എതിരാളിക്കു നേരെ എറിയാനല്ലെങ്കില്‍ പിന്നെന്തിന് ബോംബ് നിര്‍മാണം?; സ്വയം തീര്‍ക്കുന്ന രക്തസാക്ഷിത്വം

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി.
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്ന വീടിന് സമീപം പരിശോധനയ്ക്കെത്തിയ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി.

ശത്രുവിന്റെ നെഞ്ചിലേക്കെറിയാൻ വെറുപ്പിന്റെ വെടിമരുന്ന് കുത്തിനിറയ്ക്കുന്നതിനിടയിൽ പൊട്ടിച്ചിതറിയ കുറെപ്പേരുണ്ട്, കണ്ണൂരിൽ. ജീവൻ പൊലിഞ്ഞവർ മാത്രമല്ല, കൈയും കണ്ണും നഷ്ടമായവർ, കുടുംബത്തിന് അത്താണിയില്ലാതായവർ, അങ്ങനെ ഈ സംഭവങ്ങൾക്ക് ഉപകഥകൾ പലതുണ്ട്. ബോംബു നിർമാണത്തിന് പിന്തുണനൽകുന്നത് രാഷ്ട്രീയപ്പാർട്ടികളാണ്. പക്ഷേ, പൊട്ടിത്തെറിച്ച് ആളറിഞ്ഞാൽ തള്ളിപ്പറഞ്ഞും അന്വേഷണം ആവശ്യപ്പെട്ടും 'രക്ഷകരായ' ഇതേ നേതാക്കൾ കൈകഴുകും. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പാനൂർ കുന്നോത്തുപറമ്പിലുണ്ടായത്. സ്വയം രക്തസാക്ഷിത്വം സൃഷ്ടിക്കുന്ന ഈ രീതി ഇനി എപ്പോഴാണ് രാഷ്ട്രീയക്കാർ മതിയാക്കുക എന്നാണ് അറിയേണ്ടത്.

വെള്ളിയാഴ്ച പുലർച്ചെ കുന്നോത്തുപറമ്പിൽ ബോംബ് നിർമിക്കുമ്പോഴാണ് പൊട്ടിയത്. സ്‌ഫോടനത്തിൽ സി.പി.എം. പ്രവർത്തകൻ ഷരിൽ (31) മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. നാലു സി.പി.എം. പ്രവർത്തകർ പോലീസ് കസ്റ്റഡിയിലാണ്. ഒരിടവേളയ്ക്കുശേഷം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സ്‌ഫോടനമുണ്ടായത് നാട്ടുകാരുടെ സമാധാനമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. 

ഒമ്പതുവർഷംമുമ്പ്, ഇതേസ്ഥലത്തിന് അഞ്ചുകിലോമീറ്റർ അകലെയുള്ള ഈസ്റ്റ് ചെറ്റക്കണ്ടി എന്ന സ്ഥലത്ത് സമാനരീതിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. അന്ന് രണ്ടുപേരാണ് മരിച്ചത്. ഷൈജു(32)വും, സുബീഷും (29). രണ്ടുപേരും സി.പി.എം. പ്രവർത്തകർ. സി.പി.എം. അന്നും ഈ സംഭവത്തെ തള്ളിപ്പറഞ്ഞിരുന്നു. അവർ അക്രമിക്കപ്പെട്ടതാകാമെന്ന് എതിരാളികൾക്കുനേരേ വിരൽചൂണ്ടിയിരുന്നു. നിർമാണത്തിനിടെയാണ് ബോംബ് പൊട്ടിയതെന്ന് അന്നും പോലീസ് സ്ഥിരീകരിച്ചു. അന്ന് കൈനഷ്ടപ്പെട്ടയാൾക്ക് സി.പി.എം. പിന്നെ ജോലിനൽകി.

വർഷങ്ങൾക്കുമുമ്പ് 125 ബോംബ് ഒന്നിച്ചുപിടിച്ച സ്ഥലമാണ് പാനൂർ. വടക്കെപ്പൊയിലൂരിലെ മൈലാടിക്കുന്നിൽനിന്നാണ് ബോംബ് പിടികൂടിയത്. പക്ഷേ, ബോംബിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. പിടിക്കുമ്പോഴുള്ള ആവേശം പലപ്പോഴും പിന്നിട് കാണില്ല. എല്ലാ അന്വേഷണവും സ്‌ഫോടനത്തിലെ പരിക്ക് പാർട്ടിക്കാർക്ക് പറ്റാതിരിക്കാനുള്ള കരുതലോടെയാണ് നടക്കാറുള്ളത്. നേതാക്കൾ എപ്പോഴും സുരക്ഷിതരായിരിക്കും. ചാവേറുകളാകാനെത്തുന്നവർ സ്വയം രക്തസാക്ഷികളായി ജീവിതം തീർക്കും.

ഇത്തവണയും സി.പി.എം.

കുന്നോത്തുപറമ്പിൽ ഒരു ജീവൻ പൊട്ടിച്ചിതറിയപ്പോൾ ചോദ്യം ഇത്തവണയും സി.പി.എമ്മിനുനേരേയാണ്. പാർട്ടി നേതാക്കളുമായി ഒന്നിച്ചുനിന്ന് ഫോട്ടോ എടുത്തവരാണ് പൊട്ടിത്തെറിയിൽ ഇരകളായത്. കഴിഞ്ഞകാലങ്ങളിലെന്നപോലെ ബോംബ് നിർമിച്ച പ്രവർത്തകരെ തള്ളിപ്പറഞ്ഞുകൊണ്ട് നേതൃത്വം രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് പരിക്കുപറ്റിയവർ നേരത്തേ പ്രദേശത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയവരാണ്. സി.പി.എം. പ്രവർത്തകരെ അക്രമിച്ചവരാണ്. അരാഷ്ട്രീയസംഘത്തിൽപ്പെട്ടവരാണ്. ഇവർ പാർട്ടി അംഗങ്ങളല്ല. നാടിന് യോജിക്കാൻകഴിയാത്ത പ്രവർത്തനം നടത്തിയതിന് അകറ്റിനിർത്തിയവരാണ്... ഇങ്ങനെ പോകുന്നു സി.പി.എം. നേതാക്കളുടെ വാർത്താക്കുറിപ്പിലെ വരികൾ.

ചോദ്യങ്ങൾ ബാക്കി

എതിരാളികളുടെ ചങ്കുനോക്കി എറിയാനല്ലാതെ പിന്നെ എന്തിനാണ് ബോംബുണ്ടാക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. യു.ഡി.എഫ്. നേതാക്കൾ അത് സി.പി.എമ്മിനുനേരേ ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുഘട്ടത്തിൽ ഇത് യു.ഡി.എഫിന് ലഭിച്ച ആയുധവുമാണ്.  നേതൃത്വം ഇവരെ തള്ളിപ്പറയുമ്പോഴും ആരുടെ തണലിലാണ് ഇവർ വളരുന്നതെന്ന ചോദ്യം ഉയർന്നുതന്നെ നിൽക്കുന്നുണ്ട്. ഒരുകാലത്ത് പാർട്ടിക്ക് വെട്ടിനും കുത്തിനും പോകുന്നവർ പിന്നിട് ക്വട്ടേഷൻ സംഘമാകുന്ന അവസ്ഥയാണ് പാനൂരും തലശ്ശേരിയിലുമുള്ളത്. ഇപ്പോൾ തള്ളിപ്പറയുമെങ്കിലും ഭാവിയിൽ ഇവർക്ക് സ്മാരകങ്ങളുയരും, രക്തസാക്ഷിദിനാചരണവും നടക്കും. ഇതൊക്കെ ഇവിടെ കണ്ടുവരുന്ന കാഴ്ചകളാണ്.

ഉത്സവാഘോഷങ്ങളിൽ സമാധാനത്തോടെ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരെല്ലാം ഭയമില്ലാതെ  പങ്കെടുക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. കുറച്ചുനാൾമുമ്പ് ഒരു രാഷ്ട്രീയപ്പാർട്ടിയുടെ കേന്ദ്രത്തിൽ മറ്റു രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ പോകാൻ മടിച്ചിരുന്നു. ഉത്സവത്തിന് ഐസ്‌ക്രീം വിൽപ്പനനടത്താനും ചന്തനടത്താനും പോയവരെവരെ നിറംനോക്കി കൈകാര്യംചെയ്ത കാലമുണ്ടായിരുന്നു. അതിൽനിന്നൊക്കെ മാറ്റംവരുന്നതിനിടയിലാണ് പുതിയ ബോംബു പൊട്ടിയത്. ഇനിയും ഈ മനോഭാവം മാറ്റിയില്ലെങ്കിൽ മരണത്തിന്റെ വിൽപ്പനക്കാരും ജീവന്റെ ഒറ്റുകാരുമായിട്ടായിരിക്കും, ഇത്തരം ദുഷ്ടകർമത്തിനെ സഹായിക്കുന്ന രാഷ്ട്രീയപ്പാർട്ടികളെയും നേതാക്കളെയും  കാലം അടയാളപ്പെടുത്തുക. രക്തസാക്ഷികൾ അമരന്മാരാണ്, ബോംബു നിർമിക്കാനിറങ്ങി സ്വയം ഒടുങ്ങുന്ന ചാവേറുകളല്ല.  

Content Highlights: lok sabha election 2024