് പ്രാധാന്യം നൽകുന്നതിനോട് ചിരാഗിനും യോജിപ്പില്ല. ഒരു കൂരയ്ക്കുള്ളിൽ ഇരുവരും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളെ എൻ.ഡി.എ.യ്ക്ക് രമ്യമായി കൈകാര്യം ചെയ്യാനായില്ലെങ്കിൽ മുന്നണിയിൽ അത് അസ്വസ്ഥതയുണ്ടാക്കാം.
മങ്ങാത്ത ലാലുവീര്യം
ലാലുപ്രസാദ് യാദവ് എന്ന അതികായനില്ലാതെ ബിഹാർമാത്രമല്ല, ദേശീയരാഷ്ട്രീയമില്ല. കൂടെയുണ്ടായിരുന്ന നിതീഷ് കളംമാറിയിട്ടും ലാലുവിന്റെ വീര്യം കുറഞ്ഞിട്ടില്ല.മാർച്ച് മൂന്നിന് പ്രതിപക്ഷപാർട്ടികൾ ബിഹാറിൽ നടത്തിയ ജനവിശ്വാസ് റാലിയെ ഇളക്കിമറിക്കാൻ ലാലുവിന് സാധിച്ചു. ലാലുവിന്റെ മകൻ തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡി.യാണ് ബിഹാറിൽ ഇന്ത്യസഖ്യത്തിന്റെ ഇനിയുള്ള മുൻനിരക്കാർ. പരമ്പരാഗത മുസ്‌ലിം, യാദവ വോട്ടുകൾക്കൊപ്പം ആർ.ജെ.ഡി.യെ ‘റീ പൊസിഷൻ’ ചെയ്യാനാണ് തേജസ്വിയുടെ ശ്രമം.
എൻ.ഡി.എ. ചിത്രം വ്യക്തം
എൻ.ഡി.എ. സഖ്യത്തിൽ 17 സീറ്റുകളിൽ ബി.ജെ.പി.യും 16-ൽ ജെ.ഡി.യു.വും അഞ്ചിൽ ചിരാഗ് പസ്വാന്റെ എൽ.ജെ.പി.യും ഓരോ സീറ്റുകളിൽ ഉപേന്ദ്ര കുശ്‌വാഹയും ജിതൻ റാം മാഞ്ചിയും മത്സരിക്കും. എന്നാൽ, ഇന്ത്യസഖ്യത്തിന്റെ കാര്യത്തിൽ ഇനിയും വ്യക്തതവന്നിട്ടില്ല. ബിഹാറിൽ ഇന്ത്യസഖ്യത്തെ നയിക്കുന്ന ആർ.ജെ.ഡി. 30 സീറ്റുകളിൽ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള പത്തുസീറ്റുകളിൽ ഏഴെണ്ണം കോൺഗ്രസിനും മൂന്നെണ്ണം ഇടതുപാർട്ടികൾക്കും നൽകാനാണ് തേജസ്വി യാദവിന്റെ തീരുമാനം. എന്നാൽ, 15 സീറ്റുവേണമെന്ന് കോൺഗ്രസും നിതീഷ് വിട്ടുപോയതിനാൽ ആറുസീറ്റുവരെ വേണമെന്ന് സി.പി.ഐ. (എം.എൽ.)-ഉം അവകാശപ്പെടുന്നുണ്ട്.
കക്ഷിനില 2019
എൻ.ഡി.എ. 39
ബി.ജെ.പി. 17 (23.6%)
ജെ.ഡി.യു. 16 (21.8%)
എൽ.ജെ.പി. 6 (7.9%)
കോൺഗ്രസ് 1 (7.7%)
Content Highlights: lok sabha election 2024 bihar politics