അപ്പോള്‍ ഘോഷ് പറഞ്ഞു, 'ആരുടെയും അച്ഛന്റെ വകയല്ല ആ കാശ്'- ബംഗാളില്‍ BJP-യെ വെട്ടിലാക്കുന്ന നേതാവ്

വിവേചനരഹിതമായി നിറയൊഴിക്കുന്ന ഒരു തോക്കാണ് ദിലീപ് ഘോഷിന്റെ നാക്ക്. അതിൽനിന്ന് പുറപ്പെടുന്ന അമ്‌ളരസമുള്ള വെടിയുണ്ടകൾ ഏൽക്കാത്തവരായി ആരുമില്ല എതിർകക്ഷികളിൽ. പക്ഷേ, ഈ മുൻ സംസ്ഥാന ബി.ജെ.പി. അധ്യക്ഷന് ഒരു കുഴപ്പമുണ്ട്. ഇടയ്ക്ക് തോക്ക് തിരിച്ചുപിടിച്ച് വെടിവെക്കും. അപ്പോൾ കൊള്ളുന്നതും പൊള്ളുന്നതും സ്വന്തം പാർട്ടിക്കാർക്കു തന്നെ. ഫലത്തിൽ, പൊന്നുകായ്ച്ച മരം പുരയ്ക്ക് ചാഞ്ഞു, എന്നാൽ വെട്ടാനുമാവില്ല എന്ന അവസ്ഥയിലാണ് സഹപ്രവർത്തകർ.
പ്രചാരണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസനയും പാർട്ടിയുടെ കാരണംകാണിക്കൽ നോട്ടീസും ഘോഷ് ഏറ്റുവാങ്ങിക്കഴിഞ്ഞു. പക്ഷേ, അമ്മാവന്മാർ വെറുതേ തല്ലാമെന്നേയുള്ളൂ. ഘോഷിന് നന്നാവാൻ ഉദ്ദേശ്യമില്ല. വികടസരസ്വതി വിട്ടൊരു കളിയുമില്ല. ശാസന കിട്ടിയതിന്റെ പിറ്റേന്നാണ് ജൽപായ്ഗുഡിയിൽ നാശനഷ്ടം വിതച്ച കൊടുങ്കാറ്റിനെ ബി.ജെ.പി.യെന്ന രാഷ്ട്രീയക്കൊടുങ്കാറ്റായി വിശേഷിപ്പിച്ചത്. തനിക്കെതിരേ തൃണമൂലുകാർ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ പോയതറിഞ്ഞപ്പോൾ ഘോഷ് ചോദിച്ചത് എന്തിനാണ് 'മേഷോ'യെ (പേരപ്പൻ) കാണാൻപോകുന്നത്, ചുണയുണ്ടെങ്കിൽ ജനങ്ങളോട് തന്നെപ്പറ്റി ആക്ഷേപം പറയട്ടെ എന്നാണ്. അടുത്തിടെ ഒരു ടി.വി. ചർച്ചയ്ക്കിടെ തൃണമൂലിന്റെ കുനാൽ ഘോഷ് ഒരു ചോദ്യം ദിലീപ് ഘോഷിനോട് ചോദിച്ചു. മമത സർക്കാരിന്റെ ആനുകൂല്യങ്ങളൊക്കെ താങ്കളുടെ കുടുംബം വാങ്ങുന്നുണ്ടെന്ന് കേട്ടത് ശരിയോ എന്നായിരുന്നു ചോദ്യം. മറുപടിക്ക് ഒട്ടും താമസിച്ചില്ല. ''അതെ, വാങ്ങുന്നുണ്ട്. ആരുടെയും അച്ഛന്റെ വകയല്ല ആ കാശ്.''
മുഖ്യമന്ത്രി മമതാ ബാനർജിക്കു നേരേ നടത്തിയ കടുത്തപ്രയോഗമാണ് ഘോഷിന് ഇപ്പോൾ വിനയായത്. സ്ത്രീകൾ എല്ലാമേഖലയിലും ഉയർന്നുവരുന്ന കാലത്ത് ഇത്തരം സ്ത്രീവിരുദ്ധ പരാമർശം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന നിശിതവിമർശനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഘോഷിനു നേരേ നടത്തിയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും ഘോഷ് ഇതേപോലെ മൂലയ്ക്കിരുന്ന മഴുവെടുത്ത് കാലിൽ ഇട്ടിരുന്നു. ഭഗവാൻ രാമന് കൃത്യമായ വംശാവലി ഉണ്ടെന്നും ദുർഗാദേവിക്ക് അങ്ങനെ ചൂണ്ടിക്കാണിക്കാൻ ഒരു വംശാവലി ഇല്ലെന്നും തട്ടിവിട്ടു. ദുർഗാപൂജ ഏറ്റവും വലിയ ഉത്സവമായ ബംഗാളിൽ ഈ പരാമർശം എന്തു പ്രതികരണമാണ് ഉണ്ടാക്കുകയെന്ന് ആലോചിക്കാൻ പോലും ബംഗാളിയായ ഘോഷ് മിനക്കെട്ടില്ല. കാലിന് ഏറ്റ പരിക്ക് നാട്ടുകാരെ കാണിക്കാൻ മമതാ ബാനർജി ബെർമുഡയിട്ട് പ്രചാരണത്തിനിറങ്ങിയാൽ നന്നായിരിക്കും എന്നൊരു നിർദേശവും അദ്ദേഹം ആ സമയത്ത് മുന്നോട്ടുവെച്ചു. പിന്നീട് ബി.ജെ.പി. വിട്ടുപോയ ബാബുൽ സുപ്രിയോ പറഞ്ഞത് പാർട്ടിക്ക് ഉദ്ദേശിച്ച വിജയം കിട്ടാത്തതിന് ഘോഷിന്റെ സംസാരശൈലി കാരണമായെന്നാണ്. ഇന്ത്യൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും ഗോമൂത്രം കോവിഡിനെ ചെറുക്കുമെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ മാധ്യമങ്ങൾ ആഘോഷമാക്കി.
പുലർച്ചെ എഴുന്നേറ്റു നടക്കാനിറങ്ങുന്ന സ്വഭാവമുണ്ട് ഘോഷിന്. മൊഴിമുത്തുകൾ പലതും ഉതിർന്നുവീഴുന്നത് ഈ പ്രഭാതനടത്തത്തിലാണ്. ഒപ്പം കൂടുന്ന മാധ്യമപ്രവർത്തകരെ ഒട്ടും നിരാശരാക്കില്ല അദ്ദേഹം. ഘോഷിന്റെ ഈ (ദുർ)നടത്തം ബി.ജെ.പി. മേധാവികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണിപ്പോൾ. സ്വന്തം പാർട്ടിക്കാരെ തോൽപ്പിച്ചുകൊള്ളാമെന്ന് ആരോടോ വാതുവെച്ചിറങ്ങിയതുപോലെയാണ് ഓരോ നടത്തത്തിലെയും സംസാരം. എന്നാൽ, തന്റെ വാക്കുകളെപ്പറ്റി ജനങ്ങൾക്ക് ഒരു പരാതിയുമില്ലെന്നും സ്ത്രീകളടക്കമുള്ളവർ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ഘോഷിന്റെ വാദം.
ഇക്കഴിഞ്ഞ ദിവസം ഘോഷ് മാധ്യമപ്രവർത്തകരോടായി ഒരു ചോദ്യം ഉന്നയിച്ചു: ''തൃണമൂലിനെ ചെറുത്തവർ എന്നെപ്പോലെ വേറെ ആരുണ്ട്?'' ഉത്തരവും ഘോഷ് തന്നെ നൽകി. ''ആരുമില്ല. എന്റെ പോരാട്ടം കണ്ട് പിന്നെ ഒപ്പം കൂടിയവരാണെല്ലാം.'' ആത്മപ്രശംസയാണെങ്കിലും പറഞ്ഞതിൽ വാസ്തവമുണ്ട്. മുൻ ആർ.എസ്.എസ്. പ്രചാരകനായിരുന്ന ഘോഷ് 2015-ൽ സംസ്ഥാന അധ്യക്ഷനായി വന്നശേഷമാണ് ബി.ജെ.പി. പശ്ചിമബംഗാളിൽ വ്യാപകമായി വേരുറപ്പിച്ചത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും 17 ശതമാനം വോട്ടും ഉണ്ടായിരുന്ന ബി.ജെ.പി. 2019-ൽ 18 സീറ്റും 40 ശതമാനം വോട്ടും എന്ന നിലയിലേക്ക് കുതിച്ചുകയറി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നുസീറ്റ് മാത്രമായിരുന്നത് 2021-ലെ തിരഞ്ഞെടുപ്പിൽ 77 ആയി ഉയർന്നു. സ്വാഭാവികമായും ഘോഷിന്റെ കരിയർ ഗ്രാഫും ഉയരേണ്ടതായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. പ്രവൃത്തിയിലെ മികവ് സംസാരംകൊണ്ട് ഇല്ലാതാക്കുന്ന സ്വഭാവംതന്നെ കാരണം.
പോളിടെക്‌നിക്കിൽ പഠിച്ചിറങ്ങിയ ഘോഷിന് പാർട്ടിയന്ത്രം നന്നായി പ്രവർത്തിപ്പിക്കാൻ അറിയാം. പക്ഷേ, ബഹുജന സ്വീകാര്യതയുള്ള ഒരു നേതാവായി പശ്ചിമബംഗാളിൽ ഉയരണമെങ്കിൽ സംഘാടനമികവ് മാത്രം പോരാ, ജനങ്ങളെ കൈയിലെടുക്കാൻപോന്ന പ്രതിച്ഛായയും വേണം. പൊതുവേദിയിലെ സംസാരത്തിൽ ആണുങ്ങളുടെ പേരിനൊപ്പം 'ബാബു' എന്നും സ്ത്രീകളുടെ പേരിനൊപ്പം 'ദേവി' എന്നും ചേർത്ത് അഭിസംബോധന ചെയ്യുന്ന ബംഗാളി 'ഭദ്രലോക്' സമൂഹത്തിൽ മാന്യമല്ലാത്ത സംസാരം തിരിച്ചടിയുണ്ടാക്കും. ഇത് മനസ്സിലാക്കിയ കേന്ദ്രനേതൃത്വം 2021-ൽ ഘോഷിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് 'നൈസായി' ഒഴിവാക്കി. ആർ.എസ്. എസിൽനിന്നുതന്നെ വന്ന ഡോ. സുകാന്ത മജുംദാറിന് ആ സ്ഥാനം നൽകി. 2020-ൽ മാത്രം തൃണമൂൽ വിട്ടുവന്ന ശുഭേന്ദു അധികാരിയെ പാർട്ടിയുടെ ജനകീയമുഖവുമാക്കി. ദേശീയ ഉപാധ്യക്ഷൻ എന്ന പദവി നൽകിയെങ്കിലും ഫലത്തിൽ ഘോഷിനെ ഒതുക്കലായി അത്.
കുറെനാളായി സംസ്ഥാന നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നും ഘോഷിനെ കാണാറില്ല. പാർട്ടി ഇളക്കിമറിച്ച സന്ദേശ്ഖലിയുടെ ഭാഗത്തേക്കേ പോയില്ല. തന്റെ നിലവിലെ മണ്ഡലമായ മേദിനിപ്പുരിൽ മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പക്ഷേ, അവസാന നിമിഷം ആ കണക്കുകൂട്ടലും പാർട്ടിനേതൃത്വം അട്ടിമറിച്ചു. ശുഭേന്ദു-സുകാന്ത ക്യാമ്പുകളുടെ സമ്മർദത്തിൽ പുത്തൻകൂട്ടുകാരിയായ അഗ്‌നിമിത്രാപാലിനായി മേദിനിപ്പുർ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. പകരം ബർധമാൻ-ദുർഗാപ്പുർ മണ്ഡലത്തിലേക്ക് മാറാൻ ഘോഷ് നിർബന്ധിതനായി. മണ്ഡലം മാറിയെങ്കിലും ഘോഷ് ഒട്ടും മാറിയിട്ടില്ല.
Content Highlights: west bengal bjp former chief dilip ghosh and his controversial remarks